ഡ്രൈവിങ് ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡ്: ഇന്ന് നടക്കാനിരുന്ന ഉദ്ഘാടനം ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: പേപ്പര്‍ ലൈസന്‍സുകള്‍ ഒഴിവാക്കി ഡ്രൈവിങ് ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്ന പദ്ധതിയുടെ ഇന്ന് നടക്കാനിരുന്ന ഉദ്ഘാടനം ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു. ടെന്‍ഡര്‍ നടപടികളിലെ അപാകത ചൂണ്ടിക്കാട്ടി സോഡിയാക് കമ്പനി സൊലുഷന്‍സ് നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെതാണ് ഉത്തരവ്. എന്‍ഐസി കേരളയും കെല്‍ട്രോണും ചേര്‍ന്ന് ഡിസൈന്‍ ചെയ്ത സ്മാര്‍ട്ട് കാര്‍ഡിന്റെ ഉദ്ഘാടനവും അനുബന്ധ നടപടികളുമാണ് കോടതി സ്‌റ്റേ ചെയ്തത്.
പദ്ധതിയിലൂടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ലൈസന്‍സ് കാര്‍ഡ് നല്‍കാനായിരുന്നു മോട്ടോര്‍ വാഹനവകുപ്പിന്റെ ലക്ഷ്യം. ചിപ്പ് ഘടിപ്പിക്കുന്ന ലൈസന്‍സില്‍ ഡ്രൈവറെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഞൊടിയിടയില്‍ അറിയാന്‍ സാധിക്കും.
കാര്‍ഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് 2004ല്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐടിഐ ബംഗളൂരുവിനും അനുബന്ധ സ്ഥാപനമായ സോഡിയാക് കമ്പനിക്കും ലീപ് ടെക്‌നോ സിസ്റ്റത്തിനും കരാര്‍ നല്‍കി. എന്നാല്‍, പിന്നീട് സെലക് ഷന്‍ കമ്മിറ്റി വിശദമായി പരിശോധിക്കുകയും ഐടിഐ കരാറില്‍ അപാകത കണ്ടെത്തുകയും ചെയ്തു.
ഇതിനെതിരേ കമ്പനി ഹൈക്കോടതിയെ സമീപിച്ച് ടെന്‍ഡര്‍ പുനസ്ഥാപിക്കണമെന്ന ഉത്തരവ് വാങ്ങി. എന്നാല്‍, പിന്നീട് സര്‍ക്കാര്‍ വിദ്ഗ്ധ സമിതിയെ നിയമിക്കുകയും വിശദമായ പഠനം നടത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കെല്‍ട്രോണിനെ കരാര്‍ ഏല്‍പിച്ചു. ഇതിനെതിരേ ഡല്‍ഹി സോഡിയാക് കമ്പനി വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it