തട്ടിക്കൊണ്ടു വന്ന കുട്ടിയെ നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് പോലിസ് മോചിപ്പിച്ചു

കുന്നംകുളം: തട്ടിക്കൊണ്ടുവന്ന പിഞ്ചു കുട്ടിയെ നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് കുന്നംകുളം പോലിസ് മോചിപ്പിച്ചു. തൃശൂര്‍ പൂത്തോളില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാരിയായ നാലു വയസ്സുകാരി കാജലിനെയാണ് പോലിസ് മോചിപ്പിച്ചത്. ബുധനാഴ്ച വൈകീട്ട് 7 മണിയോടെ കൊല്ലം കുണ്ടറ സ്വദേശി വിജയന്റെ കൂടെയാണ് കുട്ടിയെ കണ്ടെത്തിയത്. നഗരത്തിലെ അരി മാര്‍ക്കറ്റില്‍ മദ്യലഹരിയിലായിരുന്ന വിജയന്റെ കൂടെ കുട്ടിയെ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയും പോലിസില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലിസെത്തി ചോദ്യം ചെയ്തതില്‍ നിന്നാണ് കുട്ടിയെ തട്ടിയെടുത്തതാണെന്ന് ബോധ്യപ്പെട്ടത്. പൂത്തോളില്‍ വസ്ത്രം ഇസ്തിരി ചെയ്ത് ഉപജീവനം നടത്തുന്ന ബസന്ത്-റീന ദമ്പതികള്‍ക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. ഉത്തര്‍പ്രദേശിലുള്ള റീനയുടെ സഹോദരി പൂനത്തിന്റെ മകളാണ് കാജല്‍. തൊട്ടടുത്ത് താമസിക്കുന്ന മിനു എന്ന യുവതിയുടെ വീട്ടില്‍ ഭക്ഷണം ചോദിച്ച് വിജയന്‍ എത്തിയിരുന്നതായി പറയുന്നു. തുടര്‍ന്നാണ് കുട്ടിയെ കാണാതായത്. തൃശൂര്‍ വെസ്റ്റ് എസ്‌ഐ എ പി അനീഷും സംഘവും കുന്നംകുളം സ്റ്റേഷനിലെത്തി കുട്ടിയെയും പ്രതിയെയും കസ്റ്റഡിയിലെടുത്തു. കുട്ടിയെ രക്ഷിതാക്കള്‍ക്ക് കൈമാറി. വിജയനെതിരേ കേസെടുത്തു.
Next Story

RELATED STORIES

Share it