Flash News

ഡ്രൈവ് ത്രൂ കണ്ടെയ്‌നര്‍ സ്‌കാനര്‍ സംവിധാനം കൊച്ചി തുറമുഖത്ത്



നിഖില്‍ എസ്  ബാലകൃഷ്ണന്‍

കൊച്ചി: നടപടികള്‍ ഏറെ സ്വീകരിച്ചിട്ടും വ്യാജ ചരക്കുനീക്കത്തിനു തടയിടാന്‍ സാധിക്കാതിരുന്ന അധികൃതര്‍ പുത്തന്‍ സംവിധാനം പരീക്ഷിക്കാന്‍ ഒരുങ്ങുന്നു. കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ മൂന്നു തുറമുഖ കേന്ദ്രങ്ങളില്‍ ആധുനിക ഡ്രൈവ് ത്രൂ കണ്ടെയ്‌നര്‍ സ്‌കാനറുകള്‍ എത്തുന്നു. കൊച്ചി വല്ലാര്‍പാടം ടെര്‍മിനലിനു പുറമേ ഗുജറാത്തിലെ മുദ്ര പോര്‍ട്ട്, മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് ട്രസ്റ്റ് എന്നിവിടങ്ങളിലാണ് സ്‌കാനറുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. രാജ്യത്തെ പല തുറമുഖ കേന്ദ്രങ്ങളിലും സ്‌കാനറുകള്‍ നിലവിലുണ്ടെങ്കിലും കണ്ടെയ്‌നര്‍ വാഹനം കടത്തിവിട്ടുകൊണ്ടുള്ള അത്യാധുനിക രീതിയിലെ പരിശോധന ഒരിടത്തുമില്ല. വിദേശ രാജ്യങ്ങളില്‍ ഏറെ പ്രചാരമുള്ള ഡ്രൈവ് ത്രൂ കണ്ടെയ്‌നര്‍ സംവിധാനം രാജ്യത്ത് നടപ്പാക്കുന്നതിലൂടെ ആ കുറവാണ് നികത്തപ്പെടുന്നത്. ഒരു മണിക്കൂര്‍ കൊണ്ട് 100 കണ്ടെയ്‌നറുകളിലെ പരിശോധന പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നതാണ് സംവിധാനത്തിന്റെ പ്രധാന പ്രത്യേകത. രാജ്യത്ത് മറ്റൊരു തുറമുഖത്തും ഇത്തരത്തിലുള്ള നൂതന പരിശോധനാ സംവിധാനങ്ങളില്ല. നിലവില്‍ ഇറക്കുമതി ചെയ്യപ്പെടുന്ന കണ്ടെയ്‌നറുകള്‍ മാത്രമാണ് സ്‌കാന്‍ ചെയ്യുന്നത്. നിലവില്‍ റിസ്‌ക് മാനേജ്‌മെന്റ് സിസ്റ്റം വഴി കംപ്യൂട്ടര്‍ നിര്‍ദേശിക്കുന്ന കണ്ടെയ്‌നറുകള്‍ മാത്രമാണ് പരിശോധിക്കപ്പെടുന്നത്. കണ്ടെയ്‌നര്‍ തുറന്നു പരിശോധിക്കുന്നതിലെ അപാകതകള്‍ക്കും പുതിയ സംവിധാനം പരിഹാരമാവും. സ്‌കാനിങ് നടക്കുമ്പോള്‍ തന്നെ അതിന്റെ റിപോര്‍ട്ട് കസ്റ്റംസ് ക്ലിയറിങ് വിഭാഗത്തിനു കംപ്യൂട്ടര്‍ ശൃംഖല വഴി ലഭിക്കുമെന്നതും പ്രത്യേകതയാണ്. ഒരു സ്‌കാനറിന്റെ മേല്‍നോട്ടത്തിന് ആറു ജീവനക്കാരുടെ സേവനം മാത്രം മതിയാവും. ബ്രിട്ടിഷ് കമ്പനിയായ റാപിസ്‌കാന്‍ വികസിപ്പിച്ചെടുത്ത സ്‌കാനറുകളാണ് രാജ്യത്ത് സ്ഥാപിക്കുന്നത്. ഒരു സ്‌കാനര്‍ സ്ഥാപിക്കുന്നതിന് ഏകദേശം 50 കോടിയോളം രൂപയാണ് ചെലവ്. വല്ലാര്‍പാടത്ത് സ്‌കാനര്‍ സമുച്ചയത്തിന്റെ ശിലാസ്ഥാപനം കഴിഞ്ഞയാഴ്ചയാണ് നടന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശം. കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷമായിരിക്കും മറ്റു തുറമുഖങ്ങ ള്‍ക്ക് സ്‌കാനര്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നത്. അങ്ങനെ കണക്കാക്കുമ്പോള്‍ ഡ്രൈവ് ത്രൂ കണ്ടെയ്‌നര്‍ സ്‌കാനര്‍ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യത്തെ ടെര്‍മിനല്‍ ആകാനുള്ള ഒരുക്കത്തിലാണ് വല്ലാര്‍പാടം.
Next Story

RELATED STORIES

Share it