Kollam Local

ഡ്രൈവര്‍ ഉറങ്ങിയാല്‍ വിളിച്ചുഉണര്‍ത്താന്‍ മണിനാദം

കൊല്ലം:ഉറക്കവും വിശ്രമവുമില്ലാതെ വാഹനം ഓടിക്കുന്നവര്‍ക്ക് ആശ്വാസമേകി വിദ്യാര്‍ഥികളുടെ കണ്ടുപിടുത്തം. ദീര്‍ഘദൂര യാത്രകളില്‍ ക്ഷീണം മൂലം ഉറങ്ങിപ്പോകുന്ന ഡ്രൈവര്‍മാരെ വിളിച്ചുണര്‍ത്തുന്ന ഓട്ടോമാറ്റിക് സംവിധാനം കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് വികസിപ്പിച്ചെടുത്തത്. റോഡപകടങ്ങളില്‍ ഏറ്റവും ദാരുണവും ഭയാനകവുമായ അപകട മരണങ്ങളാണ് ഡ്രൈവിങ്ങിനിടയിലെ മയക്കം മൂലം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കേരളത്തിലെ റോഡപകടങ്ങളില്‍ നാലിലൊന്ന് അതിവേഗതയില്‍ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ മനപൂര്‍വ്വമല്ലാത്ത മയക്കം മൂലമാണെന്ന് കേരള പോലിസിന്റെ സ്ഥിതി വിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. കണ്‍പോളകളില്‍ ഉറക്കം കൂടുകെട്ടാന്‍ തുടങ്ങുന്നതിന് തൊട്ടു മുന്‍പുതന്നെ അപായ മണിനാദം ഉപയോഗിച്ച് ഡ്രൈവര്‍മാരെ വിളിച്ചുണര്‍ത്തുന്നതാണ് ഈ സംവിധാനം.  കാറിന്റെ ഡാഷ് ബോഡില്‍ വയ്ക്കുന്ന കാമറയും ഇന്‍ഫ്രാറെഡ്‌തെര്‍മല്‍ സെന്‍സറുമാണ് ഇതിലെ മുഖ്യ ഘടകങ്ങള്‍. കാമറ വഴി ഡ്രൈവര്‍മാരുടെ കണ്‍പോളകളുടെ ചലനങ്ങളും സെന്‍സര്‍ വഴികണ്ണിനും മൂക്കിനും ചുറ്റുമുളള മുഖ ഊഷ്മാവും രേഖപ്പെടുത്തുന്നു. ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ പുറത്തേക്ക് വിടുന്ന ഉഛ്വാസവായുവിന്റെ വ്യതിയാനങ്ങള്‍ മുഖ ഊഷ്മാവില്‍ പ്രതിഫലിക്കും. മുഖ ഊഷ്മാവിലെ ഈ വ്യതിയാനങ്ങളും കണ്‍പോളകളുടെ സാധാരണയില്‍ കവിഞ്ഞ ചലന വ്യത്യാസങ്ങളും സംയോജിപ്പിച്ച് ഉറക്കം പ്രവചിക്കുകയും അപായമണി നാദം മുഴങ്ങുകയും ചെയ്യും. ഡ്രൈവര്‍മാര്‍ക്കും സഹയാത്രികര്‍ക്കും അപകട മുന്നറിയിപ്പ് നല്‍കിയാത്ര അപകട രഹിതമാക്കുന്ന ഈ പ്രോജക്ടിന് ഉണരൂ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. അപകട രഹിത ഗതാഗത സംവിധാനങ്ങളെക്കുറിച്ച് കൊല്ലം ജില്ലാ പോലിസ് സംഘടിപ്പിച്ച എക്‌സ്‌പോയിലെ ഏറ്റവും മികച്ച പ്രോജക്ടിനുള്ള ഒന്നാംസ്ഥാനവും ഇരുപത്തിഅയ്യായിരം രൂപ ക്യാഷ് അവാര്‍ഡും ഉണരൂ ടീം നേടി.  പ്രഫ. സുനിതാബീവിയുടെ നേതൃത്വത്തില്‍ അവസാന വര്‍ഷ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ സി ലിയാന, എം ഹരിപ്രസാദ്, അനഘ പ്രദീപ്, സി കെ മൃദുല, നിയാസ് നജീബ് എന്നിവരാണ് ഈ സാങ്കേതിക സംവിധാനം വികസിപ്പിച്ചെടുത്തത്. വാഹന നിര്‍മാണ കമ്പനികളുടെ സഹായത്തോടെ ഇത് വിപണിയിലെത്തിക്കുവാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഉണരൂ ടീം.
Next Story

RELATED STORIES

Share it