Flash News

തച്ചങ്കരിയുടെ നിയമനത്തില്‍ തെറ്റില്ലെന്ന് സര്‍ക്കാര്‍



കൊച്ചി: ടോമിന്‍ ജെ തച്ചങ്കരിയെ പോലിസ് ആസ്ഥാനത്ത് ഭരണച്ചുമതലയുള്ള എഡിജിപിയായി നിയമിച്ചതില്‍ തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇതിലൂടെ സംസ്ഥാന പോലിസ് മേധാവിയുടെ പ്രവര്‍ത്തനങ്ങളില്‍ ഒരുതരത്തിലും ഇടപെടാന്‍ അദ്ദേഹത്തിന് സാധിക്കില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു. സുപ്രിംകോടതിയുത്തരവനുസരിച്ച് ടി പി സെന്‍കുമാര്‍ ഡിജിപിയായി ചുമതല ഏറ്റെടുക്കുന്നതിനു മുമ്പ് പോലിസ് ആസ്ഥാനത്ത് ടോമിന്‍ ജെ തച്ചങ്കരി ഉള്‍പ്പെടെയുള്ളവരെ നിയമിച്ചതിനെതിരേ ആലപ്പുഴ രാമങ്കരി സ്വദേശി ജോസ് തോമസ് നല്‍കിയ ഹരജിയിലാണ് പൊതുഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി കെ രാജ ശശി ഇക്കാര്യം വ്യക്തമാക്കി മറുപടി സത്യവാങ്മൂലം നല്‍കിയത്.  തച്ചങ്കരിക്കെതിരേ ഹരജിയില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തള്ളിയാണ് സര്‍ക്കാര്‍ വിശദീകരണം.  രണ്ടു പരാതികളില്‍ വിജിലന്‍സ് ത്വരിതാന്വേഷണം മാത്രമാണ് ടോമിന്‍ തച്ചങ്കരിക്കെതിരേ നിലവിലുള്ളതെന്നും ഒരു ക്രിമിനല്‍ കേസിലും അദ്ദേഹത്തിനെതിരേ  കോടതി കുറ്റം ചുമത്തിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.  അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയൊഴികെയുള്ള കേസുകളൊക്കെ സര്‍ക്കാര്‍ അവസാനിപ്പിച്ചതാണ്.  ടോമിന്‍ ജെ തച്ചങ്കരിക്കെതിരേ വകുപ്പുതല അന്വേഷണമൊന്നും നിലവിലില്ല. സര്‍വീസില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന് ഐപിഎസ് മാര്‍ഗനിര്‍ദേശമനുസരിച്ച് സ്ഥാനക്കയറ്റത്തിന് അര്‍ഹതയുണ്ടെന്നും മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.  പൊതുതാല്‍പര്യത്തിന്റെ മറവില്‍ വ്യക്തിതാല്‍പര്യമാണ് ഇതിനു പിന്നിലുള്ളത്. സര്‍വീസ് വിഷയത്തില്‍ പൊതുതാല്‍പര്യ ഹരജി നിലനില്‍ക്കില്ല.  പോലിസ് ആസ്ഥാനത്ത് പിടിമുറുക്കാനുള്ള സര്‍ക്കാരിന്റെ ശ്രമഫലമായാണ് തച്ചങ്കരിയെ എഡിജിപിയായി നിയമിച്ചതെന്ന ഹരജിക്കാരന്റെ വാദം ഭാവന മാത്രമാണ്. പോലിസിലെ ഇടപെടലുകളെക്കുറിച്ച് സുപ്രിംകോടതി വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത് അട്ടിമറിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ല. സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് നടത്താനാണിത്. പോലിസ് ആസ്ഥാനത്തു നിന്നുള്ള ശുപാര്‍ശ കൂടി കണക്കിലെടുത്താണ് ഇതു നടത്തുന്നത്. ഇത്തരം സ്ഥലം മാറ്റം സര്‍ക്കാരിന്റെ വിവേചനാധികാരമാണ്. എഡിജിപിയടക്കമുള്ളവര്‍ സംസ്ഥാന പോലിസ് മേധാവിക്ക് താഴെയാണ്. ടോമിന്‍ തച്ചങ്കരിക്ക് ക്രമസമാധാന പാലനത്തിന്റെ ചുമതലയല്ല, ഭരണപരമായ ചുമതലയാണ് നല്‍കിയിട്ടുള്ളതെന്നും മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു. ഹരജി അടുത്തദിവസം ഹൈക്കോടതി പരിഗണിച്ചേക്കും.
Next Story

RELATED STORIES

Share it