Alappuzha local

തകര്‍ന്ന റോഡുകള്‍ കുട്ടികള്‍ക്ക് ദുരിതമാവുന്നു

ആലപ്പുഴ: മധ്യവേനലവധിക്കുശേഷം വിദ്യാലയങ്ങള്‍ തു റന്നതോടൊപ്പം കനത്ത കാലവര്‍ഷവും കുരുന്നുകള്‍ക്ക് ദുരിതമായി. ജില്ലാ ഭരണകേന്ദ്രമായ കലക്ടറേറ്റിനുസമീപമുള്ള അഞ്ച് വിദ്യാലയങ്ങളിലെ കുട്ടികള്‍ സഞ്ചരിക്കുന്നത് വലിയകുളം-കലക്ടറേറ്റ് റോഡില്‍ കൂടിയാണ്. ചെളിയും മഴവെള്ളവും നിറഞ്ഞ റോഡില്‍ റോഡും കാനയും തിരിച്ചറിയാന്‍ കഴിയാതെ നീന്തിക്കടക്കുകയാണ് കുട്ടികള്‍.
റോഡിന്റെ വശങ്ങളിലുള്ള കാനകളിലെ സ്ലാബുകളില്‍ മിക്കവയും ഇടിഞ്ഞുപൊളിഞ്ഞുകിടക്കുകയാണ്. കുട്ടികള്‍ സ്ലാബില്‍ കയറി നടക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നു. വീതി കുറഞ്ഞ റോഡില്‍ പ്രത്യേക നടപ്പാതകളില്ല. റോഡിലെ അനധികൃതമായ വാഹന പാര്‍ക്കിങും വല്ലാത്ത ദുരിതമാണ്. റോഡിലെ കുഴികളും ഇടിഞ്ഞുപൊളിഞ്ഞ അരികുകളും മുതിര്‍ന്നവര്‍ക്കും വയോധികര്‍ക്കും സഞ്ചരിക്കാന്‍ പ്രയാസമാണ്. വാഹനങ്ങള്‍ക്ക് സൈഡ് കൊടുത്ത് മാറി നടക്കാന്‍ വളരെ ബുദ്ധിമുട്ടുന്നു. റോഡിന്റെ വശങ്ങളിലുള്ള കാനകളിലെ മാലിന്യങ്ങളും മണ്ണും നീക്കം ചെയ്ത് റോഡരികില്‍ തന്നെ നിക്ഷേപിക്കുന്നതിനാല്‍ രാത്രികാലങ്ങളില്‍ സഞ്ചരിക്കുന്നവര്‍ മണ്‍കൂനയില്‍ തെന്നിവീഴുന്നു.
തെക്കുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് നഗരത്തിലേക്ക് കയറാതെ എറണാകുളം ഭാഗത്തേക്ക് പോകാനുള്ള എളുപ്പമാര്‍ഗ്ഗം ഈ റോഡായതിനാല്‍ രൂക്ഷമായ ഗതാഗതത്തിരക്കാണ്. കൂടാതെ റോഡിലെ മെറ്റലും കല്ലുകളും ഇളകികിടക്കുന്നത് ഇരുചക്ര വാഹനയാത്ര ദുഷ്‌കരമാക്കുന്നു. വാഹനം തെന്നിമറിയുന്ന സംഭവങ്ങളും വിരളമല്ല.
മകന്റെ സ്‌കൂട്ടറിന്റെ പിറകിലിരുന്ന് സഞ്ചരിച്ച പിതാവ് തെറിച്ചു റോഡിലെ കുഴിയില്‍വീണ് ലോറിയ്ക്കടിയില്‍പെട്ട് മരിച്ച സംഭവം അധികനാള്‍ കഴിഞ്ഞിട്ടില്ല. സ്‌കൂള്‍ സമയങ്ങളില്‍ ഇവിടെ തിരക്കായതിനാല്‍ ട്രാഫിക്ക് നിയന്ത്രണവും വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
നഗരഹൃദയത്തിലെ ഈ പ്രധാന റോഡ് അറ്റകുറ്റപ്പണി നടത്തി സുഗമമായ യാത്രയ്ക്ക് ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്.
Next Story

RELATED STORIES

Share it