malappuram local

തങ്കവുമായി മുങ്ങിയ ബംഗാള്‍ സ്വദേശി പിടിയില്‍

വളാഞ്ചേരി: ആഭരണം നിര്‍മിക്കാനേല്‍പ്പിച്ച തങ്കവുമായി മുങ്ങിയ ബംഗാള്‍ സ്വദേശി പിടിയില്‍. തയ്യില്‍ ജ്വല്ലറിക്ക് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ചുനല്‍കി വരുന്ന ബംഗാള്‍ സ്വദേശി അനറുല്‍ഖാന്റെ കീഴില്‍ ജോലി ചെയ്യുന്ന വെസ്റ്റ് ബംഗാള്‍ ഹുഗഌ സ്വദേശി പൂര്‍ണമേത്തി (40)നെയാണ് വളാഞ്ചേരി സിഐ കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബംഗാളിലെ ഷാലിമാര്‍ റെയില്‍വേസ്‌റ്റേഷനില്‍ നിന്നു പിടികൂടിയത്. കഴിഞ്ഞ ഒന്നര വര്‍ഷമായി വളാഞ്ചേരിയിലെ ജ്വല്ലറിയിലേക്ക് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്നത് അനറുല്‍ഹഖാണ്. ബോംബെയില്‍ ജോലി ചെയ്തിരുന്ന പൂര്‍ണമേത്തി 22 ദിവസം മുന്‍പാണ് അനറുല്‍ഖാന്റെ സ്വര്‍ണ പണിശാലയില്‍ ജോലിക്കെത്തിയത്. ജ്വല്ലറി ഉടമ സ്വര്‍ണാഭരണം നിര്‍മാണത്തിനായി 900 ഗ്രാം തങ്കം അനറുല്‍ഖാനെ ഏല്‍പിച്ചു. ഇതില്‍ 465 ഗ്രാം സ്വര്‍ണ ഉരുപ്പടികളാക്കി കട ഉടമയ്ക്ക് തിരിച്ചു നല്‍കിയിരുന്നു. ബാക്കിയുള്ള 435 ഗ്രാം തങ്കവുമായാണ് പ്രതി മുങ്ങിയത്.
കൊല്‍ക്കത്ത സിജെഎം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി. നാട്ടിലെത്തിയ പ്രതിയെ തിരൂര്‍ കോടതിയില്‍ റിമാന്റ് ചെയ്തു. സിഐ കെ ജി സുരേഷ്, അഡീഷനല്‍ എസ്‌ഐ സി പി വാസുദേവന്‍, എസ്‌സിപിഒ കെ അച്ചുതന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it