thiruvananthapuram local

തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍

നെടുമങ്ങാട്: തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസിലെ പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തു.
ആനാട് താഴ്ന്നമല തടത്തരികത്ത് വീട്ടില്‍ മുനീര്‍ (23), പനവൂര്‍ പനയമുട്ടം മലയടി തടത്തരികത്ത് വീട്ടില്‍ മുനീര്‍ (23) എന്നിവരെയാണ് നെടുമങ്ങാട് പോലിസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ ക്കുറിച്ച് പോലിസ് ഭാഷ്യം: ആഗസ്റ്റ് 23ന് പനവൂര്‍ കല്ലിയോട് എന്ന സ്ഥലത്ത് ബന്ധുക്കളെ കൂട്ടികൊണ്ടു പോകുന്നതിനായി കാറില്‍ എത്തിയ ചിതറ കിഴക്കുംഭാഗം സ്വദേശി ഷഫീറിനെയും സുഹൃത്തുക്കളെയും കല്ലിയോട് ഹീരാ കോളജിനടുത്ത് വച്ച് കാര്‍ തടഞ്ഞ് നിറുത്തി ഏഴോളം വരുന്ന പ്രതികള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം കാറിലുണ്ടായിരുന്ന 79,000 രൂപ കവരുകയായിരുന്നു. ഇവരെ ആള്‍ താമസമില്ലാത്ത വീടുകളില്‍ എത്തിച്ച് ഭീഷണിപ്പെടുത്തി വിവസ്ത്രരാക്കി മൊബൈല്‍ ഫോണുകളില്‍ വീഡിയോ എടുത്ത് നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പരാതിയില്‍ നിന്നും പിന്തിരിപ്പിക്കുകയാണ് ഇവരുടെ രീതി. ഈ കേസില്‍ നേരത്തെ കിഡ്‌നാപ്പിങ് ഷാജി എന്നു വിളിക്കുന്ന ചേന്നംപാറ സ്വദേശി ഷാഫി, നെയ്യാറ്റിന്‍കര സ്വദേശി അജേഷ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ പൊന്‍മുടിയില്‍ എത്തിയ ദമ്പതികളെയും കമിതാക്കളെയും ഭീഷണിപ്പെടുത്തി ആഭരണവും പണവും അപഹരിച്ച കേസിലും ചിറയിന്‍കീഴില്‍ സമാന രീതിയില്‍ ആളെ തട്ടിക്കൊണ്ടുപോയ കേസിലും പ്രതികളാണ്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ നെടുമങ്ങാട് സിഐ സ്റ്റുവര്‍ട്ട് കീലറിന്റെ നേതൃത്വത്തില്‍ എസ്‌ഐ തന്‍സീം, എഎസ്‌ഐ അന്‍സാരി, സിപിഒ ഷാജി എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it