Gulf

തണുപ്പിനെ നേരിടാനുള്ള വസ്ത്രങ്ങള്‍ക്ക് ഡിമാന്റ് കൂടി

ദോഹ: ഖത്തറില്‍ അടുത്ത ഏതാനും ദിവസങ്ങളില്‍ ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപോര്‍ട്ടിനെത്തുടര്‍ന്ന് തങ്ങളുടെ വ്യാപാരം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ വ്യാപാരികള്‍. തണുപ്പ് കാലം ആരംഭിച്ചിട്ടും കലാവസ്ഥയില്‍ വലിയ മാറ്റമില്ലാതെ തുടരുകയായിരുന്നു. പകല്‍ സമയങ്ങളില്‍ ചൂട് അനുഭവപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ തണുപ്പ് കനക്കുമെന്ന റിപോര്‍ട്ടാണ് തണുപ്പ് വസ്ത്രങ്ങള്‍ വില്‍ക്കുന്ന വ്യാപാരികള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.
തണുപ്പ് കാലം തുടങ്ങിയിട്ടും ആവശ്യത്തിന് കമ്പിളിവസ്ത്രങ്ങള്‍ രാജ്യത്ത് എത്തുന്നില്ലെന്നും ഇത് വ്യാപാരത്തെ ബാധിക്കുന്നതായും നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. കമ്പിളി വസ്ത്രങ്ങള്‍ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ കാലതാമസമാണ് ഇതിന് പ്രധാന കാരണം. പഴയ സ്റ്റോക്കുകള്‍ വച്ചാണ് ചെറുകിട ഇടത്തരം വ്യാപാരികള്‍ കച്ചവടം നടത്തുന്നതെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍, നിലവില്‍ അത്തരം പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും കമ്പിളി സാധനങ്ങള്‍ പരമാവധി വിപണിയില്‍ എത്തിയിട്ടുണ്ടെന്നും വ്യാപാരികള്‍ പറയുന്നു.
ശീതകാലം ആരംഭിച്ചതിന് ശേഷം രണ്ടു മൂന്ന് ദിവസം നല്ല തണുപ്പ് അനുഭവപ്പെട്ടെങ്കിലും പിന്നീട് ഇത് കുറഞ്ഞത് വ്യാപാരത്തെ ബാധിച്ചിട്ടുണ്ട്. രാത്രി കാലങ്ങളിലും അതിരാവിലെയും മാത്രമാണ് ഇപ്പോള്‍ തണുപ്പ് അനുഭവപ്പെടുന്നത്. പകല്‍ സമയങ്ങളില്‍ ചൂട് കുറഞ്ഞിരിന്നില്ല.
ചെറുകിട ഇടത്തരം ഷോപ്പുകളില്‍ വില്‍ക്കുന്ന ശൈത്യ കാല വസ്ത്രങ്ങളില്‍ അധികവും ചൈനയില്‍ നിന്നാണ് വരുന്നത്.
തൊപ്പികള്‍, സ്വെറ്ററുകള്‍, കൈ ഉറകള്‍, മഫഌ, ജാക്കറ്റ്‌സ് തുടങ്ങിയവയാണ് തണുപ്പ് കാലങ്ങളില്‍ പ്രധാനമായും വിറ്റഴിക്കപ്പെടുന്നത്. തണുപ്പ് ശക്തമാകുമെന്ന പ്രതീക്ഷയില്‍ നിരവധി ഷോപ്പുകള്‍ തങ്ങളുടെ സ്റ്റോക്ക് വര്‍ധിപ്പിക്കുകയും പുതിയ മോഡല്‍ ഐറ്റങ്ങള്‍ ഇറക്കുമതി ചെയ്യുകയും ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it