തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയെന്ന കേസ്: സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറിയെ ഒന്നാംപ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസയ്‌നെ ഒന്നാംപ്രതിയാക്കി അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു.
കൊച്ചിയിലെ ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ നിയോഗിച്ച സിറ്റി ടാസ്‌ക് ഫോഴ്‌സിന്റെ ആദ്യ കേസാണിത്.
അന്വേഷണ ഉദ്യോഗസ്ഥനായ കൊച്ചി സിറ്റി ഡിസിആര്‍ബി അസി. കമ്മീഷണര്‍ ടി ആര്‍ രാജേഷാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇടപ്പള്ളി വെണ്ണല സ്വദേശി ജൂബി പൗലോസിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നാണു കേസ്. കച്ചവട തര്‍ക്കത്തില്‍ ഇടപെട്ടാണു സക്കീറും ക്രിമിനല്‍സംഘവും ജൂബിയെ ഭീഷണിപ്പെടുത്തിയതെന്നു കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ നാലാം പ്രതിയായ ഷീല തോമസിനു വേണ്ടിയാണു സക്കീര്‍ ഇടപെട്ടതെന്നാണ് ആരോപണം. ഷീലയുടെ ഉടമസ്ഥതയിലുള്ള അക്‌സാഹ് ഓര്‍ഗാനിക്‌സ് എന്ന സ്ഥാപനത്തിനു പാല്‍ നല്‍കിയിരുന്നതു ജൂബിയുടെ ഫാമില്‍ നിന്നാണ്. ഇവരുടെ ഉല്‍പന്നങ്ങള്‍ ലിന്റിറ്റ് എന്ന സ്ഥാപനത്തിലൂടെ ജൂബി വിതരണം ചെയ്തിരുന്നു.
ഷീലയുടെ സ്ഥാപനം അരക്കോടിയോളം രൂപ നഷ്ടം നേരിട്ട ഘട്ടത്തിലാണു മൂന്നു വര്‍ഷത്തെ കരാറില്‍ ജൂബി പങ്കാളിയായത്. കച്ചവടം ലാഭത്തിലായപ്പോള്‍ കരാറില്‍ നിന്ന് ഒഴിയുന്നതായി കാണിച്ചു നോട്ടീസ് അയച്ചു. ഈ കച്ചവടത്തിനായി ജൂബി 32 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്തു മാസങ്ങള്‍ക്കുള്ളിലാണു ഷീല കരാറില്‍ നിന്ന് പിന്‍മാറിയത്. ഇരുവരുടെയും സ്ഥാപനങ്ങള്‍ ഷീലയുടെ കെട്ടിടത്തിലാണു പ്രവര്‍ത്തിച്ചിരുന്നത്. നോട്ടീസ് ലഭിച്ച് അടുത്തദിവസം ജൂബിയോടു ഓഫിസില്‍ കയറരുതെന്നു നിര്‍ദേശിച്ചു. പിന്നീട് കോടതിയില്‍ നിന്നും അനുകൂല വിധി നേടി പ്ലാന്റില്‍ പ്രവേശിച്ച ജൂബിയെ ഷീലയുടെ കൂട്ടാളികള്‍ കൈയേറ്റം ചെയ്തതായി പരാതിയുണ്ടായി. കോടതിവിധിയുടെ പിന്നാലെ ജൂബിയുടെ ജീവനക്കാരനെ പ്രതികള്‍ ബലമായി കാറില്‍ അടച്ചിട്ടു ഭീഷണിപ്പെടുത്തി. പ്രശ്‌നം തീര്‍ക്കാന്‍ അടുത്തദിവസം രാവിലെ പാലാരിവട്ടത്തെ ബേക്കറിയില്‍ ജൂബിയെ വിളിച്ചുവരുത്തിയ ശേഷം ബലമായി സിപിഎം കളമശ്ശേരി ഏരിയാ കമ്മിറ്റി ഓഫിസിലേക്ക് പിടിച്ചുകൊണ്ടു പോയി. അവിടെ വച്ചാണു ഒന്നാം പ്രതി സക്കീര്‍ ഹുസയ്ന്‍ ഭീഷണിപ്പെടുത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

Next Story

RELATED STORIES

Share it