Flash News

തച്ചങ്കരിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഡിജിപിയുടെ റിപോര്‍ട്ട്



തിരുവനന്തപുരം: എഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഡിജിപി സെന്‍കുമാര്‍. അതീവ രഹസ്യഫയലുകള്‍ സൂക്ഷിക്കുന്ന പോലിസ് ആസ്ഥാനത്തെ ടി ബ്രാഞ്ചില്‍ നിന്ന് എഡിജിപി ഫയലുകള്‍ ചോര്‍ത്തിയതായി സെന്‍കുമാര്‍ ആഭ്യന്തര വകുപ്പിന് റിപോര്‍ട്ട് നല്‍കി. ഡിജിപി കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി തച്ചങ്കരി ആഭ്യന്തര വകുപ്പിന് കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു. ഇതിന്മേല്‍ ആഭ്യന്തര വകുപ്പ് സെന്‍കുമാറിനോട് വിശദീകരണം ചോദിച്ചു. തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറിക്ക് സെന്‍കുമാര്‍ നല്‍കിയ മറുപടിയിലാണ് തച്ചങ്കരിക്കെതിരായ രൂക്ഷവിമര്‍ശനമുള്ളത്. ടോമിന്‍ തച്ചങ്കരി ഗുരുതര അച്ചടക്കലംഘനം നടത്തിയെന്നും ടി ബ്രാഞ്ചില്‍ നിന്നു തച്ചങ്കരിക്കെതിരായ പരാതികളുടെ ഫയലുകളാണ് കാണാതായതെന്നും റിപോര്‍ട്ട് പറയുന്നു. അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കണമെന്നും ഫയലുകള്‍ ഉടന്‍ കൈമാറണമെന്നും സെന്‍കുമാര്‍ നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരേ തച്ചങ്കരി ആഭ്യന്തര സെക്രട്ടറിക്ക് രഹസ്യ റിപോര്‍ട്ട് നല്‍കി. വിരമിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ഫയലുകള്‍ ആവശ്യപ്പെടുന്നത് ദുഷ്ടലാക്കോടെയാണെന്നായിരുന്നു തച്ചങ്കരിയുടെ റിപോര്‍ട്ട്. തന്നോട് ഡിജിപി പ്രതികാരബുദ്ധിയോടെ പെരുമാറുന്നുവെന്നും തച്ചങ്കരി റിപോര്‍ട്ടില്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് ചീഫ് സെക്രട്ടറി നളിനി നെറ്റോ സെന്‍കുമാറിനോട് വിശദീകരണം തേടിയത്. തച്ചങ്കരിയുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടുന്ന സെന്‍കുമാര്‍, തച്ചങ്കരിയെ താക്കീത് ചെയ്യുക മാത്രമാണ് ചെയ്തതെന്നും റിപോര്‍ട്ടില്‍ പറയുന്നു. അതിനിടെ, പോലിസ് ആസ്ഥാനത്തെ ചേരിപ്പോര് ആഭ്യന്തര വകുപ്പിന് തലവേദനയായിരിക്കുകയാണ്. സുപ്രിംകോടതി വിധിയെ തുടര്‍ന്ന് ഡിജിപി സ്ഥാനത്തേക്ക് തിരിച്ചെത്തിയ സെന്‍കുമാറും ആഭ്യന്തര വകുപ്പും തമ്മില്‍ ഭിന്നത തുടരുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോര്.
Next Story

RELATED STORIES

Share it