തങ്കച്ചന് മറുപടിയുമായി വൈക്കം വിശ്വന്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയത്തിന് കള്ളവോട്ടും കാരണമായെന്നുള്ള യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ പ്രസ്താവനയ്‌ക്കെതിരേ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. തദ്ദേശ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് ന്യായീകരണമായി ഇരട്ടവോട്ട് സിദ്ധാന്തം കൊണ്ടുവരുന്ന യുഡിഎഫ് കണ്‍വീനര്‍ സ്വയം പരിഹാസ്യനാവരുതെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു.
നേരിയ വിജയമല്ല നിര്‍ണായകമായ വിജയംതന്നെയാണ് എല്‍ഡിഎഫ് നേടിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത് ജനവിധി സര്‍ക്കാരിന്റെ വിലയിരുത്തലാവുമെന്നാണ്. യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൊളളരുതാത്തതാണെന്ന് ജനങ്ങള്‍ വിലയിരുത്തിയതുകൊണ്ടാണ് ആ മുന്നണി പരാജയപ്പെട്ടത്. അതംഗീകരിക്കുന്നതിനു പകരം വിചിത്ര ന്യായീകരണങ്ങളുമായി വരുന്നത് വോട്ടര്‍മാരോടുള്ള അവഹേളനമാണ്.
വ്യത്യസ്ത പാര്‍ട്ടികള്‍ ജാഗരൂകമായി ഇടപെടുന്ന കേരളത്തിന്റെ രാഷ്ട്രീയാവസ്ഥയില്‍ ഒരു പാര്‍ട്ടിക്കും തങ്കച്ചന്‍ പറയുന്ന തരത്തില്‍ വോട്ടര്‍പട്ടികയില്‍ കൃത്രിമം നടത്താന്‍ കഴിയില്ല. തിരഞ്ഞെടുപ്പിന് മുമ്പോ, വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ഘട്ടത്തിലോ ഇല്ലാത്ത വെളിപാട് ഇപ്പോള്‍ വന്നത് ജനങ്ങളുടെ വികാരം അംഗീകരിക്കാനുള്ള മടികൊണ്ടാണ്.
ആരെങ്കിലും കള്ളവോട്ട് ചേര്‍ക്കുന്നുവെങ്കില്‍ അതു കണ്ടെത്താനും തടയാനും ഔദ്യോഗിക സംവിധാനത്തിനു പുറമെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക പ്രവര്‍ത്തകര്‍ക്കും അവസരമുണ്ട്. യുഡിഎഫിന് അത്തരം കഴിവില്ലാത്തതുകൊണ്ടാണോ ഒരു സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചതെന്ന് വൈക്കം വിശ്വന്‍ ചോദിച്ചു. വോട്ടുചെയ്ത ജനങ്ങളെയും ജയിച്ച മുന്നണിയെയും ആക്ഷേപിക്കുന്നത് രാഷ്ട്രീയ മര്യാദയല്ലെന്നും വൈക്കം വിശ്വന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it