തട്ടിപ്പ്: ജെഡിയു എംപിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

ന്യൂഡല്‍ഹി: പാര്‍ലമെന്റംഗങ്ങള്‍ക്കുള്ള അവധിയാത്രാ ഇളവില്‍ (എല്‍ടിസി) തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന ജനതാദള്‍ (യുനൈറ്റഡ്) എംപി അനില്‍ സഹാനിയെ കുറ്റവിചാരണ ചെയ്യാന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി സിബിഐക്ക് അനുമതി നല്‍കി.
ബിഹാറില്‍ നിന്നുള്ള രാജ്യസഭാംഗമായ അനില്‍ സഹാനിക്കെതിരേ കഴിഞ്ഞവര്‍ഷം സിബിഐ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഹാമിദ് അന്‍സാരിയുടെ നടപടി. ക്രിമിനല്‍ നടപടിക്രമങ്ങളിലെ 197 വകുപ്പു പ്രകാരം സഹാനിയെ പ്രോസികൂട്ട് ചെയ്യാന്‍ ഉപരാഷ്ട്രപതിയുടെ അനുമതി ലഭിച്ചതായി സിബിഐ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
രാജ്യസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് നിലവിലെ ഒരംഗത്തെ പ്രോസികൂട്ട് ചെയ്യാന്‍ ഉപരാഷ്ട്രപതി സിബിഐക്ക് അനുമതി നല്‍കുന്നത്. സഹാനിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷമാണ് സിബിഐ ഉപരാഷ്ട്രപതി ഓഫിസിനെ സമീപിച്ചത്. 2018 ഏപ്രിലാണ് സഹാനിയുടെ രാജ്യസഭാംഗത്വത്തിന്റെ കാലാവധി അവസാനിക്കുക.
യാത്ര ചെയ്യാതെ വ്യാജ ടിക്കറ്റുകളും വ്യാജ ബോര്‍ഡിങ് പാസുകളും കൃത്രിമമായി ഉണ്ടാക്കി 23.7 ലക്ഷം രൂപ സര്‍ക്കാരില്‍ നിന്നു വാങ്ങിയെന്നാണ് ഇദ്ദേഹത്തിനെതിരേ സിബിഐ ആരോപണം. ഡല്‍ഹി ആസ്ഥാനമായ എയര്‍ ക്രൂയിസ് ട്രാവല്‍ പ്രൈവറ്റ് ലിമിറ്റഡ് ജീവനക്കാരന്‍ അനൂപ് സിങ് പന്‍വാര്‍, എയര്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥന്‍ എന്‍ എസ് നായര്‍ തുടങ്ങി നാലുപേരും കേസില്‍ അനില്‍ സഹാനിയുടെ കൂട്ടുപ്രതികളാണ്.
അതേസമയം, ആരോപണം അനില്‍ സഹാനി നിഷേധിച്ചിട്ടുണ്ട്. ദലിത് വിഷയങ്ങള്‍ ഉന്നയിക്കുന്നതിനാല്‍ തന്നെ പലരും ലക്ഷ്യം വയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.ഇതിനെതിരേ നിയമപരമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it