Flash News

തകര്‍പ്പന്‍ പോരിന് കളമൊരുങ്ങി; റയലും ബയേണും നേര്‍ക്കുനേര്‍

തകര്‍പ്പന്‍ പോരിന് കളമൊരുങ്ങി; റയലും ബയേണും നേര്‍ക്കുനേര്‍
X


മ്യൂണിക്ക്: യുവേഫ ചാംപ്യന്‍സ് ലീഗിലെ രണ്ടാം സെമിയില്‍ സ്പാനിഷ് ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡും ജര്‍മന്‍ കരുത്തന്‍മാരായ ബയേണ്‍ മ്യൂണിക്കും നേര്‍ക്കുനേര്‍. ആദ്യ പാദ സെമി ബയേണ്‍ മ്യൂണിക്കിന്റെ തട്ടകമായ അലിയന്‍സ് അരീനയിലാണ് നടക്കുന്നത്.നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് അവസാന അഞ്ച് മല്‍സരങ്ങള്‍ പ്രകാരം അത്ര മികച്ച ഫോമിലല്ല. അവസാനത്തെ അഞ്ച് മല്‍സരത്തില്‍ രണ്ട് മല്‍സരത്തില്‍ റയല്‍ നിര വിജയിച്ചപ്പോള്‍ രണ്ട് സമനിലയിലും ഒരു മല്‍സരം തോല്‍വിയിലും കലാശിച്ചു. ക്വാര്‍ട്ടറില്‍ യുവന്റസിനോട് സ്വന്തം തട്ടകത്തില്‍ 3-1ന് തോല്‍വി വഴങ്ങിയതിന്റെ ക്ഷീണം റയല്‍ നിരക്ക് നന്നായിട്ടുണ്ട്. ആദ്യ പാദത്തില്‍ യുവന്റസിന്റെ തട്ടകത്തില്‍ 3-0ന് റയല്‍ ജയിച്ചിരുന്നു. സ്പാനിഷ് ലീഗ് കിരീടം ലഭിക്കില്ലെന്നുറപ്പായ സ്ഥിതിക്ക് ചാംപ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തേണ്ടത് റയലിന് അഭിമാന പ്രശ്‌നമാണ്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കളിമികവിലാണ് റയലിന്റെ പ്രതീക്ഷകള്‍. ഇതുവരെ 15 ഗോളുകളും രണ്ട് അസിസ്റ്റുമായി ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ റൊണാള്‍ഡോ ബഹുദൂരം മുന്നിലാണ്. അതേ സമയം റൊണാള്‍ഡോയല്ലാതെ മറ്റൊരു താരവും ഗോള്‍ വേട്ടക്കാരുടെ പട്ടികയുടെ മുന്‍നിരയില്ല എന്നത് റയലിന് തിരിച്ചടിയാണ്.ബയേണ്‍ മ്യൂണിക്കും മികച്ച ഫോമിലാണ് സെമി പോരാട്ടത്തിനൊരുങ്ങുന്നത്. അവസാനം കളിച്ച അഞ്ച് മല്‍സരത്തില്‍ ഒരു മല്‍സരത്തില്‍പോലും ബയേണ്‍ തോല്‍വി അറിഞ്ഞിട്ടില്ല. സെവിയ്യയെ 2-1ന് തകര്‍ത്താണ് ബയേണ്‍ സെമിയില്‍ സീറ്റുറപ്പിച്ചത്. ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ലെവന്‍ഡോസ്‌കിയാണ് ബയേണ്‍നിരയില്‍ മുന്നിട്ട് നില്‍ക്കുന്നത്. അഞ്ച് ഗോളും ഒരു അസിസ്റ്റുമാണ് ലെവന്‍ഡോസ്‌ക്കിക്കുള്ളത്. മൂന്ന് ഗോളുകളുമായി അല്‍കാന്‍ഡ്രയും തോമസ് മുള്ളറും  ടൊളിസ്‌കോയും ബയേണിന് കരുത്തേകുന്നു.പരിക്കാണ് ബയേണിന് പ്രധാന തലവേദന സൃഷ്ടിക്കുന്നത്. കിങ്സ്ലി കോമാന്‍, ആര്‍ട്യൂറോ വിദാല്‍, ഡേവിഡ് അലാബ, ടൊളിസ്‌കോ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്. ഇരു ടീമുകളും നേര്‍ക്കുനേര്‍ പോരടിച്ച കണക്കുകളില്‍ ആധിപത്യം റയല്‍ മാഡ്രിഡിനൊപ്പമാണ്. മുഖാമുഖം വന്ന അഞ്ച് മല്‍സരങ്ങളില്‍ മൂന്നുവട്ടവും ജയം റയലിനൊപ്പം നിന്നപ്പോള്‍ രണ്ട് മല്‍സരത്തില്‍ ബയേണും വിജയിച്ചു. അവസാനമായി മല്‍സരിച്ചപ്പോള്‍ ജയം ബയേണിനൊപ്പമായിരുന്നു. ഈ സീസണില്‍ ഒരു കിരീടം പോലും അക്കൗണ്ടിലാക്കാന്‍ കഴിയാതിരുന്ന റയല്‍ നിരക്ക് ബയേണിനെ വീഴ്ത്തി ഫൈനലില്‍ സീറ്റുറപ്പിക്കാന്‍ നന്നായി തന്നെ വിയര്‍ക്കേണ്ടി വരും.
Next Story

RELATED STORIES

Share it