തകര്‍ന്ന വീടുകള്‍ക്ക് നല്‍കുന്ന തുക വര്‍ധിപ്പിക്കും

തിരുവനന്തപുരം: പ്രളയത്തില്‍ വീടു തകര്‍ന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നു നല്‍കുന്ന നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രളയത്തില്‍ വീടുകള്‍ക്കുണ്ടായ നാശനഷ്ടത്തിന്റെ അളവ് 14-75 ശതമാനത്തിനിടയ്ക്ക് കണക്കാക്കി അഞ്ചു വിഭാഗമായി തിരിക്കും.
14 ശതമാനത്തിനു താഴെയാണ് നാശനഷ്ടമെങ്കില്‍ നഷ്ടപരിഹാരത്തുക ലഭിക്കില്ല. 15 ശതമാനം നാശം സംഭവിച്ച വീടുകള്‍ക്ക് 10,000 രൂപയും 16 മുതല്‍ 29 ശതമാനം വരെ കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്ക് 60,000 രൂപയും 30 മുതല്‍ 59 ശതമാനം വരെ നഷ്ടം സംഭവിച്ച വീടുകള്‍ക്ക് 1,25,000 രൂപയും 60 മുതല്‍ 74 ശതമാനം വരെ നാശം സംഭവിച്ചവയ്ക്ക് 2.5 ലക്ഷവുമാണ് ലഭിക്കുക.
75 ശതമാനവും അതിനുമേലെയും നാശമുണ്ടായ വീടുകളെ പൂര്‍ണമായി തകര്‍ന്നവയായി കണക്കാക്കും. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്ക് മലയോരപ്രദേശങ്ങളില്‍ 1,01,900 രൂപയും സമതലപ്രദേശങ്ങളില്‍ 95,100 രൂപയുമാണ് ദുരന്തപ്രതികരണ നിധിയില്‍ നിന്ന് നല്‍കുന്നത്. ഏതു മേഖലയിലായാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള വിഹിതം ചേര്‍ത്ത് മൊത്തം നാലു ലക്ഷം രൂപ ഓരോ വീടിനും നല്‍കും.
മലയോരപ്രദേശത്ത് 2,98,100 രൂപയും സമതലപ്രദേശത്ത് 3,04,900 രൂപയുമാണ് ദുരന്തപ്രതികരണ നിധിയില്‍ നിന്നുള്ള തുകയ്ക്കു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കുന്നത്.മൊത്തം 2.43 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

Next Story

RELATED STORIES

Share it