തട്ടിക്കൊണ്ടു പോയി മര്‍ദ്ദനം; റാണയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല

മുംബൈ: പാര്‍ട്ടി പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ മുന്‍ കോണ്‍ഗ്രസ് എംപി നിലേഷ് റാണയ്ക്ക് ബോംബെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. മെയ് 23നു മുമ്പ് പോലിസില്‍ കീഴടങ്ങണമെന്ന് റാണയ്ക്ക് കോടതി നിര്‍ദേശം നല്‍കി.
മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിക്കാന്‍ റാണയ്ക്ക് അനുമതി നല്‍കി. മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി നാരായണ്‍ റാണയുടെ മകനാണ് നിലേഷ് റാണ. കേസില്‍ അന്വേഷണം നടക്കുകയാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നുമുള്ള പോലിസ് വാദം കോടതി അംഗീകരിക്കുകയായിരുന്നു. രത്‌നഗിരി ജില്ലയിലെ ചിപ്‌ലം താലൂക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ സന്ദീപ് സാവന്തിനെ കഴിഞ്ഞ ഏപ്രിലില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നാണ് കേസ്.
റാണയെ കൂടാതെ അദ്ദേഹത്തിന്റെ പേഴ്‌സനല്‍ അസിസ്റ്റന്റ് തുഷാര്‍ പഞ്ചല്‍, അംഗരക്ഷകന്‍ മനീഷ് സിങ് എന്നിവരും കേസില്‍ പ്രതികളാണ്. റാണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. ചിപ്‌ലം താലൂക്കില്‍ റാണ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കാതിരുന്നതിനെത്തുടര്‍ന്നാണു സാവന്തിനെ
തട്ടിക്കൊണ്ടുപോയതെന്നാണ് കേസ്. മുംബൈയിലെ അന്ധേരിയില്‍ തടവിലാക്കപ്പെട്ട സാവന്തിനെ പിന്നീട് വിട്ടയക്കുകയായിരുന്നു.
അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ റാലിയില്‍ പങ്കെടുക്കാനാവില്ലെന്നു സാവന്ത്, റാണയെ അറിയിച്ചിരുന്നു. സാവന്തിന്റെ പരാതിയിലാണ് പോലിസ് കേസെടുത്തത്. കേസ് പിന്‍വലിക്കണമെന്ന് നാരായണ്‍ റാണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സാവന്ത് വഴങ്ങുകയുണ്ടായില്ല
Next Story

RELATED STORIES

Share it