Idukki local

ഡ്രൈവര്‍മാരെ വരുതിയിലാക്കാന്‍ നടപടിയുമായി അധികൃതര്‍

നെടുങ്കണ്ടം: പട്ടംകോളനിയിലെ റോഡുകളിലൂടെയുള്ള വാഹനങ്ങളുടെ അമിതവേഗത നാട്ടുകാര്‍ ഭീഷണിയായി. ഇതോടെ തൊഴിലാളികളെയും കൊണ്ടു പായുന്ന ഡ്രൈവര്‍മാരെ വരുതിയിലാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചു തുടങ്ങി. ഇതിന്റെ ആദ്യപടിയായി വരുന്ന 28ന് രാവിലെ 11ന് ഡ്രൈവര്‍മാരുടെ യോഗം ആര്‍ടിഒ ഓഫിസില്‍ ചേരുമെന്ന് ഉടുമ്പന്‍ചോല ജോയിന്റ് ആര്‍ടിഒ എം കെ ജയേഷ്‌കുമാര്‍ അറിയിച്ചു.
തമിഴ്‌നാട്ടില്‍ നിന്ന് ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിലേക്ക് തൊഴിലാളികളെയെത്തിക്കുന്ന ജീപ്പ് െ്രെഡവര്‍മാരുടെ യോഗമാണ് ചേരുക. കഴിഞ്ഞ ദിവസം നെടുങ്കണ്ടം കിഴക്കേ കവലയില്‍ അമിതവേഗത്തിലെത്തിയ ജീപ്പുകള്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. നെടുങ്കണ്ടം പോലിസെത്തിയാണ് വിഷയം പരിഹരിച്ചത്. തുടര്‍ന്ന് ജോയിന്റെ ആര്‍ടിഒ ഹൈറേഞ്ച് മേഖലയിലെ തോട്ടം ഉടമകളുടെ യോഗം കഴിഞ്ഞദിവസം ഉടുമ്പന്‍ചോല ആര്‍ടിഒ ഓഫിസില്‍ വിളിച്ചുചേര്‍ത്തിരുന്നു. യോഗത്തില്‍ െ്രെഡവര്‍മാര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും കര്‍ശന നടപടികള്‍ കൈക്കൊള്ളാനുമാണ് തീരുമാനം.
കഴിഞ്ഞദിവസം രാവിലെ ആറുമുതല്‍ എട്ടുവരെ നെടുങ്കണ്ടം ടൗണിലൂടെ മരണപ്പാച്ചില്‍ നടത്തിയ വാഹനങ്ങളാണു നാട്ടുകാര്‍ തടഞ്ഞിട്ടത്. തൊഴിലാളികളുമായെത്തുന്ന വാഹനങ്ങളുടെ അമിതവേഗത ഭീതി സൃഷ്ടിക്കുകയാണെന്ന് നാട്ടുകാര്‍ നെടുങ്കണ്ടം പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അതേസമയം, തൊഴിലാളികളെത്തുന്ന വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിനു മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ടൗണിലൂടെ മറ്റു വാഹനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും അപകടമുണ്ടാക്കുന്ന വിധത്തിലാണു മല്‍സരയോട്ടം. മൂന്നു മാസത്തിനിടെ തൊഴിലാളികളുടെ വാഹനങ്ങള്‍ ഉള്‍പ്പെട്ട 25 അപകടങ്ങളാണ് കമ്പംമെട്ടിനു സമീപമുണ്ടായത്. അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും മോട്ടോര്‍ വാഹന വകുപ്പ് കാര്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ല. അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രം ഏതാനും ദിവസത്തേക്കു പരിശോധനകള്‍ നടത്തും. ചില വാഹനങ്ങള്‍ പിടികൂടി പിഴ ചുമത്തും. പരിശോധനയുടെ വീര്യം കുറയുന്നതോടെ വീണ്ടും കാര്യങ്ങള്‍ പഴയപടിയാകും. എട്ടുമുതല്‍ 12 വരെ ആളുകളെ കയറ്റാന്‍ അനുമതിയുള്ള വാഹനങ്ങളില്‍ 18 മുതല്‍ 24 പേരെവരെയാണു കയറ്റുന്നത്. ഇത്തരത്തില്‍ വാഹനങ്ങളുടെ ഓവര്‍ ലോഡും അപകടങ്ങള്‍ക്കു കാരണമാവുന്നുണ്ട്.
ബാലഗ്രാമിനു സമീപത്തെ കൊടുംവളവില്‍ വാഹനത്തിന്റെ ഡോര്‍ തുറന്ന് തൊഴിലാളി സ്ത്രീ റോഡിലേക്കു തെറിച്ചുവീണ സംഭവവും ഉണ്ടായിട്ടുണ്ട്. ഈയിടെ കമ്പംമെട്ടിനു സമീപം മല്‍സരിച്ചോടിയ, തൊഴിലാളികളുമായെത്തിയ ജീപ്പുകള്‍ തമ്മില്‍ കൂട്ടിമുട്ടിയും അപകടം നടന്നിരുന്നു. തുടര്‍ന്നു നടുറോഡില്‍ െ്രെഡവര്‍മാര്‍ തമ്മിലുണ്ടായ വാക്കേറ്റം അരമണിക്കൂര്‍ ഗതാഗത തടസ്സത്തിനു കാരണമായി. ദിവസവും 500ല്‍ അധികം വാഹനങ്ങളാണ് കമ്പംമെട്ട് വഴി തൊഴിലാളികളുമായി കേരളത്തിലേക്കെത്തുന്നത്. ഇവയില്‍ ഭൂരിഭാഗവും കാലപ്പഴക്കംമൂലം നിരത്തിലിറക്കാന്‍ ഫിറ്റ്‌നസ് ലഭിക്കാത്ത വാഹനങ്ങളാണെന്നും ആരോപണമുണ്ട്. ശബരിമല സീസണ്‍കൂടി ആരംഭിച്ചതോടെ അതിര്‍ത്തി റോഡുകളിലൂടെയുള്ള ഗതാഗതം മൂന്നിരട്ടി വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, തൊഴിലാളികളുമായി എത്തുന്ന വാഹനങ്ങളുടെ മരണപ്പാച്ചിലിനു ശമനമില്ല. പല തോട്ടങ്ങളിലും രാവിലെ എട്ടിനു തൊഴിലാളികളെ ജോലിക്ക് ഇറക്കാനാണു വാഹനങ്ങള്‍ അമിതവേഗത്തില്‍ പായുന്നത്.
കൃത്യസമയത്തു ജോലിക്കിറങ്ങിയില്ലെങ്കില്‍ കൂലി വെട്ടിക്കുറയ്ക്കും. തോട്ടം തൊഴിലാളികള്‍ എത്തുന്ന വാഹനങ്ങളില്‍ കഞ്ചാവും നിരോധിത കീടനാശിനികളും പുകയില ഉല്‍പന്നങ്ങളും കടത്തുന്നെന്ന് എക്‌സൈസിനും വിവരം ലഭിച്ചിട്ടുണ്ട്. കാര്യക്ഷമമായ പരിശോധന നടത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. 28ലെ യോഗത്തോടെ നാട്ടുകാരുടെ ഭീതി അകറ്റുന്ന രീതിയില്‍ വാഹനങ്ങളുടെ ഓട്ടം ക്രമീകരിക്കപ്പെടുമെന്നാണു വിലയിരുത്തല്‍.
Next Story

RELATED STORIES

Share it