ernakulam local

ഡ്രൈവിങ് ടെസ്റ്റ് വെള്ളത്തില്‍ ; പഠിതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ദുരിതം



മട്ടാഞ്ചേരി: മട്ടാഞ്ചേരി ജോയിന്റ് ആര്‍ടിഒ പരിധിയിലുള്ള ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും എല്ലാം വെള്ളത്തിലായി.ടെസ്റ്റ് നടക്കുന്ന ഫോര്‍ട്ട്‌കൊച്ചി ദ്രോണാചാര്യക്ക് സമീപത്തെ മൈതാനിയില്‍ മഴ വെള്ളം കെട്ടി കിടക്കുന്നതാണ് ദുരിതത്തിന് കാരണം. മൈതാനം മുഴുവന്‍ വെള്ളവും ചെളിയുമാണ്. ഇതിലൂടെ വേണം ഇരുചക്ര വാഹനങ്ങളും മറ്റും ഓടിക്കുവാന്‍.പലപ്പോഴും ചെളിയില്‍ തെന്നി വീഴുന്ന അവസ്ഥയാണ്. വസ്ത്രങ്ങള്‍ ഉള്‍പ്പെടെ മോശമായാണ് ലൈസന്‍സ് ടെസ്റ്റിനായി എത്തുന്നവര്‍ മടങ്ങുന്നത്. ഉദ്യോഗസ്ഥരാകട്ടെ വാഹനങ്ങളുടെ ഫിറ്റ്‌നസും മറ്റും പരിശോധിക്കുന്നത് മൈതാനത്തിന്റെ എതിര്‍വശത്തുള്ള റോഡരികില്‍ നിന്നാണ്. നേരത്തേ ഫോര്‍ട്ട്‌കൊച്ചി വെളി മൈതാനത്താണ് ടെസ്റ്റുകളും പരിശീലനവുമെല്ലാം നടന്നിരുന്നത്. ഈ മൈതാനം ഫിഫ അണ്ടര്‍ പതിനേഴ് ലോക കപ്പിന്റെ പരിശീലന വേദിയായി മാറിയതോടെയാണ് ടെസ്റ്റുകള്‍ ഇങ്ങോട്ട് മാറ്റിയത്. ഡ്രൈവിങ് ടെസ്റ്റിനും മറ്റുമായി ഒരേക്കറിലേറെ ഭൂമി കൊച്ചി തുറമുഖ ട്രസ്റ്റ് മോട്ടോര്‍ വാഹന വകുപ്പിന്റെ കൈമാറിയിട്ടുണ്ടെങ്കിലും ഇത് സജ്ജമാകാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം. മട്ടാഞ്ചേരി ബിഒടി പാലത്തിന് സമീപത്തെ വാക്ക് വേയുടെ എതിര്‍വശത്തുള്ള ഭൂമി സജ്ജമാകുന്നതോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.
Next Story

RELATED STORIES

Share it