Alappuzha local

തക്കാളിപ്പനി പടരുന്നു; കുട്ടികള്‍ക്കിടയില്‍ രോഗം വ്യാപകമായി

പൂച്ചാക്കല്‍: ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലയില്‍ തക്കാളിപ്പനി പടര്‍ന്നു പിടിക്കുന്നു. കൈയിലും കാലിലും കുമിളകള്‍ പോലെ കൂമ്പി നില്‍ക്കുന്ന രോഗം കുട്ടികളിലാണ് കൂടുതലും പിടിപ്പെട്ടിരിക്കുന്നത്.
അരൂക്കുറ്റി, അരൂര്‍, പാണാവള്ളി പഞ്ചായത്തുകളിലാണ് തക്കാളിപ്പനി വ്യാപകമായത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മറ്റ് ആശുപത്രിക്കളിലും തക്കാളിപ്പനി പിടിപ്പെട്ട് നിരവധി പേര്‍ ചികില്‍സ തേടി. അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളിലാണ് രോഗം വ്യാപകമായി കാണുന്നത്. പ്രധാനമായും കാലവസ്ഥ വ്യതിയാനമാണ് രോഗത്തിന് കാരണം. നേരത്തെയും ഈ പ്രദേശങ്ങളില്‍ തക്കാളിപ്പനി കണ്ടിരുന്നു.
അതേസമയം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പ് വേണ്ടത്ര ശ്രദ്ധ ചെലുത്തിന്നില്ലെന്ന പരാതിയുണ്ട്. അരൂര്‍, അരൂക്കുറ്റി മേഖലയില്‍ രോഗികളില്‍ പലരും ഹോമിയോ ചികില്‍സയെയാണ് ആശ്രയിക്കുന്നത്. ചിക്കന്‍പോക്‌സ് പോലെ പടര്‍ന്ന് പിടിക്കില്ലെങ്കിലും ആരംഭത്തില്‍ തന്നെ ചികില്‍സ നല്‍കിയില്ലെങ്കിലും ഗുരുതരാവസ്ഥയിലാവും.
തക്കാളിപ്പനി അത്രയും മാരകമല്ലെന്നാണ് വൈദ്യശാസ്ത്രരംഗത്തെ വിദഗ്ധര്‍ പറയുന്നത്. പേരു പോലെ തന്നെ തക്കാളി പോലെയുള്ള കുരുക്കള്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടും. ചിലര്‍ക്ക് കടുത്ത ചൂടും പനിയും ഉണ്ടാവും. കുരുക്കള്‍ വന്ന് കഴിഞ്ഞാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ പൊട്ടുകയും ചെയ്യും. കെയിലെ വെള്ള, വിരല്‍, കാലിന്റെ തുട ഭാഗങ്ങളിലാണ് കുമിളകള്‍ പോലെ പൊങ്ങുന്നത്. രോഗത്തിന്റ ലക്ഷണമായി ശരീരത്തിന് ശക്തമായ ചൂടും ചൊറിച്ചിലും അനുഭവപ്പെടും. വായിലും കുരുക്കള്‍ വരുന്നതിനാല്‍ കുട്ടികള്‍ക്ക് ആഹാരം കഴിക്കാനും പ്രയാസമുണ്ടാവും. കോക്‌സാക്കി വൈറസ് പകര്‍ത്തുന്ന തക്കാളിപ്പനിക്ക് പ്രത്യേക മരുന്നുകളും കണ്ടെത്തിയിട്ടില്ല. ഒരാഴ്ചക്കുള്ളില്‍ രോഗം ഭേദമാവുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.
കുമിളകള്‍ പോലെ പൊങ്ങിയ ഭാഗങ്ങള്‍ നേരിയ ചൂടുവെള്ളത്തില്‍ കഴുകുന്നതും ആരിവേപ്പില ഉപയോഗിച്ച് തുടക്കുന്നതും നല്ലതാണ്.
Next Story

RELATED STORIES

Share it