Flash News

തടവുകാര്‍ ഭക്ഷണം കഴിക്കുന്നതിന്റെ വ്യാജ വീഡിയോയുമായി ഇസ്രായേല്‍



ബൈറൂത്ത്: ഇസ്രായേല്‍ ജയിലില്‍ നിരാഹാരമനുഷ്ഠിക്കുന്ന ഫലസ്തീനി തടവുകാരുടെ നേതാവ്് മര്‍വാന്‍ ബര്‍ഗൂത്തി സെല്ലില്‍ ഭക്ഷണം കഴിക്കുന്ന  വ്യാജ വീഡിയോയുമായി ഇസ്രയേല്‍. ബര്‍ഗൂത്തി ഏപ്രില്‍ ഏഴിന് ബിസ്‌കറ്റ് കഴിക്കുന്നതും മെയ് ഏഴിന് ലഘുഭക്ഷണം കഴിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് തങ്ങള്‍ പുറത്തുവിട്ടതെന്നാണ് ജയലധികൃതരുടെ അവകാശവാദം. എന്നാല്‍, ഇദ്ദേഹത്തിന് എങ്ങനെ ഭക്ഷണം ലഭിച്ചു എന്ന് വീഡിയോയില്‍ വ്യക്തമാവുന്നില്ല. ഭക്ഷണം ബര്‍ഗൂത്തി ഏര്‍പ്പാടാക്കിയാതാണെന്നാണ് ജയിലധികൃതരുടെ വിശദീകരണം. അതേസമയം, വീഡിയോ വ്യാജമാണെന്നും പട്ടിണിസമരത്തെ തകര്‍ക്കാന്‍ ഇസ്രായേല്‍ അധികൃതര്‍ പടച്ചുണ്ടാക്കിയതാണെന്നും ബര്‍ഗൂത്തിയുടെ ഭാര്യ  അറിയിച്ചു.   ഏപ്രില്‍ 27ന് ബര്‍ഗൂത്തിയോട് സാമ്യമുള്ള ഒരാള്‍ വെള്ള നിറത്തിലുള്ള പായ്ക്കറ്റുമായി സെല്ലിലെ ശുചിമുറിയിലേക്കു കയറി വാതിലടയ്ക്കുന്നതാണ് വീഡിയോയുടെ ഒരു ഭാഗം. ഈ ദൃശ്യങ്ങളില്‍ തടസ്സങ്ങള്‍ നേരിടുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. പായ്ക്കറ്റില്‍ ബിസ്‌കറ്റ് ആണെന്നാണ് ജയിലധികൃതരുടെ വാദം.   എന്നാല്‍, ബര്‍ഗൂത്തി കിഷോണ്‍ ജയിലില്‍ ഏകാന്ത തടവിലാണെന്നും അദ്ദേഹം ഭക്ഷണം കഴിച്ചിട്ടില്ലെന്നും വീഡിയോ വ്യാജമാണെന്നും ഫലസ്തീന്‍ പ്രിസണേഴ്‌സ് ക്ലബ് മേധാവി ഖദുറ ഫാരീസ് പ്രതികരിച്ചു. വീഡിയോ മനശ്ശാസ്ത്രപരമായ യുദ്ധതന്ത്രത്തിന്റെ ഭാഗമാണെന്നും  ഇതു തങ്ങള്‍ നേരത്തേ പ്രതീക്ഷിച്ചിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനധികൃത തടവിലും ജയിലിലെ മോശമായ പരിചരണത്തിലും പ്രതിഷേധിച്ച് ഏപ്രില്‍ 17 മുതല്‍ 890ലേറെ ഫലസ്തീന്‍ തടവുകാര്‍ ഇസ്രായേല്‍ ജയിലില്‍ നിരാഹാര സമരം നടത്തുകയാണ്.
Next Story

RELATED STORIES

Share it