Alappuzha local

തടുക്കു നിര്‍മാണം നേരില്‍ കാണാന്‍ നഗരമധ്യത്തില്‍ കയര്‍ ചാപ്ര



ആലപ്പുഴ: കയര്‍ കേരള 2017നോടനുബന്ധിച്ച് തയ്യാറാക്കിയ പരമ്പരാഗത രീതിയിലുള്ള കയര്‍ ചാപ്രയുടെ  ഉദ്ഘാടനം പോലിസ് ഔട്‌പോസ്റ്റ് ജങ്ഷനിലെ ആലൂക്കാസ് ജ്വല്ലറി അങ്കണത്തില്‍ മന്ത്രി ഡോ. ടിഎം തോമസ് ഐസക് നിര്‍വഹിച്ചു. കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍ നാസര്‍ അധ്യക്ഷത വഹിച്ചു. പരമ്പരാഗത രീതിയിലുള്ള കയര്‍ നിര്‍മാണ രീതി ആലപ്പുഴക്കാര്‍ക്കു പോലും ഇപ്പോള്‍ കൗതുകക്കാഴ്ചയായി മാറിയിരിക്കുകയാണെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. നഗരത്തില്‍ ആരംഭിക്കാന്‍പോവുന്ന കയര്‍ മ്യൂസിയത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്ന് എല്ലാത്തരം തറികളിലും കയര്‍ ഉല്‍പന്നങ്ങള്‍ നെയ്‌തെടുക്കുന്നത് നേരില്‍ കാണാനുള്ള അവസരമായിരിക്കും.    അതിന്റെ ഒരു ലഘുരൂപമാണ് കയര്‍ കേരളയോടനുബന്ധിച്ച് നഗരത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. തടുക്കുകള്‍ നെയ്യുന്നത് കാണാനും ആവശ്യക്കാര്‍ക്ക് നേരിട്ട് വാങ്ങാനും സൗകര്യമുണ്ടാവും. താല്‍പര്യമുള്ളവര്‍ക്ക് തടുക്കും പായയും ഇവിടെ നെയ്തുനോക്കാമെന്നും മന്ത്രി പറഞ്ഞു. 12 അടി നീളവും ആറ് അടി വീതിയുമുള്ള ചാപ്രയില്‍ രണ്ടു തറികളാണ് സജ്ജീകരിച്ചിരിക്കുന്നത്. കയര്‍ കേരള സമാപിക്കുന്ന ഒമ്പതുവരെ എല്ലാദിവസവും ഇവിടെ തല്‍സമയ നെയ്ത്ത് ഉണ്ടാവും.  ഒരെണ്ണത്തില്‍ കയര്‍ പായയും രണ്ടാമത്തേതില്‍ ചകിരിത്തടുക്കുമാണ് നെയ്യുന്നത്. വിദേശ വിനോദസഞ്ചാരികള്‍ക്കും ആലപ്പുഴയുടെ തനതായ കയര്‍ നെയ്ത് നേരിട്ട് കാണാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ആവശ്യക്കാര്‍ക്ക് സര്‍ക്കാരിന്റെ റിബേറ്റോടുകൂടി കുറഞ്ഞവിലയില്‍ തടുക്കുകള്‍ ഇവിടെ നിന്നു വാങ്ങാം.
Next Story

RELATED STORIES

Share it