തണുപ്പ് കുറഞ്ഞ് ഊട്ടി; ചൂട് 25 ഡിഗ്രിയിലെത്തി

ഊട്ടി: കടുത്ത വേനലില്‍ അ ല്‍പമൊന്ന് ആശ്വാസം തേടി ഊട്ടിയിലേക്ക് പോവുന്നവര്‍ ഇനി വിയര്‍ക്കേണ്ടി വരും. കടുത്ത വേനലിലും സുഖകരമായ കാലാവസ്ഥയുണ്ടായിരുന്ന ഊട്ടിയിലിപ്പോള്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
കാലാവസ്ഥാ വ്യതിയാനം ഊട്ടിയിലെ തണുപ്പിനെയും ബാധിച്ചു. ഊട്ടിയിലെ ഉയര്‍ന്ന ചൂട് ദിവസങ്ങളായി 25 ഡിഗ്രിയില്‍ തുടരുകയാണ്. ഊട്ടിയിലേതുപോലെയുള്ള കാലാവസ്ഥ അനുഭവപ്പെട്ടിരുന്ന കോത്തഗിരിയില്‍ ചൂട് 26 ഡിഗ്രിയിലെത്തി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഏറ്റവും ചൂട് കൂടിയ കാലാവസ്ഥയാണ് ഊട്ടിയിലുള്ളത്.
സാധാരണയായി ഊട്ടിയിലെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും ഫാനും എയര്‍ കണ്ടീഷണറും അപൂര്‍വ വസ്തുവായിരുന്നെങ്കില്‍ ഇപ്പോഴത് മാറിയിട്ടുണ്ട്. പല സ്ഥാപനങ്ങളിലും ഫാന്‍ സ്ഥാപിച്ചു തുടങ്ങി. ഉച്ച സമയങ്ങളിലെ ചൂട് മറികടക്കാന്‍ ഫാന്‍ ഒഴിവാക്കാനാവാത്ത ഘടകമായി മാറി.
ഊട്ടിയില്‍ ഈ വര്‍ഷം വേനല്‍മഴ ലഭിക്കാത്തത് ചൂട് കൂടുന്നതിന് കാരണമായി. സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമായ ഊട്ടി തടാകമുള്‍പ്പടെയുള്ള ജലസ്രോതസ്സുകളിലെ ജലനിരപ്പ് കുറഞ്ഞു വരുകയാണ്. വേനല്‍മഴ ലഭിക്കാത്തത് കാര്‍ഷിക മേഖലയേയും ബാധിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം ചിലയിടങ്ങളില്‍ തേയില, പച്ചക്കറി ചെടികള്‍ കരിഞ്ഞു തുടങ്ങിയിട്ടുണ്ട്.
Next Story

RELATED STORIES

Share it