Flash News

തടവിലാക്കിയ പെണ്‍കുട്ടികളില്‍ 82 പേരെ ബോക്കോഹറാം വിട്ടയച്ചു



അബൂജ: തട്ടിക്കൊണ്ടുപോയി തടവിലാക്കിയ പെണ്‍കുട്ടികളില്‍ 82 പേരെ കൂടി നൈജീരിയന്‍ സായുധസംഘമായ ബോക്കോഹറാം മോചിപ്പിച്ചു. 2014ല്‍ വടക്കുകിഴക്കന്‍ നൈജീരിയയില്‍ നിന്നു തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെയാണു മോചിപ്പിച്ചത്. ഒക്ടോബറില്‍ 21 പേരെ സംഘം വിട്ടയച്ചിരുന്നു. നൈജീരിയന്‍ സര്‍ക്കാരും ബോക്കോഹറാമും തമ്മിലുണ്ടാക്കിയ ധാരണയെ തുടര്‍ന്നാണ് പെണ്‍കുട്ടികളെ മോചിപ്പിച്ചതെന്നാണ് റിപോര്‍ട്ട്. തടവിലാക്കിയ പെണ്‍കുട്ടികളെ വിട്ടയക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡും റെഡ്‌ക്രോസും സഹായം നല്‍കിയിരുന്നു. മാസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചയ്‌ക്കൊടുവിലാണു പെണ്‍കുട്ടികളെ വിട്ടുനല്‍കാന്‍ തീരുമാനമായത്. സംഘടനയുടെ കീഴിലുള്ള മറ്റു പെണ്‍കുട്ടികളെക്കൂടി മോചിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണെന്ന് അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ മോചനത്തിനു പകരമായി തടവിലുള്ള ബോക്കോഹറാം പ്രവര്‍ത്തകരെ വിട്ടയച്ചോയെന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. 195 ഓളം വിദ്യാര്‍ഥിനികള്‍ മോചനം കാത്ത് ഇനിയും സംഘത്തിന്റെ തടവില്‍ കഴിയുന്നുണ്ട്. 16നും 18നും ഇടയ്ക്ക് പ്രായമുള്ള 276 പെണ്‍കുട്ടികളെയാണ് ബോക്കോഹറാം തട്ടിക്കൊണ്ടുപോയത്. ഇവരില്‍ നിന്ന് 82 പേരെയാണ് ഇപ്പോള്‍ മോചിപ്പിച്ചതെന്ന് നൈജീരിയ അറിയിച്ചു. പെണ്‍കുട്ടികളുടെ മോചനം പ്രസിഡന്റ് മുഹമ്മദ് ബുഖാരി സ്ഥിരീകരിച്ചു. വിട്ടയക്കപ്പെട്ട പെണ്‍കുട്ടികള്‍ പ്രസിഡന്റ് മുഹമ്മദ് ബുഖാരിയെ സന്ദര്‍ശിക്കുമെന്നു പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു.
Next Story

RELATED STORIES

Share it