palakkad local

തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവം: ഒരാള്‍ അറസ്റ്റില്‍

പാലക്കാട്: പൂജ നടത്താനെന്ന പേരില്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി അജ്ഞാത കേന്ദ്രത്തിലെത്തിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
തമിഴ്‌നാട് വെള്ളക്കോവില്‍ സ്വദേശി ഭാരതിമോഹന്‍(26) ആണ് പിടിയിലായത്. കഴിഞ്ഞ 17 നാണ് കേസിനാസ്പദമായ സംഭവം. പൂജ നടത്തണമെന്നാവശ്യപ്പെട്ട് കാവശ്ശേരി മാങ്ങോട്ടുകാവ് മൂലസ്ഥാനത്തെ ഷണ്‍മുഖദാസിനെയാണ് തട്ടികൊണ്ടുപോയത്. ഷണ്‍മുഖദാസ് ഉള്‍പ്പെടെ ആറംഗ സംഘമാണ് പൂജ നടത്താനായി പഴനിയില്‍ എത്തിയത്. അവിടെ ലോഡ്ജില്‍ പാര്‍പ്പിച്ചശേഷം ഒട്ടംച്ചത്രത്തില്‍ സത്രപ്പടിയിലെ ചോളതോട്ടത്തിലുള്ള വിജനമായ ഷെഡില്‍ കൊണ്ടുപോയി തടഞ്ഞുവയ്ക്കുകയായിരുന്നു.
അജ്ഞാത കേന്ദ്രത്തില്‍ എത്തിച്ചതിനു പിറകെ ഷണ്‍മുഖദാസിന്റെ സഹായികളെ കെട്ടിയിട്ട് മര്‍ദിച്ചിരുന്നു. ഇവരെ പിറ്റേന്ന് മോചിപ്പിച്ചു. ഷണ്‍മുഖദാസിനെ മോചിപ്പിക്കാന്‍ ഒരു കോടി രൂപയാണ് ആവശ്യപ്പെട്ടത്. പിന്നീട് മോചനദ്രവ്യം 20 ലക്ഷമാക്കി കുറച്ചു.
ഷണ്‍മുഖദാസിന്റെ ഭാര്യയുടെ പക്കല്‍ പണം കൊടുത്തയക്കാനായിരുന്നു ആവശ്യപ്പെട്ടത്. ഇതുപ്രകാരം ഷണ്‍മുഖദാസിന്റെ ഭാര്യയെ കയറ്റിയ കാര്‍ ഷാഡോ പോലിസ് കെ അഹമ്മദ് കബീര്‍ ഓടിച്ച് തമിഴ്‌നാട്ടിലെത്തി. മറ്റ് രണ്ടു വാഹനങ്ങളിലായി പോലിസ് സംഘവും ഇവരെ അനുഗമിച്ചു.
പൊള്ളാച്ചി മുതല്‍ ഈ കാറിനെ നിരീക്ഷിച്ച സംഘം പോലിസിന്റെ സാന്നിധ്യമറിഞ്ഞ് ഷണ്‍മുഖദാസിനെ പഴനിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഷണ്‍മുഖദാസിന്റെ ഭാര്യ പണവുമായി എത്തുമ്പോള്‍ കാറില്‍ ലോറി ഇടിപ്പിച്ച് പണം തട്ടാനും പദ്ധതിയിട്ടിരുന്നു. രണ്ട് തമിഴ്‌നാട് പോലിസുകാരും ഇരുപതോളം പേരടങ്ങുന്ന സംഘത്തില്‍ ഉള്‍പ്പെട്ടതായി വിവരമുണ്ട്.
തമിഴ്‌നാട് വെള്ളക്കോവിലില്‍ നിന്നും പിടികൂടിയ ഭാരതി മോഹനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.ആലത്തൂര്‍ ഡിവൈഎസ്പി സി കെ രാമചന്ദ്രന്‍, സിഐ റാഫി, എസ്‌ഐ പ്രതാപ്, ഷാഡോ പോലിസ് അംഗങ്ങളായ ജലീല്‍, ജേക്കബ്, ജയകുമാര്‍, സുനില്‍കുമാര്‍, അനൂപ്, നസീര്‍ അലി, റഹ്മാന്‍, സാജിദ്, റിനോയ്, അഹമ്മദ് കബീര്‍, അരുണ്‍, കൃഷ്ണദാസ്, വിനീഷ്, രജിത്, സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Next Story

RELATED STORIES

Share it