ഡ്രൈവിങ് ലൈസന്‍സ്: പ്രായപരിധി ഉയര്‍ത്തണമെന്ന് കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലൈസന്‍സ് ലഭിക്കാനുള്ള പ്രായപരിധി ഉയര്‍ത്തണമെന്ന് റോഡപകടങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ടി കെ ചന്ദ്രശേഖരദാസ് കമ്മീഷന്‍. പുരുഷന്‍മാര്‍ക്ക് 20ഉം സ്ത്രീകള്‍ക്ക് 21ഉം വയസ്സായി പ്രായപരിധി ഉയര്‍ത്തണമെന്നാണ് കമ്മീഷന്റെ ശുപാര്‍ശ. ഇപ്പോഴിത് 18 വയസ്സാണ്.
കുറഞ്ഞത് 50 മണിക്കൂറെങ്കിലും വാഹനമോടിച്ച് പരിചയമുള്ളവര്‍ക്കു മാത്രമേ ലൈസന്‍സ് നല്‍കാവൂ. യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്നതിന് റോഡ് സുരക്ഷാ അതോറിറ്റി പ്രത്യേക ഫണ്ട് സ്വരൂപിക്കണം. റോഡപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്കു നഷ്ടപരിഹാരമായി രണ്ടുലക്ഷം രൂപ ഇതില്‍നിന്നു നല്‍കണം. സ്വകാര്യ ബസ്സുകളില്‍ മിനിമം ചാര്‍ജിന് മുകളില്‍ യാത്രചെയ്യുന്നവരില്‍ നിന്ന് ഒരുരൂപ സെസ് ഈടാക്കിയാവണം തുക കണ്ടെത്തേണ്ടത്. ഒരുകോടി യാത്രക്കാരെ കണക്കാക്കിയാല്‍ ഇങ്ങനെ ഒരുവര്‍ഷം 300 കോടി രൂപ സെസ് പിരിക്കാനാവുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള ശുപാര്‍ശകളടങ്ങിയ റിപോര്‍ട്ട് തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ടി കെ ചന്ദ്രശേഖരദാസ് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറി. റിപോര്‍ട്ട് മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചചെയ്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ടിക്കറ്റ് സെസ് അടക്കമുള്ള ശുപാര്‍ശകളില്‍ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്തശേഷമേ തീരുമാനമെടുക്കൂ. 2,000 കിലോമീറ്റര്‍ സഞ്ചരിച്ച് 720 അപകടമേഖലകളാണ് കമ്മീഷന്‍ കണ്ടെത്തിയത്. ആദ്യമായാണ് ഇത്രയും കഠിനപ്രയത്‌നം നടത്തി റിപോര്‍ട്ട് തയ്യാറാക്കുന്നത്. അതിനാല്‍, റിപോര്‍ട്ട് ഗൗരവമായി പരിഗണിക്കും. റോഡ് സുരക്ഷാ കമ്മീഷന്റെ കാര്യം മുഖ്യമന്ത്രിയുമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ഇരുചക്രവാഹനങ്ങളുടെ വേഗപരിധി മണിക്കൂറില്‍ 40-50 കിലോമീറ്ററായി നിജപ്പെടുത്തണം.
ഷോറൂമുകളില്‍നിന്നു വില്‍പ്പന നടത്തുന്ന ഇരുചക്രവാഹനങ്ങളില്‍ സ്പീഡ് ഗവേണര്‍ സംവിധാനമുണ്ടാവണം. രജിസ്‌ട്രേഷന്‍ സമയത്ത് ഈ സംവിധാനമില്ലാത്ത വാഹനം നിരത്തിലിറക്കാന്‍ അനുവദിക്കരുത്.
വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ സ്റ്റുഡന്റ്‌സ് വെഹിക്കിള്‍ എന്നു രേഖപ്പെടുത്തണം. വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കു പോവുന്നതിനും വരുന്നതിനും മാത്രമേ വാഹനം ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്തണം. സാധാരണ ഉപയോഗത്തിന് 550 സിസി ബൈക്കുകള്‍ ദേശീയപാതയില്‍ സര്‍വീസിന് അനുവദിക്കരുത്. ഹൈസ്പീഡ് ഇരുചക്രവാഹനങ്ങള്‍ ഹൈവേയില്‍ പോലിസ്, ഫയര്‍ഫോഴ്‌സ്, റോഡ് സേഫ്റ്റി ഫോഴ്‌സ്, സൈനികര്‍ എന്നിവര്‍ മാത്രം ഉപയോഗിക്കാവൂ.
ഒരു ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ഇരുചക്രവാഹനങ്ങള്‍ക്ക് മറ്റു ജില്ലയില്‍ പ്രവേശനം അനുവദിക്കരുത്. ജോലി, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി പോവണമെങ്കില്‍ ആര്‍ടിഒയുടെ പ്രത്യേക അനുമതി വാങ്ങണം. തുടങ്ങിയ ശുപാര്‍ശകളും കമ്മീഷന്‍ മുന്നോട്ടുവച്ചു. അമിതവേഗതയില്‍ വാഹനമോടിച്ചതിനു മൂന്നുതവണയില്‍ കൂടുതല്‍ ഒരു ഡ്രൈവറെ പിടികൂടിയാല്‍ അയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യണം. സ്‌കൂള്‍ പരീക്ഷയില്‍ റോഡ് സുരക്ഷയും ഗതാഗതനിയമങ്ങളുമായി ബന്ധപ്പെട്ട അഞ്ചു മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും കമ്മീഷന്റെ ശുപാര്‍ശയിലുണ്ട്.
Next Story

RELATED STORIES

Share it