Kollam Local

തദ്ദേശസ്ഥാപനങ്ങള്‍ ലേബര്‍ബാങ്കുകള്‍ രൂപീകരിക്കണം: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ



കൊല്ലം: മനുഷ്യവിഭവശേഷി പരമാവധി പ്രയോജനപ്പെടുത്താന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് ലേബര്‍ ബാങ്കുകള്‍ രൂപീകരിക്കണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന ജില്ലാ പദ്ധതി രൂപീകരണത്തിനുള്ള ആലോചനാ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  താഴേത്തട്ടിലേക്ക് സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ലേബര്‍ ബാങ്കുകള്‍ അനിവാര്യമാണ്. സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള സാധ്യത ഏറിവരികയാണ്. ഇക്കൊല്ലം ജില്ലയ്ക്ക് പ്ലാന്‍ ഫണ്ടില്‍ നിന്ന് 550 കോടി രൂപയും മെയിന്റനന്‍സ് ഫണ്ടായി 230 കോടി രൂപയുമാണനുവദിച്ചിട്ടുള്ളത്. ഈ തുകയുടെ വിനിയോഗം സുവ്യക്തമായ പദ്ധതികളുടെ അടിസ്ഥാനത്തിലാകണം. ഇതിനായി നിലവില്‍ രൂപീകരിച്ചിട്ടുള്ള പദ്ധതി നടത്തിപ്പിനായുള്ള ഉപസമിതികളുടെ അംഗസംഖ്യ ആവശ്യമെങ്കില്‍ വിപുലീകരിക്കാം. ലൈഫ്, ഹരിതകേരളം, പൊതുവിദ്യാഭ്യാസ യജ്ഞം, ആര്‍ദ്രം എന്നീ പദ്ധതികളെല്ലാം കൃത്യമായ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിലാണ് നടപ്പിലാക്കേണ്ടത്. ഓരോ മേഖലയിലും പ്രാമുഖ്യം നല്‍കുന്നതിനൊപ്പം പദ്ധതി നിര്‍വ്വഹണത്തില്‍ പിന്നിലുള്ള മേഖലകളെ മെച്ചപ്പെടുത്താന്‍ പ്രത്യേക ശ്രദ്ധവേണം. കൊല്ലത്തെ സംബന്ധിച്ച് ഇങ്ങനെയൊരു പരിഗണന കായിക മേഖലയ്ക്ക് ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിവിധ മേഖലകളില്‍ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ശാസ്ത്രീയമായ സമീപനം ആവശ്യമാണെന്നും അതിനായി അതത് മേഖലകളിലെ വിദഗ്ധരുടെ സേവനം സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ട് ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മയുടെ അധ്യക്ഷയായി.  യോഗത്തില്‍ കെ സോമപ്രസാദ് എംപി,  എംഎല്‍എമാരായ പി അയിഷാപോറ്റി, ജി എസ് ജയലാല്‍, എന്‍ വിജയന്‍പിള്ള, ജില്ലാ കലക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍, ആസൂത്രണസമിതി സര്‍ക്കാര്‍ നോമിനി എം വിശ്വനാഥന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ ആര്‍ മണിലാല്‍, എസ് ജമാല്‍, പ്രേംലാല്‍,  19 ഉപസമിതികളുടേയും ചെയര്‍മാന്‍മാര്‍, ക്ഷണിക്കപ്പെട്ട ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it