തടവുകാര്‍ നേരിടുന്നത് മനുഷ്യാവകാശ ലംഘനം

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ജയിലുകളില്‍ ഉള്‍ക്കൊള്ളാവുന്നതിലധികം കുറ്റവാളികളെ കുത്തിനിറച്ചിരിക്കുന്നതില്‍ സുപ്രിംകോടതി ആശങ്ക പ്രകടിപ്പിച്ചു. ഉള്‍ക്കൊള്ളാനാവുന്നതിലും 150 ശതമാനം അധികം പേരാണ് പല ജയിലുകളിലും കഴിയുന്നതെന്നു സുപ്രിംകോടതി നിരീക്ഷിച്ചു. വിഷയത്തെ മനുഷ്യാവകാശ ലംഘനമായി കണക്കിലെടുത്ത് അതീവ ഗൗരവത്തോടെ സമീപിക്കണമെന്നും രാജ്യത്തെ ഹൈക്കോടതികള്‍ക്കു സുപ്രിംകോടതി നിര്‍ദേശം നല്‍കി. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ ഈ വിഷയത്തില്‍ സ്വമേധയാ ഇടപെടണമെന്നും അമിക്കസ് ക്യൂറിയെ വച്ച് അന്വേഷിപ്പിക്കണമെന്നും സുപ്രിംകോടതി പറഞ്ഞു.
ജസ്റ്റിസുമാരായ മദന്‍ ബി ലോകുര്‍, ദീപക് ഗുപ്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണു നിര്‍ദേശം നല്‍കിയത്. ഓരോ ഹൈക്കോടതികളും ഈ വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണം. സംസ്ഥാനത്തെ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായം തേടുകയുമാവാം. ഇതു സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പുകള്‍ എല്ലാ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലുമാര്‍ക്കും അയച്ചു കൊടുക്കണം. പല സംസ്ഥാനത്തെയും ജയിലുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.
ജയിലുകളില്‍ നിയമനങ്ങള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരുകളും ബന്ധപ്പെട്ട വകുപ്പുകളും അലംഭാവം കാണിക്കുന്നു. ഈ വിഷയത്തിലും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ സ്വമേധയാ കേസെടുക്കണം. വനിതകളുടെ ജയിലുകളില്‍ ഉള്‍ക്കൊള്ളാവുന്നതിലുമധികം തടവുകാരെ പാര്‍പ്പിച്ചിരിക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം ദേശീയ വനിതാ കമ്മീഷനെയും ഡല്‍ഹിയിലെ നാഷനല്‍ ലോ യൂനിവേഴ്‌സിറ്റിയെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
ആഗസ്ത് രണ്ടിന് സുപ്രിംകോടതി വിഷയം വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it