തണ്ടൊടിഞ്ഞ് താമര

സിദ്ദീഖ്  കാപ്പന്‍
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ശ്രദ്ധേയമായ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി. തുടര്‍ച്ചയായി അഞ്ചു തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജയിച്ചുകയറിയ ഗോരഖ്പൂരും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്‍പൂരും ബിഎസ്പി പിന്തുണയോടെ സമാജ്‌വാദി പാര്‍ട്ടി (എസ്പി) പിടിച്ചടക്കി.
ഗോരഖ്പൂരില്‍ ബിജെപിയുടെ ഉപേന്ദ്രദത്ത് ശുക്ലയെ എസ്പി സ്ഥാനാര്‍ഥി പ്രവീണ്‍ കുമാര്‍ നിഷാദ് 21,961 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഫുല്‍പൂരില്‍ എസ്പിയുടെ നാഗേന്ദ്ര പ്രതാപ് സിങ് പട്ടേല്‍ 59,460 വോട്ടുകള്‍ക്കാണ് ബിജെപിയെ മലര്‍ത്തിയടിച്ചത്. ബിജെപിയിലെ കൗശലേന്ദ്ര സിങ് പട്ടേലായിരുന്നു ഇവിടെ എതിര്‍സ്ഥാനാര്‍ഥി. ഗോരഖ്പൂരിലെ എംപിയായിരുന്ന യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനെ തുടര്‍ന്നും ഫുല്‍പൂരില്‍ നിന്നുള്ള എംപിയായിരുന്ന കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രിയായതിനെ തുടര്‍ന്നുമാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
ഫുല്‍പൂരില്‍ എസ്പിക്ക് 3,18,942 വോട്ടും ബിജെപിക്ക് 2,67,776 വോട്ടും ലഭിച്ചു. 2014ലെ തിരഞ്ഞെടുപ്പില്‍ കേശവ് പ്രസാദ് മൗര്യക്ക് ഇവിടെ അഞ്ചുലക്ഷത്തിലേറെ വോട്ട് ലഭിച്ചിരുന്നു. രണ്ടാംസ്ഥാനത്തെത്തിയ എസ്പിക്ക് 1,95,256ഉം ബിഎസ്പിക്ക് 1,63,710ഉം വോട്ടുകളുമായിരുന്നു. ഗോരഖ്പൂരില്‍ എസ്പിക്ക് 3,34,463 വോട്ട് ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിക്ക് 3,08,593 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. ഇവിടെ തനിച്ചു മല്‍സരിച്ച കോണ്‍ഗ്രസ്സിന് 13,181 വോട്ട് മാത്രമേ നേടാനായുള്ളൂ. 2014ല്‍ മൂന്നുലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് യോഗി ആദിത്യനാഥ് ഇവിടെ നിന്ന് വിജയിച്ചിരുന്നത്. അന്നു ബിജെപിക്ക് 5,39,127ഉം എസ്പിക്ക് 2,26,344ഉം ബിഎസ്പിക്ക് 1,76,412ഉം കോണ്‍ഗ്രസ്സിന് 45,719 വോട്ടുമാണ് ലഭിച്ചിരുന്നത്. രണ്ടരലക്ഷത്തോളം ബിജെപി വോട്ടുകളാണ് ഒറ്റയടിക്കു ചോര്‍ന്നത്. വോട്ട് ചെയ്തതിന്റെ പ്രിന്റ് ലഭ്യമാക്കുന്ന വിവിപാറ്റ് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇക്കുറി തിരഞ്ഞെടുപ്പ് നടന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് സ്വന്തം കോട്ടകളില്‍ ബിജെപിക്ക് തിരിച്ചടി കിട്ടിയത്. രണ്ടു മണ്ഡലങ്ങളിലും തനിച്ചു സ്ഥാനാര്‍ഥികളെ നിര്‍ത്തിയ കോണ്‍ഗ്രസ്സിന് കെട്ടിവച്ച പണം നഷ്ടമായി.
അതേസമയം, ബിഹാറിലെ അറാറിയ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപി-ജെഡിയു സഖ്യത്തിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. ഇവിടെ ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയിലെ സര്‍ഫറാസ് ആലം 61,988 വോട്ടിന് വിജയിച്ചു. ആര്‍ജെഡിയുടെ മുഹമ്മദ് തസ്ലിമുദ്ദീന്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബിഹാറില്‍ ഉപതിരഞ്ഞെടുപ്പു നടന്ന രണ്ടു നിയമസഭാ മണ്ഡലങ്ങളില്‍ ഒന്ന് ആര്‍ജെഡിയും മറ്റേത് ബിജെപിയും നിലനിര്‍ത്തി. ഭാബുവ മണ്ഡലത്തില്‍ ബിജെപിയിലെ റിങ്കി റാണെ പാണ്ഡെയും ജെഹാനാബാദ് മണ്ഡലത്തില്‍ ആര്‍ജെഡിയിലെ കുമാര്‍ കൃഷ്ണ മോഹന്‍ യാദവും വിജയിച്ചു.
Next Story

RELATED STORIES

Share it