തങ്ങളെ ബലിയാടാക്കുന്നുവെന്ന് അറസ്റ്റിലായ പോലിസുകാര്‍

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ തങ്ങളെ ബലിയാടാക്കാന്‍ ശ്രമിക്കുന്നുവെന്ന് വ്യക്തമാക്കി കേസില്‍ അറസ്റ്റിലായ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍ടിഎഫ്) അംഗങ്ങള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും അയച്ച വീഡിയോ സന്ദേശം പുറത്ത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ പോയത് മുകളിലുള്ള ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് അറസ്റ്റിലായ ജിതിന്‍രാജ്, സന്തോഷ്, സുമേഷ് എന്നിവര്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു. തങ്ങളെ ബലിയാടുകളാക്കുകയാണെന്നും നുണപരിശോധനയ്ക്ക് തയ്യാറാണെന്നും ഇവര്‍ പറയുന്നു.
സിഐയുടെ നിര്‍ദേശപ്രകാരമാണ് തങ്ങള്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ പോയത്. മഫ്തിയിലാണ് ശ്രീജിത്തിന്റെ വീട്ടിലെത്തിയത്. തങ്ങള്‍ വീട്ടിലെത്തുമ്പോള്‍ ശ്രീജിത്ത് കിടക്കുകയായിരുന്നു. അമ്മ ശ്രീജിത്തിനെ വിളിച്ചെഴുന്നേല്‍പ്പിച്ച് ഷര്‍ട്ട് എടുത്തുകൊടുത്തു. ഭാര്യയും ഉണ്ടായിരുന്നു. തുടര്‍ന്ന് സഹോദരന്‍ സജിത്തിനെയും വിളിച്ച് തങ്ങളുടെ കൂടെ പറഞ്ഞുവിടുകയായിരുന്നു. തുടര്‍ന്ന് സിഐ വിളിച്ചുപറഞ്ഞതനുസരിച്ച് എത്തിയ വാഹനത്തില്‍ കയറ്റി പോലിസ് സ്‌റ്റേഷനിലേക്ക് അയക്കുകയാണ് ചെയ്തത്. അതിനുശേഷം അവിടെ നിന്ന് സുധിയെന്ന ആളെ കസ്റ്റഡിയിലെടുക്കാന്‍ പോയി. ഗണേഷ് എന്നയാളും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. അയാളെ വിളിച്ചുചോദിച്ചാല്‍ കാര്യങ്ങള്‍ അറിയാം. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് മൂന്നു ദിവസം കഴിഞ്ഞിട്ടും പരിക്കു സംബന്ധിച്ച് വരാപ്പുഴ പോലിസ് സ്‌റ്റേഷനില്‍ നിന്ന് ഒരാളും തങ്ങളെ വിളിച്ചു ചോദിച്ചിട്ടില്ല. തങ്ങള്‍ക്കെതിരേ ഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് ഇതില്‍ നിന്നു വ്യക്തമാവുന്നത്.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതിന്റെ പിറ്റേദിവസം പോലിസ് സ്‌റ്റേഷനില്‍ തങ്ങളെ കണ്ടുവെന്ന് ശ്രീജിത്തിന്റെ ഭാര്യ മനുഷ്യാവകാശ കമ്മീഷന് മൊഴി നല്‍കിയതായി അറിയാന്‍ കഴിഞ്ഞു. ഇതു തെറ്റാണ്. തങ്ങള്‍ പിറ്റേദിവസം പോലിസ് സ്‌റ്റേഷനില്‍ ഉണ്ടായിരുന്നില്ല. തങ്ങളെ മാത്രം പ്രതിയാക്കി തെറ്റു ചെയ്തവര്‍ രക്ഷപ്പെടാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇക്കാര്യം പരിശോധിക്കണം. ശ്രീജിത്തിന്റെ കുടുംബത്തിന് നീതി ലഭിക്കണം. ഒപ്പം തങ്ങളുടെ കുടുംബത്തിനും നീതി ലഭിക്കണമെന്നും ഇവര്‍ പറയുന്നു.
പ്രത്യേക അന്വേഷണ സംഘത്തിനെതിരേ പോലിസുകാരുടെ അമ്മമാരും ബന്ധുക്കളും രംഗത്തെത്തി. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ തങ്ങളുടെ മക്കളെ കുടുക്കിയതാണെന്ന് അമ്മമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ നുണ പരിശോധനയക്ക് വിധേയരാക്കണമെന്നും കേസില്‍ പുതിയ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പോലീസ് ക്ലബ്ബിന്റെ മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
Next Story

RELATED STORIES

Share it