തടിയന്റവിട നസീറിന്റെ സന്ദേശവാഹകന്‍ അറസ്റ്റില്‍

കൊച്ചി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യപ്രതി തടിയന്റവിട നസീറിന്റെ സന്ദേശവാഹകനായി പ്രവര്‍ത്തിച്ചുവെന്നു പറയുന്ന യുവാവിനെ കൊച്ചി സിറ്റി പോലിസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശി ഷഹനാസി(22)നെയാണ് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്ന് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്.
നസീര്‍ എഴുതിയതും നസീറിനു കൈമാറാനായി എഴുതിയതുമെന്നു പറയുന്ന എട്ടു കത്തുകളും നസീറിനു കൈമാറാനായി കൊണ്ടുവന്ന 8000 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും രണ്ട് സിംകാര്‍ഡുകളും ഇയാളില്‍ നിന്ന് പോലിസ് പിടിച്ചെടുത്തു. വെള്ളിയാഴ്ച കോലഞ്ചേരി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ തടിയന്റവിട നസീറിനെ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ഷഹനാസ് കത്തു കൈമാറാന്‍ ശ്രമിച്ചതെന്ന് പോലിസ് പറഞ്ഞു. നസീറിനെ കൊണ്ടുപോവുന്ന സ്ഥലങ്ങളിലെ മൊബൈല്‍ ഫോണ്‍ ടവറുകള്‍ നിരീക്ഷിക്കാറുള്ള പോലിസ്, കോലഞ്ചേരി കോടതി പരിസരത്തും പിന്നീട് നോര്‍ത്ത് പോലിസ് സ്‌റ്റേഷനിലും നസീര്‍ വന്ന സമയത്ത് ഒരു നമ്പര്‍ പിന്തുടരുന്നതായി കണ്ടെത്തി. ഷഹനാസിന്റെ ഫോണ്‍ നമ്പരാണിതെന്നു മനസ്സിലാക്കിയ പോലിസ് നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. നസീര്‍ എഴുതിയതെന്നു പറയുന്ന കത്തുകളില്‍ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ സാക്ഷികളെ സ്വാധീനിച്ച് കൂറുമാറ്റുന്നതടക്കമുള്ള നിര്‍ദേശങ്ങളാണുള്ളതെന്ന് പോലിസ് പറയുന്നു. ഒരു സ്മാര്‍ട്ട്‌ഫോണ്‍ സംഘടിപ്പിച്ചു തരണമെന്നും വ്യാജ സിംകാര്‍ഡ് എടുത്തു നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കത്ത് നോര്‍ത്ത് പറവൂരിലുള്ള താജുദ്ദീന്‍ എന്നയാള്‍ക്കു കൈമാറാനുള്ളതായിരുന്നുവെന്നും പോലിസ് പറയുന്നു.
ഷഹനാസ് എഴുതിയ കത്തില്‍ പുറത്തുള്ള സ്ഥിതിഗതികള്‍ സംബന്ധിച്ച വിവരങ്ങളാണ്. മലയാളം, അറബി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് കത്തുകള്‍ എഴുതിയിട്ടുള്ളത്. എല്ലാ കത്തിലും ചില രഹസ്യ കോഡുകള്‍ ഉള്ളതായും ഇത് വിദഗ്ധരെ കൊണ്ട് പരിശോധിപ്പിക്കുമെന്നും പോലിസ് അറിയിച്ചു. പിടിയിലായ ഷഹനാസിന്റെ അല്ലപ്രയിലെ വീട്ടിലും പറവൂര്‍ സ്വദേശി താജുദ്ദീന്റെ വീട്ടിലും പോലിസ് പരിശോധന നടത്തി. ഒരു വര്‍ഷത്തിനിടയില്‍ ഷഹനാസ് നസീറിനെ എട്ടു തവണ ബാംഗ്ലൂര്‍ ജയിലില്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് പോലിസ് പറയുന്നു.
18 വയസ്സു മുതല്‍ ഷഹനാസ് തടിയന്റവിട നസീറിന്റെ സന്ദേശവാഹകനായിരുന്നുവെന്ന് പോലിസ് പറയുന്നു. ഇന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ വസതിയില്‍ ഹാജരാക്കുന്ന ഷഹനാസിനെ വിശദമായ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it