തകര്‍ച്ചയിലും കോണ്‍ഗ്രസ്സിന് ആശ്വാസമായി മേഘാലയ

ന്യൂഡല്‍ഹി: ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി സഖ്യം അധികാരം പിടിച്ചപ്പോള്‍ പാടേ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ്സിന് ആശ്വാസമായി മേഘാലയ. സീറ്റുകളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായെങ്കിലും ഭരണകക്ഷിയായ കോണ്‍ഗ്രസ്സിനെ പാടേ അവഗണിക്കാന്‍ സംസ്ഥാനം തയ്യാറായില്ല. പ്രതിപക്ഷമായിരുന്ന ത്രിപുരയിലും നാഗാലാന്‍ഡിലും ഒരു സീറ്റില്‍ പോലും സാന്നിധ്യമറിയിക്കാന്‍ കഴിയാതിരുന്നപ്പോഴാണ് മേഘാലയയില്‍ 21 സീറ്റുകള്‍ കരസ്ഥമാക്കി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്.
സംസ്ഥാനത്ത് എന്‍പിപി 19ഉം ബിജെപി രണ്ടും സീറ്റുകള്‍ സ്വന്തമാക്കി. അതേസമയം, കേവല ഭൂരിപക്ഷത്തിനു വേണ്ട 28 സീറ്റുകള്‍ കോണ്‍ഗ്രസ്സിനു ലഭിച്ചിട്ടില്ല. എന്‍പിപി-ബിജെപി സഖ്യസാധ്യത നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് 18 സീറ്റുകളില്‍ ജയിച്ച ചെറുപാര്‍ട്ടികളുടെ നിലപാട് നിര്‍ണായകമാവും.
തിരഞ്ഞെടുപ്പിന്റെ ആദ്യ സൂചനകള്‍ അനുകൂലമായപ്പോള്‍ തന്നെ മൂന്നു സംസ്ഥാനത്തും ബിജെപി സഖ്യം അധികാരത്തിലെത്തുമെന്ന ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവന ചെറുപാര്‍ട്ടികളെ പാളയത്തില്‍ എത്തിക്കുന്നതിനുള്ള നീക്കമായാണ് കണക്കാക്കുന്നത്. എന്നാല്‍, മറുതന്ത്രവുമായി കോണ്‍ഗ്രസ്സിലെ അഹ്മദ് പട്ടേലും കമല്‍നാഥും ഇന്നലെ തന്നെ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഗോവയിലും മണിപ്പൂരിലും സംഭവിച്ച തിരിച്ചടി മേഘാലയയില്‍ ആവര്‍ത്തിക്കാതിരിക്കാനാണ് കോണ്‍ഗ്രസ്സിന്റെ തിരക്കിട്ട നീക്കം. ത്രിപുരയില്‍ 59 സീറ്റിലും നാഗാലാന്‍ഡില്‍ 18 സീറ്റിലും കോണ്‍ഗ്രസ് മല്‍സരരംഗത്തുണ്ടായിരുന്നു. നാഗാലാന്‍ഡില്‍ 23 പേര്‍ പത്രിക സമര്‍പ്പിച്ചെങ്കിലും അഞ്ചു പേര്‍ പിന്നീട് പത്രിക പിന്‍വലിക്കുകയാണുണ്ടായത്. നാഗാ പീപ്പിള്‍സ് ഫ്രണ്ടുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തിരഞ്ഞെടുപ്പിനു ശേഷം സഖ്യമുണ്ടാക്കാനുള്ള സാധ്യത നിലനിന്നിരുന്നെങ്കിലും പാര്‍ട്ടിയുടെ സമ്പൂര്‍ണ പരാജയത്തോടെ കോണ്‍ഗ്രസ് നാഗാലാന്‍ഡില്‍ ഒന്നുമല്ലാതായി.
അതേസമയം, ശക്തമായ നേതൃത്വമില്ലായ്മയാണ് ത്രിപുരയില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായത്. തിരഞ്ഞെടുപ്പിനു മുമ്പുതന്നെ കോണ്‍ഗ്രസ്സിലെ 10 എംഎല്‍എമാരില്‍ ഏഴു പേര്‍ ബിജെപിയിലെത്തി. ഇതോടെയാണ് സംസ്ഥാനത്ത് ബിജെപി ഭരണത്തിലേക്ക് ചുവടുവച്ചത്.
Next Story

RELATED STORIES

Share it