തടവുകാരുടെ ചികില്‍സയിലെ നിയമതടസ്സം; ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡ് തടവുകാരനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റും. തടവുകാര്‍ക്കു സ്വകാര്യ, സഹകരണ ആശുപത്രികളില്‍ ചികില്‍സ നല്‍കുന്നതിലെ നിയമതടസ്സം കണക്കിലെടുത്താണിത്.
ഇതിനുള്ള പ്രാരംഭനടപടികള്‍ ജയില്‍ വകുപ്പ് തുടങ്ങി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് അശോകന്‍ അരിപ്പ പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ക്കു കത്തുനല്‍കി. റിമാന്‍ഡ് തടവുകാരനെ അടിയന്തര സാഹചര്യത്തിലല്ലാതെ സ്വകാര്യ, സഹകരണ ആശുപത്രികളില്‍ പ്രവേശിപ്പിക്കരുതെന്നാണു ജയില്‍ ചട്ടം. അടിയന്തര ഘട്ടങ്ങളില്‍ ചികില്‍സതേടുകയാണെങ്കില്‍ തന്നെ 24 മണിക്കൂറിനു മുകളില്‍ പാടില്ല. ഇതുപ്രകാരം പി ജയരാജനെ പരിയാരത്തുനിന്ന് മാറ്റണമെന്നാണു ജയില്‍ അധികൃതരുടെ വാദം.
എന്നാല്‍, ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ ജയരാജന് തുടര്‍ചികില്‍സ നല്‍കണമെങ്കില്‍ കണ്ണൂരില്‍ ഈ സൗകര്യമുള്ള സര്‍ക്കാര്‍ ആശുപത്രികളില്ല. അതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റാനാണു സാധ്യത. ഇതിനു മുമ്പായി ജയില്‍ ഡോക്ടറുടെ പരിശോധന ആവശ്യമാണ്. അടിയന്തര ചികില്‍സ നല്‍കാന്‍ മാത്രമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പി ജയരാജന് ഇല്ലെന്നാണ് സിബിഐ നിഗമനം. ജയരാജനെ ചികില്‍സിക്കുന്ന പരിയാരം സഹകരണ ഹൃദയാലയ സൂപ്രണ്ട് ഡോ. എസ് എം അശ്‌റഫിനോടും ചികില്‍സാ വിവരങ്ങള്‍ തേടിയിട്ടുണ്ട്. സിബിഐ മുമ്പാകെ ഹാജരാവണമെന്നാവശ്യപ്പെട്ട് ഇദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഡോ. അശ്‌റഫ് ഇന്ന് സിബിഐയുടെ തലശ്ശേരിയിലെ ക്യാംപ് ഓഫിസിലെത്തി മൊഴിനല്‍കും.
അതേസമയം, ജയരാജനെ വിശദമായി ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സിബിഐ നല്‍കിയ അപേക്ഷ ഇന്നു പരിഗണിക്കും. സഹകരണ ഹൃദയാലയയിലെ സി ബ്ലോക്കിലെ 207ാം നമ്പര്‍ മുറിയില്‍ പോലിസ് കാവലിലാണു ജയരാജന്‍ ചികില്‍സയില്‍ കഴിയുന്നത്. രണ്ടു ഗണ്‍മാന്‍മാര്‍ക്കു പുറമെ ജയിലിലെ രണ്ടു സുരക്ഷാ ജീവനക്കാരനും സഹായിയും ഒപ്പമുണ്ട്.
Next Story

RELATED STORIES

Share it