Flash News

തടയണയെക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് കട്ടിപ്പാറ ദുരന്തത്തിനു കാരണമായതായി പറയപ്പെടുന്ന തടയണയെക്കുറിച്ച് അന്വേഷിക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍ അധ്യക്ഷനായി അഞ്ചംഗ സമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇവരുടെ റിപോര്‍ട്ട് ഉടനെ ലഭിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
കാലവര്‍ഷക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്ന പ്രതിപക്ഷ ആരോപണം മുഖ്യമന്ത്രി തള്ളി. രക്ഷാപ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ കുറവ് കാണുന്നില്ല. അപകടസാധ്യതാ മേഖലയില്‍ നിന്നു മാറിത്താമസിക്കണമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു. ചെങ്കുത്തായ പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നത് പ്രായോഗികമല്ല. ചീഫ് സെക്രട്ടറി തലത്തില്‍ കലക്ടര്‍മാരെ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. കട്ടിപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം വൈകിയിട്ടില്ല. പ്രകൃതിക്ഷോഭം നേരിടുന്നതില്‍ ഇത്തരം സാഹചര്യങ്ങള്‍ മുന്‍കൂട്ടി കാണാനാകില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.
കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഈ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഉന്നയിച്ച അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ വിട്ടത്. പ്രതിപക്ഷത്തെ പാറക്കല്‍ അബ്ദുല്ലയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. ദുരന്തനിവാരണ സേനയ്ക്ക് കോഴിക്കോട് ആസ്ഥാനമുണ്ടാകണം. കോഴിക്കോട് ജില്ലയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും പാറക്കല്‍ അബ്ദുല്ല ആവശ്യപ്പെട്ടു.
കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതില്‍ റവന്യൂമന്ത്രിയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ദുരിതാശ്വാസ ക്യാംപുകളില്‍ ആവശ്യത്തിനു ഭക്ഷണമില്ലെന്നും ചെന്നിത്തല ആരോപിച്ചു. പി വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിനു സമീപത്തും ഉരുള്‍പൊട്ടലുണ്ടായി. എന്നാല്‍, ഇക്കാര്യം സംബന്ധിച്ച് പരാമര്‍ശം നടത്താന്‍ പോലും റവന്യൂമന്ത്രി തയ്യാറായില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ ജൂണ്‍ 11 മുതല്‍ മഴ പെയ്യുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചയുടനെത്തന്നെ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതായി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രതിപക്ഷത്തിനു മറുപടി നല്‍കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. രക്ഷാപ്രവര്‍ത്തത്തില്‍ ആദ്യം പങ്കെടുത്ത നാട്ടുകാര്‍ക്ക് പോലിസും ഫയര്‍ഫോഴ്‌സും പിന്തുണ നല്‍കി. രാവിലെത്തന്നെ ദുരന്തനിവാരണ സേനയ്ക്ക് വിവരം നല്‍കിയെങ്കിലും വൈകീട്ട് 3 മണിയോടെയാണ് അവര്‍ സ്ഥലത്തെത്തിയത്. ഹെലികോപ്റ്റര്‍ ലഭ്യമാക്കാനുള്ള നടപടികള്‍ വൈകുമെന്നതിനാലാണ് അവര്‍ റോഡ്മാര്‍ഗം എത്തിയതെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിനു മറുപടിയായി അദ്ദേഹം അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് 14 ജില്ലകളിലായി 56 പേര്‍ മരിച്ചു. നാലു പേരെ കാണാതാവുകയും ചെയ്തു. 115 ക്യാംപുകള്‍ ദുരന്തമേഖലകളില്‍ തുറന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it