Alappuzha

തടങ്കലിലും നോമ്പ് അനുഷ്ഠിച്ചു

ഡോ. ഹാദിയ
സഹനത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓര്‍മകളാണ് ഈ റമദാനില്‍ തികട്ടിവരുന്നത്. തടസ്സങ്ങളൊന്നുമില്ലാതെ പൂര്‍ണ സ്വാതന്ത്ര്യത്തോടെ ഈ റമദാനില്‍ നോമ്പും മറ്റ് ആരാധനകളും അനുഷ്ഠിക്കുമ്പോള്‍ ആദ്യത്തെ നോമ്പനുഭവം ഞാന്‍ അറിയാതെ ഓര്‍ത്തുപോവുകയാണ്. ദൈവം ഒന്നു മാത്രമേയുള്ളൂ എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ആദ്യമായി നോമ്പ് എടുത്തത്.
സേലത്തെ കോളജില്‍ വച്ചായിരുന്നു ആദ്യ നോമ്പ്. എന്റെ സ്രഷ്ടാവിനെ പൂര്‍ണമായി അനുസരിക്കാന്‍ കിട്ടിയ അവസരമായിരുന്നു അത്. അതുകൊണ്ടുതന്നെ ആദ്യ നോമ്പ് എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭൂതിയാണ് നല്‍കിയത്.
കൂട്ടുകാരി പറഞ്ഞുതന്നത് അനുസരിച്ചാണ് ആദ്യത്തെ നോമ്പിനു നിയ്യത്ത് വച്ചതും നോമ്പ് അനുഷ്ഠിച്ചതും. ഹിന്ദു ആചാരപ്രകാരം ജീവിച്ചിരുന്ന എനിക്ക് ഒരു ദിവസം മുഴുവനും ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുക എന്നത് സങ്കല്‍പിക്കാന്‍ പോലുമായിരുന്നില്ല. അതുകൊണ്ടുതന്നെ പകല്‍ എന്നെസ്സംബന്ധിച്ചിടത്തോളം അക്കാലം മുഴുവന്‍ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുന്നത് ഒരു വലിയ കാര്യം തന്നെയായിരുന്നു. അന്ന് മനസ്സില്‍ കരുതിയ കാര്യമാണ് ഇതില്‍ വിജയിച്ചാല്‍ ഇസ്‌ലാം ഒരു സത്യം തന്നെയായിരിക്കും എന്നത്. മാത്രമല്ല, എനിക്ക് പരീക്ഷാ സമയം കൂടിയായിരുന്നു അത്.
വിശപ്പും ദാഹവും സഹിച്ചുള്ള ഈ സഹനത്തിനിടയില്‍ എഴുതിയ പരീക്ഷയില്‍ ഞാന്‍ ജയിച്ചാലും ഇസ്‌ലാം സത്യമായിരിക്കുമെന്ന് അറിയാതെ മനസ്സില്‍ തോന്നിയിരുന്നു. ഒരുപക്ഷേ, വിശ്വാസത്തെ പരീക്ഷിക്കാനുള്ള സ്വയം പരീക്ഷണമായിരുന്നിരിക്കാം അത്. അതുകൊണ്ടുതന്നെ ആ ദിവസങ്ങളില്‍ നീണ്ട പ്രാര്‍ഥനയില്‍ ഞാന്‍ മുഴുകിയിട്ടുണ്ട്. സത്യം എനിക്ക് കാണിച്ചുതരാന്‍ ദീര്‍ഘനേരം സുജൂദില്‍ കിടന്ന് ഞാനെന്റെ അല്ലാഹുവിനോട് പലതവണ പ്രാര്‍ഥിച്ചു.
സുബ്ഹി ബാങ്കിനു മുമ്പ് നിയ്യത്തു വച്ച് ഭക്ഷണം കഴിച്ചു. ആ റമദാനില്‍ തുടര്‍ച്ചയായി കുറച്ചു നോമ്പ് എനിക്ക് എടുക്കാന്‍ സാധിച്ചു. എന്റെ കൂട്ടുകാരികള്‍ നോമ്പ് എടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ആ ദിവസങ്ങളില്‍ അവര്‍ വൈകുന്നേരമാകുമ്പോള്‍ തളര്‍ന്നുപോകാറുണ്ടായിരുന്നു. പക്ഷേ, ഞാന്‍ ആദ്യമായി നോമ്പ് എടുത്തിട്ട് എനിക്ക് ഒട്ടുംതന്നെ തളര്‍ച്ചയുണ്ടായില്ല. അതെന്നെ വല്ലാതെ സങ്കടപ്പെടുത്തി. എന്റെ നോമ്പ് അല്ലാഹു സ്വീകരിക്കുന്നില്ലേയെന്ന് എനിക്ക് പേടി തോന്നി. എങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളിലും ഞാന്‍ നോമ്പ് എടുത്തു. ആ ദിവസങ്ങളിലും ഇതേ അവസ്ഥ തന്നെയായിരുന്നു. ഞാന്‍ നല്ലതല്ലാത്തതുകൊണ്ടായിരിക്കുമോ എന്റെ നോമ്പ് അല്ലാഹു സ്വീകരിക്കാത്തതെന്ന തോന്നല്‍ വീണ്ടും വീണ്ടും എന്നെ സങ്കടപ്പെടുത്തി.
