തടവുകാരെ കൈമാറി; യമനില്‍ സമാധാനശ്രമങ്ങള്‍ക്ക് പിന്തുണ

സന്‍ആ/ബേണ്‍: ഒരു വര്‍ഷത്തോളമായി യുദ്ധം ചെയ്യുന്ന യമനിലെ എതിര്‍ചേരികള്‍ തടവുകാരെ പരസ്പരം കൈമാറി. ഐക്യരാഷ്ട്രസഭ മുന്‍കൈയെടുത്ത് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടത്തുന്ന സമാധാന ചര്‍ച്ചയ്ക്കു പിന്തുണ നല്‍കിയാണ് ഹൂഥികളുടെയും മറ്റു ഗോത്രവിഭാഗങ്ങളുടെയും നടപടി. സമാധാന ചര്‍ച്ച തുടങ്ങിയ ചൊവ്വാഴ്ച മുതല്‍ യമനില്‍ ഏഴു ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
യമനിലെ വടക്കന്‍ മേഖലയില്‍ സ്വാധീനമുള്ള ശിയാ വിഭാഗമായ ഹൂഥികളും തെക്കന്‍ മേഖലയിലെ സൗദി പിന്തുണയുള്ളവരും മുന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ അനുകൂലിക്കുന്ന കിഴക്കുള്ളവരുമാണ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഏറ്റുമുട്ടുന്നത്. ഗോത്രനേതാക്കളുടെ മധ്യസ്ഥതയിലാണ് തടവുകാരുടെ കൈമാറ്റം സാധ്യമായതെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിട്ടയക്കണമെന്നു ഹൂഥികളോട് യമന്‍ ഭരണകൂടം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ നിരാകരിച്ചിരുന്നു.
ഏദനില്‍ തടവിലാക്കിയ 360 ഹൂഥികളെ കൈമാറിയതിനു പകരം തെക്കന്‍ മേഖലയിലെ 265 പേരെ അവര്‍ വിട്ടയച്ചുവെന്ന് സൗദി പിന്തുണയുള്ള അബ്ദുല്‍ ഹഖീം അല്‍ ഹസനി പറഞ്ഞു. സന്‍ആയില്‍ ഹൂഥികളുടെ നിയന്ത്രണത്തിലുള്ള ജയിലില്‍ നിന്ന് ബസ്സുകളിലാണ് തെക്കന്‍ മേഖലയിലെ തടവുകാരെ കൈമാറാന്‍ മധ്യയമനിലേക്കെത്തിച്ചത്.
വെടിനിര്‍ത്തല്‍ എതിരാളികള്‍ ലംഘിെച്ചന്ന് മൂന്നു വിഭാഗവും ആരോപിക്കുന്നതിനിടെയാണ് തടവുകാരുടെ കൈമാറ്റം. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണം തുടരുന്നുവെന്നു ഹൂഥികളുമായി സഹകരിക്കുന്ന മുന്‍ പ്രസിഡന്റ് അലി അബ്ദുല്ലാ സ്വാലിഹിന്റെ സൈന്യത്തിലെ ജനറല്‍ ശറഫ് ലുഖ്മാന്‍ ആരോപിച്ചു. ചെങ്കടലിനോടു ചേര്‍ന്ന ഹുദൈദ, തെക്കന്‍ യമനിലെ താഇസ് എന്നിവിടങ്ങളില്‍ സഖ്യസേന ആക്രമണം നടത്തിയതിനുള്ള തെളിവ് ഹൂഥി നിയന്ത്രണത്തിലുള്ള സബ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. എന്നാല്‍ ആക്രമണത്തിനു പിന്നില്‍ ഹൂഥികളാണെന്നും ശക്തമായ തിരിച്ചടി നല്‍കാന്‍ തയ്യാറാണെന്നും സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അല്‍ അസരി പറഞ്ഞു.
Next Story

RELATED STORIES

Share it