ernakulam local

തകര്‍ന്ന കലുങ്ക് പുനര്‍നിര്‍മിക്കണമെന്ന് ഓംബുഡ്‌സ്മാന്‍ ഉത്തരവ്

പെരുമ്പാവൂര്‍: അശമന്നൂര്‍ പഞ്ചായത്തിലെ 13ാം വാര്‍ഡിലെ തലപുഞ്ച റോഡില്‍ തകര്‍ന്നു കിടക്കുന്ന കലുങ്ക് പുനര്‍നിര്‍മിക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടു. ബലക്ഷയം സംഭവിച്ച കലുങ്ക് ശക്തിപ്പെടുത്തണമെന്നും ഉത്തരവിട്ടു.
ഉടന്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണം നടത്തണമെന്നാണ് ഉത്തരവ്. 2014ല്‍ തകര്‍ന്ന കലുങ്കിന്റെ പുനര്‍നിര്‍മാണത്തിനും മറ്റു രണ്ടു കലുങ്കുകളുടെ അറ്റകുറ്റപ്പണികള്‍ക്കുമായി ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ചില തല്‍പര കക്ഷികളെ ഉള്‍പ്പെടുത്തി ഗുണഭോക്തൃ സമിതിയുണ്ടാക്കി നിര്‍മാണം നടത്താനുള്ള നീക്കം നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നില്ല. ക്രമക്കേട് ഒഴിവാക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ച് പണികള്‍ നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പരാതിയുമായി രംഗത്തിറങ്ങുകയായിരുന്നു.
ജില്ലാ പഞ്ചായത്തധികൃതര്‍, മുഖ്യമന്ത്രി തുടങ്ങിയവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും പരിഹാരമില്ലാതെ വന്നപ്പോള്‍ ഓംബുഡ്‌സ്മാനെ സമീപിക്കുകയായിരുന്നു. ഇവിടെ റോഡിന് ഒരുവശം പാടശേഖരങ്ങളും മറുവശം ഉയര്‍ന്ന പുരയിടങ്ങളുമാണ്. മഴക്കാലത്ത് ഉയര്‍ന്ന പ്രദേശങ്ങളില്‍നിന്നുള്ള വെള്ളം കലുങ്കിനടിയിലൂടെയാണ് പാടശേഖരത്തിലേക്ക് പോയിരുന്നത്. റോഡില്‍ ഒരു കിലോമീറ്റര്‍ ദൂര പരിധിയില്‍ അഞ്ചു കലുങ്കുകളാണുള്ളത്. ഇവയിലൊന്ന് തകര്‍ന്നാണ് റോഡില്‍ വെള്ളക്കെട്ടും കൃഷിനാശവും പതിവായത്. ജില്ലാ പഞ്ചായത്തില്‍നിന്നും ഫണ്ട് അനുവദിച്ച് പണികള്‍ തുടങ്ങാനിരിക്കെ തകര്‍ന്ന കലുങ്ക് അടച്ചുകളയാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നതായും ഇത് ലക്ഷ്യംവച്ചാണ് നാട്ടുകാരറിയാതെ ഗുണഭോക്തൃ സമിതിയുണ്ടാക്കിയതെന്നും ആരോപണമുയര്‍ന്നിരുന്നു. സമീപത്തുള്ള പാറമട, ക്രഷറര്‍ വ്യവസായികളെ സഹായിക്കാനായിരുന്നു ഇതെന്ന് ആക്ഷേപുണ്ടായി. ഇതിനിടെ 35 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച തലപുഞ്ചപൂമല റോഡ് ടാറിങ് കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടും മുമ്പേ പൊളിഞ്ഞ് ഇളകി തുടങ്ങി. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it