ഡ്രൈവിങ് സ്‌കൂളുകള്‍ ഈടാക്കുന്നത് പതിനായിരങ്ങള്‍

ഡ്രൈവിങ് സ്‌കൂളുകള്‍  ഈടാക്കുന്നത് പതിനായിരങ്ങള്‍
X
driver-

ആബിദ്

കോഴിക്കോട്: ഓട്ടോറിക്ഷ ഉള്‍പ്പെടെ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്നതിന് ഡ്രൈവിങ് ലൈസന്‍സിനൊപ്പം ആവശ്യമായ ബാഡ്ജ് പുതുക്കുന്നതിന് ഡ്രൈവിങ് സ്‌കൂളുകള്‍ വന്‍തുക ഈടാക്കുന്നതായി പരാതി. കാലാവധി കഴിഞ്ഞ ബാഡ്ജ് പുതുക്കാന്‍ 6000 മുതല്‍ 10,000 രൂപവരെയാണ് സ്‌കൂളുകള്‍ ഈടാക്കിക്കൊണ്ടിരിക്കുന്നത്. പുതുക്കാന്‍ വൈകുന്ന ഓരോ വര്‍ഷത്തിനും അമ്പത് രൂപ വീതം പിഴയടച്ചാല്‍ ബാഡ്ജ് പുതുക്കിക്കിട്ടുമെന്നിരിക്കെയാണ് സ്‌കൂളുകളുടെ ഈ തീവെട്ടിക്കൊള്ള. അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ബാഡ്ജ് പുതുക്കിനല്‍കില്ലെന്ന ധാരണയാണ് പലരെയും വന്‍തുക നല്‍കാന്‍ പ്രേരിപ്പിക്കുന്നത്. ഇതില്‍ ഏറെയും ഇരയാവുന്നത് എട്ടാം ക്ലാസ് വിജയിക്കാവാത്തവരാണ്.
സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കി ള്‍ റൂള്‍ (സിഡബ്ല്യൂഎംആര്‍) 6 പ്രകാരം 2007 ഏപ്രില്‍ 10 മുതല്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനം ഓടിക്കാനുള്ള ലൈസന്‍സ് ബാഡ്ജ് എടുക്കാന്‍ ഏറ്റവും കുറഞ്ഞ യോഗ്യത എട്ടാം ക്ലാസ് പാസാവണമെന്നു നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അതിനാല്‍ എട്ടാം ക്ലാസ് പാസാവാത്തവര്‍ക്ക് പുതിയ ബാഡ്ജ് കരസ്ഥമാക്കാനാവില്ല. അതുകൊണ്ട് എങ്ങനെയെങ്കിലും ബാഡ്ജ് സ്വന്തമാക്കാന്‍ എത്ര തുക നല്‍കാനും ഇവര്‍ തയ്യാറാവുന്നു. ഗള്‍ഫിലും മറ്റും പോയതിനാല്‍ ബാഡ്ജ് പുതുക്കാനാവാത്ത നിരവധി പേരാണ് ഇത്തരത്തില്‍ ഡ്രൈവിങ് സ്‌കൂളുകളെ ആശ്രയിക്കുന്നത്.
ബാഡ്ജ് പുതുക്കാന്‍ വൈകുന്ന ഓരോ വര്‍ഷത്തിനും 50 രൂപ വീതം പിഴയടച്ചാല്‍ മതിയെന്നും അഞ്ചില്‍ കൂടുതല്‍ വര്‍ഷം കഴിഞ്ഞവര്‍ക്ക് ഒരു പ്രൊവിഷനല്‍ ടെസ്റ്റ് നടത്തി ബാഡ്ജ് പുതുക്കിനല്‍കുമെന്നും ആര്‍ടിഒ (എന്‍ഫോഴ്‌സ്‌മെന്റ്) ബി വേണുഗോപാല്‍ പറഞ്ഞു. ഇതിന്റെ നടപടിക്രമങ്ങള്‍ എളുപ്പമാണെന്നും ആര്‍ടിഒ ഓഫിസില്‍ നേരിട്ടെത്തി ബാഡ്ജ് പുതുക്കാമെന്നും അദ്ദേഹം അറിയിച്ചു.
ഇരുപതു വയസ്സിനുമേല്‍ പ്രായവും സ്വകാര്യവാഹനം ഓടിച്ച ഒരു വര്‍ഷത്തെ പരിചയവുമാണ് ട്രാന്‍സ്‌പോര്‍ട്ട് വാഹനം ഓടിക്കാനുള്ള ലൈസന്‍സിന് അപേക്ഷിക്കാന്‍ വേണ്ടത്. എന്നാല്‍, ഓട്ടോറിക്ഷ മാത്രം ഓടിക്കാനുള്ള ബാഡ്ജിന് 18 വയസ്സു തികഞ്ഞാല്‍ മതി.
Next Story

RELATED STORIES

Share it