തങ്ങള്‍ പ്രഭാവം തിരിച്ച് വരുന്നു

മലപ്പുറം: കേരള നിയമസഭാ ചരിത്രത്തിലെ തങ്ങള്‍ പ്രഭാവം തിരിച്ചുവരുന്നു. നാല് തങ്ങള്‍മാരാണ് ഇക്കുറി ഗോദയിലുള്ളത്. കോട്ടക്കലിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ കെ ആബിദ് ഹുസയ്ന്‍ തങ്ങള്‍, വള്ളിക്കുന്നിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഒ കെ തങ്ങള്‍, പെരിന്തല്‍മണ്ണയിലെ പിഡിപി സ്ഥാനാര്‍ഥി മുസ്തഫ പൂക്കോയ തങ്ങള്‍, മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ എന്‍ ബാദുഷ തങ്ങള്‍ എന്നിവരാണ് ഇത്തവണ നിയമസഭയിലേക്കു മല്‍സരിക്കുന്നത്.
നിയമനിര്‍മാണ സഭയിലെ തങ്ങള്‍ മാഹാത്മ്യത്തിനു തുടക്കംകുറിക്കുന്നത് 1954 മുതലാണ്. അന്ന് മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥികളായ ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടുവള്ളിയില്‍ നിന്നും പി വി എസ് മുസ്തഫ പൂക്കോയ തങ്ങള്‍ മങ്കടയില്‍ നിന്നും വിജയിച്ചു. 60ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിലേ—ക്ക് ലീഗ് പ്രതിനിധികളായി പൊന്നാനിയില്‍ നിന്ന് പി വി സി തങ്ങളും അണ്ടത്തോടുനിന്ന് ബി യു സീതി തങ്ങളും തിരഞ്ഞെടുക്കപ്പെട്ടു. 67ല്‍ കൊണ്ടോട്ടിയില്‍ നിന്ന് സെയ്ത് ഉമ്മര്‍ ബാഫഖി തങ്ങളും പൊന്നാനിയില്‍ വി പി സി തങ്ങളും ഗുരുവായൂരില്‍ നിന്ന് ബി യു സീതി തങ്ങളും ലീഗ് എംഎല്‍എമാരായി തിരഞ്ഞെടുക്കപ്പെട്ടു. 70ല്‍ കുന്ദമംഗലത്തുനിന്ന് പി വി എസ് മുസ്തഫ പൂക്കോയ തങ്ങളും പെരിന്തല്‍മണ്ണയില്‍ നിന്ന് കെ കെ എസ് തങ്ങളും താനൂരില്‍ നിന്ന് സെയ്ത് ഉമ്മര്‍ ബാഫഖി തങ്ങളും സഭയിലെത്തി. 77ല്‍ ഗുരുവായൂരില്‍ നിന്ന് ബി വി സി തങ്ങളും പെരിന്തല്‍മണ്ണയില്‍ നിന്ന് കെ കെ എസ് തങ്ങളും ലീഗ് ബാനറില്‍ തന്നെ എംഎല്‍എമാരായി. ശേഷം നാലു പതിറ്റാണ്ടോളമായി തങ്ങള്‍ കുടുംബത്തില്‍നിന്ന് എംഎല്‍എമാരുണ്ടായിട്ടില്ല.
14ാം സഭയിലേ—ക്കു മല്‍സരിക്കുന്നവരില്‍ വിജയപ്രതീക്ഷ പുലര്‍ത്തുന്ന മുന്‍ എംഎല്‍എ കെ കെ എസ് തങ്ങളുടെ മകന്‍ കെ കെ ആബിദ് ഹുസയ്ന്‍ തങ്ങള്‍ മങ്കട മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റാണ്. ഫാറൂഖ് കോളജ് സോഷ്യോളജി വിഭാഗം മേധാവികൂടിയായ ആബിദ് തങ്ങള്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗവും ലീഗ് കോളജ് അധ്യാപക സംഘടനയായ സികെസിടിഎ സംസ്ഥാന പ്രസിഡന്റുമാണ്. ദീര്‍ഘകാലം മക്കരപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഡ്വ. ഒ കെ തങ്ങളെന്ന ഓലശ്ശേരി സയ്യിദ് ഇബ്രാഹിം കുഞ്ഞിക്കോയ തങ്ങള്‍ പുളിക്കല്‍ വലിയപറമ്പ് സ്വദേശിയും ഐഎന്‍എല്‍ മലപ്പുറം ജില്ലാ പ്രസിഡന്റുമാണ്. നേരത്തെ മഞ്ചേരി ജില്ലാ കോടതിയില്‍ അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. ബിജെപിക്കും ഇതാദ്യമായി സയ്യിദ് കുടുംബത്തില്‍നിന്നൊരാളെ സ്ഥാനാര്‍ഥിയായി ലഭിച്ചു. മലപ്പുറത്തുനിന്നു മല്‍സരിക്കുന്ന ബാദുഷ തങ്ങള്‍ ന്യൂനപക്ഷ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റാണ്. 2001ലെ തിരഞ്ഞെടുപ്പില്‍ താനൂരില്‍ നിന്ന് സ്വതന്ത്രനായി മല്‍സരിച്ചിട്ടുണ്ട്. താനൂര്‍ പനങ്ങാട്ടൂര്‍ സ്വദേശിയാണ്. മുസ്തഫ പൂക്കോയ തങ്ങള്‍ പിഡിപി മണ്ഡലം പ്രസിഡന്റാണ്. പെരിന്തല്‍മണ്ണ താഴേക്കോട് സ്വദേശി.
Next Story

RELATED STORIES

Share it