തടയണയിലെ വെള്ളം തുറന്നുവിടണമെന്ന് ഹൈക്കോടതി

കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഭൂമിയിലെ തടയണയിലെ വെള്ളം ഒഴുക്കിക്കളയണമെന്ന് ഹൈക്കോടതി. ഇക്കാര്യം ഉറപ്പുവരുത്താന്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്ക് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലയിലുള്ള അബ്ദുല്‍ ലത്തീഫിന്റെ എട്ടേക്കര്‍ സ്ഥലത്തു നിര്‍മിച്ച തടയണ പൊളിക്കാന്‍ 2017 ഡിസംബര്‍ 12നാണ് മലപ്പുറം ജില്ലാ കലക്ടര്‍ നോട്ടീസ് നല്‍കിയിരുന്നത്. ഇതിനെതിരേ അബ്ദുല്‍ ലത്തീഫ് നല്‍കിയ ഹരജിയില്‍ നേരത്തേ സ്‌റ്റേ അനുവദിച്ചിരുന്നു. ഈ സ്‌റ്റേ തുടരുന്നുണ്ട്.
തടയണ നിയമവിരുദ്ധമായാണ് നിര്‍മിച്ചതെന്നും ഇതു പൊളിച്ചുനീക്കണമെന്നും ഇന്നലെ സര്‍ക്കാര്‍ വാദിച്ചു. വിശദമായി വാദം കേള്‍ക്കാതെ ഇങ്ങനെയൊരു ഉത്തരവ് ഇറക്കാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തന്റെ ഭൂമിയിലുള്ള കുളം 2015ല്‍ നവീകരിച്ചെന്നും മഴ പെയ്ത് ചളിയും മണ്ണും നിറഞ്ഞ് കുളം നികന്നുപോവാതിരിക്കാന്‍ ഭിത്തി കെട്ടി സംരക്ഷിച്ചെന്നുമാണ് അബ്ദുല്‍ ലത്തീഫ് വാദിക്കുന്നത്. പി വി അന്‍വറിനോട് രാഷ്ട്രീയവൈരാഗ്യമുള്ള ചിലരാണ് തടയണയാണെന്ന പ്രചാരണവുമായി രംഗത്തുവന്നതെന്നും ഹരജിക്കാരന്‍ ആരോപിക്കുന്നു. വാട്ടര്‍ തീം പാര്‍ക്കും വിവാദ തടയണയും പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ടി വി രാജനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
2015 ജൂണിലും ജൂലൈയിലുമായി തടയണ നിര്‍മിച്ചപ്പോള്‍ ഭൂമിയുടെ കൈവശാവകാശം അന്‍വറിന്റെ പേരിലായിരുന്നു. പിന്നീട് വിവാദമുയര്‍ന്നപ്പോള്‍ അത് ഭാര്യാപിതാവിന്റെ പേരിലേക്കു മാറ്റുകയായിരുന്നുവെന്നാണ് ആരോപണം. മേഖലയിലെ സ്വാഭാവിക പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും ക്ഷതമേല്‍പിക്കുന്നതാണ് തടയണയെന്ന് മൂന്നുതവണ വനംവകുപ്പ് റിപോര്‍ട്ട് നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it