malappuram local

തട്ടിക്കൊണ്ടുപോയയാളെ മൈസൂരുവില്‍ ഉപേക്ഷിച്ചു

പെരിന്തല്‍മണ്ണ: പണമിടപാടുമായി ബന്ധപ്പെട്ട് താഴെക്കോടുനിന്നു കഴിഞ്ഞ ഒന്നിന് തട്ടിക്കൊണ്ടുപോയ അനില്‍ ബാബുവിനെ പ്രതികള്‍ മൈസൂരില്‍ ഉപേക്ഷിച്ചുമുങ്ങി. അനില്‍ ബാബുവിന്റെ മാതാവിന്റെ സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്തുവാങ്ങാന്‍ നീക്കം നടത്തിയ രണ്ടുപേരെ ഇന്നലെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ സമയം രജിസ്ട്രാര്‍ക്ക് പോലിസ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ മുടങ്ങുകയും രജിസ്‌ട്രേഷനുവേണ്ടി വന്നവരെക്കുറിച്ചുള്ള വിവരം രേഖാമൂലം പോലിസിനു കൈമാറുകയും ചെയ്തിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പച്ചീരി നാസര്‍, സഹായി സജി എന്നിവരെ അറസ്റ്റ് ചെയ്തത്. ഈ വിവരമറിഞ്ഞ പ്രതികള്‍ അനില്‍ബാബുവിനെ മൈസൂരില്‍ ഇറക്കിവിടുകയായിരുന്നു. ഇന്നലെ അനില്‍ബാബു പോലിസില്‍ ഹാജരായി. കൊടുവള്ളിയിലും കുടകിലും കൂര്‍ഗിലും പിന്നീട് ബാംഗളൂരു, മൈസൂര്‍ ഭാഗങ്ങളിലും കൊണ്ടുപോയതായും ഉപദ്രവിച്ചതായും ഇയാള്‍ പോലിസിനു മൊഴി നല്‍കി.
ഇയാളുടെ മൊഴി മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തുമെന്നും കേസിലെ മറ്റു പ്രതികളെ ഉടനെ പിടികൂടുമെന്നും സിഐ അറിയിച്ചു. പെരിന്തല്‍മണ്ണയിലെ ചില സാമൂഹിക വിരുദ്ധരും തട്ടിക്കൊണ്ടുപോവല്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ ഏതെങ്കിലും തരത്തില്‍ സഹായം ചെയ്തു കൊടുത്തവരെയെല്ലാം നിയമത്തിനു മുന്നില്‍ ഹാജരാക്കുമെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it