kasaragod local

തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റിയതോടെ നഗരത്തില്‍ വെന്തുരുകും ചൂട്

കാഞ്ഞങ്ങാട്:ഏതു തീവെയിലിലും പച്ചക്കുട വിരിച്ചു നഗരത്തിനു കുളിരേകിയിരുന്ന മരമുത്തശ്ശിമാര്‍ നാടുനീങ്ങിയതോടെ കൊടുംചൂടില്‍ കാഞ്ഞങ്ങാട് നഗരം വെന്തുരുകുന്നു. പുതിയകോട്ട മുതല്‍ നോര്‍ത്ത് കോട്ടച്ചേരി വരെയുള്ള 60ഓളം കൂറ്റന്‍ തണല്‍മരങ്ങളാണ് രണ്ടുമാസം മുമ്പ് കെഎസ്ടിപി റോഡ് വികസനത്തിന്റെ പേരില്‍ വെട്ടിമാറ്റിയത്. 28 മരങ്ങള്‍ മുറിച്ചുമാറ്റാനായിരുന്നു നേരത്തെ വനംവകുപ്പ് അനുമതി നല്‍കിയിരുന്നത്.
എന്നാല്‍ റോഡ് വികസനത്തിന്റെ പേരില്‍ ധൃതിപിടിച്ച് ഇതിന്റെ ഇരട്ടിയലധികം മരങ്ങള്‍ മുറിച്ചുമാറ്റിയത് അധികൃതരുടെ ഒത്താശയോടെയാണെന്ന് ആരോപണമുണ്ട്.
കെഎസ്ടിപി റോഡ് കാഞ്ഞങ്ങാട് നഗരത്തില്‍ 13 മീറ്റര്‍ വീതിയെന്നാണ് പ്രോജക്ട് റിപോര്‍ട്ടിലുണ്ടായിരുന്നത്. എന്നാല്‍ റോഡില്‍ നിന്നും പരമാവധി അകലം പാലിച്ച് നടപ്പാതയോടും ഓവുചാലിനോടും ചേര്‍ന്നും സ്ഥിതിചെയ്തിരുന്ന നിരവധി മരങ്ങള്‍ക്കും കോടാലി വീണിട്ടുണ്ട്. അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ മരങ്ങള്‍ മുറിച്ചുകടത്തിക്കൊണ്ടുപോയിട്ടും വനംവകുപ്പോ നഗരസഭയോ ഇടാപെടാതിരുന്നതില്‍ ദുരൂഹതയുണ്ട്. രാഷ്ട്രീയപാര്‍ട്ടികളോ പരിസ്ഥിതിസംഘടനകളോ ഇക്കാര്യത്തില്‍ ശബ്ദമുയര്‍ത്തിയിട്ടില്ല.
നഗരത്തിലെ കെഎസ്ടിപി റോഡ് നിര്‍മാണം എങ്ങുമെത്താതെ നിലച്ചിരിക്കുമ്പോള്‍ കൊടുംചൂടില്‍ ഉരുകിത്തീരാനാണ് ജനങ്ങളുടെ വിധി. നഗരത്തിലെത്തുന്ന ബസ് യാത്രക്കാരുടെ കാര്യം ദയനീയമാണ്. വെയിലുകൊള്ളാതെ കയറിനില്‍ക്കാനൊരിടം ഇവര്‍ക്കില്ല. ബസ് ബേയിലെത്തുന്ന നൂറുകണക്കിന് യാത്രക്കാര്‍ക്ക് ആകെയുള്ളത് കഷ്ടിച്ചു പത്തുപേര്‍ക്ക് കയറിനില്‍ക്കാവുന്ന ഒരു ബസ് ഷെല്‍ട്ടര്‍ മാത്രം.
ഇവിടെ പത്തോളം ബസ് ഷെല്‍ട്ടറുകള്‍ നിര്‍മിക്കുമെന്ന് കഴിഞ്ഞ നഗരസഭ ഭരണസമിതി വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ റോഡ് പൂര്‍ത്തിയായശേഷം ഷെല്‍ട്ടര്‍ നിര്‍മിക്കാമെന്നാണ് പുതിയ ഭരണസമിതി പറയുന്നത്. നഗരത്തില്‍ തണലൊഴിഞ്ഞതോടെ വഴിയോരകച്ചവടക്കാരും പെട്ടിക്കടക്കാരും ഓട്ടോതൊഴിലാളികളുമെല്ലാം ദുരിതത്തിലാണ്.
Next Story

RELATED STORIES

Share it