Kollam Local

തകര്‍ന്നിട്ട് രണ്ടുവര്‍ഷം; ഹൈസ്‌കൂള്‍ ജങ്ഷന്‍ -റെയില്‍വേ സ്‌റ്റേഷന്‍ റോഡ് നന്നാക്കാന്‍ നടപടിയില്ല

കരുനാഗപ്പള്ളി:ദേശീയപാതയില്‍ നിന്നും ഹൈസ്‌കൂള്‍ ജങ്ഷന്‍ -റെയില്‍വേ സ്‌റ്റേഷന്‍ റോഡ് തകര്‍ന്നുകിടക്കാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷം പിന്നിടുമ്പോഴും നന്നാക്കാന്‍ നടപടിയില്ല. ആയിരക്കണക്കിന് സ്‌കൂള്‍ വിദ്യാര്‍ഥികളും റെയില്‍വേ സ്‌റ്റേഷനില്‍ വന്നു പോകുന്ന യാത്രക്കാരും നൂറുകണക്കിന് വാഹനങ്ങളും കടന്നു പോകുന്ന റോഡാണ് ഇത്. തൊടിയൂര്‍ പഞ്ചായത്തിനേയും ദേശീയപാതയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍വേ സ്‌റ്റേഷന്‍ റോഡ് അര കിലോമീറ്റര്‍ നീളത്തില്‍ കുണ്ടും കുഴിയും ഒരു മീറ്ററിലധികം ടാര്‍ ഇളകിയും കിടക്കുന്നത് മൂലം യാത്രാക്ലേശം രൂക്ഷമാണ്. സൈക്കിളിലും ഇരുചക്രവാഹനങ്ങളിലും വരുന്ന വിദ്യാര്‍ഥികള്‍ ആഴത്തിലുള്ള കുഴിയില്‍ വീണ് പരിക്കുകള്‍ പറ്റുന്നത് പതിവാണ്. രണ്ടാഴ്ച മുമ്പ് ഒരു വീട്ടമ്മ കുഴിയില്‍ വീണ് അബോധാവസ്ഥയിലായി. വഴിയാത്രക്കാരാണ് വീട്ടമ്മയെ ആശുപത്രിയിലെത്തിച്ചത്. കരുനാഗപ്പള്ളി നഗരസഭാ പരിധിയില്‍ പ്രധാനപ്പെട്ടതും അപ്രാധാന്യമുള്ളതുമായ എഴുപതില്‍പരം റോഡുകള്‍ പുനര്‍നിര്‍മാണം നടത്തിയിട്ടും ഏറ്റവും പ്രധാനപ്പെട്ട കരുനാഗപ്പള്ളി റെയില്‍വേ സ്‌റ്റേഷന്‍ റോഡ് പുനര്‍നിര്‍മിക്കാന്‍ ഇനിയും നടപടിയായിട്ടില്ല. പിഡബ്ല്യൂഡി ഉദ്യോഗസ്ഥന്‍മാരുടെ കുറ്റകരമായ അനാസ്ഥയാണ് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും റോഡ് പുനര്‍നിര്‍മാണം നടത്താന്‍ നടപടി നീക്കാത്തതെന്ന ആരോപണമുണ്ട്. തകര്‍ന്ന റോഡ് അടിയന്തരമായി പുനര്‍നിര്‍മാണം നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് വിദ്യാര്‍ഥികളും യാത്രക്കാരും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it