തടവുകാര്‍ക്ക് ജയിലില്‍ സൊസൈറ്റി രൂപീകരിക്കും: ആഭ്യന്തരമന്ത്രി

കണ്ണൂര്‍: ജയിലില്‍ നിന്നു ലഭിക്കുന്ന വരുമാനം തടവുകാരുടെ ക്ഷേമത്തിനും ജയില്‍ നവീകരണത്തിനും ഉപയോഗപ്പെടുത്താന്‍ എല്ലാ ജയിലിലും ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വരുമാനം തടവുകാരുടെ ക്ഷേമത്തിനും ജയിലുകളുടെ പ്രാഥമിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിനാണ് സൊസൈറ്റി രൂപീകരിക്കുന്നത്. ജയിലിലെ ചപ്പാത്തി യൂനിറ്റില്‍ നിന്ന് പ്രതിവര്‍ഷം 20 കോടി രൂപ സര്‍ക്കാരിനു ലാഭമുണ്ട്. സര്‍ക്കാര്‍ ഖജനാവിലേക്കു പോവുന്ന ഇത്തരം ലാഭം തടവുകാര്‍ക്കും ജയിലിനും ഉപകാരപ്പെടണം. സൊസൈറ്റികള്‍ രൂപീകരിക്കുന്നതിലൂടെ ഇതിനു പരിഹാരം കാണാനാവുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ സബ് ജയിലിന്റെ 100ാം വാര്‍ഷികവും ക്ഷേമദിന ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തടവുകാരെ സമൂഹത്തിലെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന മികച്ച വ്യക്തികളാക്കി മാറ്റുന്ന കേന്ദ്രങ്ങളായി ജയിലുകള്‍ മാറിയിട്ടുണ്ട്. മനപ്പൂര്‍വം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരും സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താല്‍ കുറ്റവാളികളാവുന്നവരുമുണ്ട്. അതിനാല്‍ ജയിലിലെത്തുന്ന തടവുകാരെ നന്മയുടെ പാതയിലെത്തിച്ച് മികച്ച പൗരന്മാരാക്കാനാണ് ഇപ്പോള്‍ ജയിലധികൃതര്‍ ശ്രമിക്കുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് തടവുകാരുടെ വേതനവര്‍ധനയടക്കം തടവുകാരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ ഏര്‍പ്പെടുത്താനായതായും മന്ത്രി പറഞ്ഞു. തൊഴില്‍ പരിശീലനവും വിവിധ വിദ്യാഭ്യാസ കോഴ്‌സുകളും തടവുകാര്‍ക്കായി നല്‍കിവരുകയാണ്. കുറ്റവാളികളെ നല്ലവരായി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങളായി ജയിലുകളെ മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ പി അബ്ദുല്ലക്കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. പി കെ ശ്രീമതി എംപി, ജയില്‍ ഡിജിപി ഋഷിരാജ് സിങ്, ഐജി ദിനേന്ദ്രകശ്യപ്, കലക്ടര്‍ പി ബാലകിരണ്‍, അഡ്വ. ലിഷ ദീപക് സംസാരിച്ചു.
Next Story

RELATED STORIES

Share it