നോമ്പ് തുറന്നതിനു ശേഷം ആരും കാണാതെ സുജൂദില്‍ കിടന്നുകൊണ്ട് സത്യം കാണിച്ചുതരാന്‍ റബ്ബിനോട് കുറേ കരഞ്ഞു പ്രാര്‍ഥിച്ചു. നോമ്പ് എടുത്തുകൊണ്ട് കോളജില്‍ പോകുന്ന ദിവസങ്ങളില്‍ മറ്റു മുസ്‌ലിം കുട്ടികളെ കാണുമ്പോള്‍ “ഞാനും ഒരിക്കല്‍ എല്ലാ രീതിയിലും നിങ്ങളെപ്പോലെ ആകുമെന്ന് മനസ്സില്‍ പറയുമായിരുന്നു. ലീവിനു വീട്ടില്‍ പോയപ്പോള്‍ നോമ്പ് എടുക്കാന്‍ കഴിഞ്ഞില്ല. അച്ഛനും അമ്മക്കും അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായിരുന്നു. നോമ്പ് അനുഷ്ഠിക്കുമ്പോള്‍ എന്തെന്നില്ലാത്ത അനുഭൂതി എനിക്ക് അനുഭവപ്പെട്ടു. ആ സമയത്തൊക്കെ പൂര്‍ണമായും മുസ്‌ലിമായി ജീവിക്കുന്ന അവസ്ഥ മനസ്സിന് എത്ര തൃപ്തി നല്‍കുമെന്ന് ഞാന്‍ ആലോചിക്കുമായിരുന്നു. അതിലേക്ക് എന്നെ എത്തിക്കണമെന്ന് അല്ലാഹുവിനോട് നിരന്തരം മനസ്സലിഞ്ഞു പ്രാര്‍ഥിച്ചു.
ലീവിന്റെ സമയത്ത് നഷ്ടപ്പെട്ട നോമ്പ് പിന്നീട് എടുത്തു വീട്ടി. നോമ്പ് പിന്നീട് എന്നും എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം നല്‍കി. അതുകൊണ്ടുതന്നെ സുന്നത്ത് നോമ്പുകള്‍ എടുക്കാന്‍ തുടങ്ങി. പിന്നീട് വന്ന റമദാനില്‍ വീട്ടില്‍ പോയപ്പോഴും നോമ്പ് എടുത്തു. ഞാന്‍ തട്ടമിട്ടാലും നമസ്‌കരിച്ചാലും എന്റെ വീട്ടില്‍ ശ്രദ്ധിക്കപ്പെടുമായിരുന്നു. പക്ഷേ, നോമ്പ് എനിക്ക് വീട്ടില്‍ വച്ച് എടുക്കാന്‍ സാധിച്ചിരുന്നു. നോമ്പില്‍ നിന്നുണ്ടായ അനുഭൂതിയില്‍ നിന്ന് ഇസ്‌ലാമിനെ കൂടുതല്‍ അടുത്തറിയാന്‍ തീരുമാനിച്ചു. എന്ത് പ്രശ്‌നം ഉണ്ടായാലും നോമ്പ് എനിക്കൊരു ആശ്വാസമായിരുന്നു.
കഴിഞ്ഞ റമദാനില്‍ ഞാന്‍ എന്റെ വീട്ടില്‍ തടങ്കലിലായിരുന്നു. വീട്ടില്‍ എത്തിയ അടുത്ത ദിവസം മുതല്‍ നോമ്പ് തുടങ്ങി. പുലര്‍ച്ചെ വെള്ളം കുടിച്ച് നോമ്പ് തുടങ്ങി, നോമ്പ് തുറക്കുമ്പോള്‍ എന്തു കഴിക്കുമെന്നു വ്യാകുലപ്പെട്ടിരുന്നു. പക്ഷേ, നോമ്പ് തുറക്കുമ്പോള്‍ ഭക്ഷണത്തിനു ബുദ്ധിമുട്ട് ഉണ്ടായില്ല. അങ്ങനെയൊരു തീരുമാനത്തില്‍ എത്തിയത് അല്ലാഹുവിനോട് ഏറ്റവും അടുത്തുനില്‍ക്കുന്നവര്‍ ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടേണ്ടതിെല്ലന്ന തിരിച്ചറിവാണ്.
ഈ അനുഭവിക്കുന്നതൊക്കെ നല്ലതിനായിരിക്കാമെന്നും താങ്ങാന്‍ പറ്റാത്ത പരീക്ഷണങ്ങള്‍ എന്റെ റബ്ബ് എനിക്ക് നല്‍കിെല്ലന്നും എല്ലാം നല്ലതിനാണ് എന്നും ഉറച്ചുവിശ്വസിച്ചു. അതുകൊണ്ടുതന്നെ വീട്ടില്‍ തടവിലായിരുന്നപ്പോഴും സംതൃപ്തിയോടെ നോമ്പ് അനുഷ്ഠിക്കാന്‍ സാധിച്ചു. അതെല്ലാം അല്ലാഹു സ്വീകരിക്കട്ടെ എന്നാണ് പ്രാര്‍ഥന.
Next Story

RELATED STORIES

Share it