palakkad local

ഡ്രൈവര്‍മാരുടെ സമരം : മില്‍മ ഉല്‍പന്നങ്ങളുടെ വിതരണം പ്രതിസന്ധിയില്‍



ആലത്തൂര്‍: മില്‍മ പാലക്കാട് ഡയറിലെ  വാഹന കരാര്‍ ജീവനക്കാരുടെ സമരം പാല്‍ സംഭരണ-വിതരണത്തെ പ്രതികൂലമായി ബാധിക്കുന്നു. ഉല്‍പന്നങ്ങള്‍ കൊണ്ടുപോവുന്നതിനായി മില്‍മയുമായി കരാറിലേര്‍പ്പെട്ട വാഹന ഉടമകള്‍ക്ക് സ്വന്തം വാഹനം ഓടിക്കുന്നതിനോ, തങ്ങള്‍ക്കിഷ്ടപ്പെട്ട തൊഴിലാളികളെ വച്ച് ഓടിക്കുന്നതിനോ ഡ്രൈവര്‍മാരുടെ സംഘടന അനുവദിക്കുന്നില്ല.ഏത് വാഹനം ആരു കരാറെടുത്താലും തങ്ങളുടെ സംഘടനയിലെ അംഗങ്ങളെ മാത്രമേ തൊഴിലാളികളായി നിയോഗിക്കാന്‍ പാടുളളൂവെന്നും, സംഘടന പറയുന്ന ശബളം നല്‍കണമെന്നുമാണ് ഇവരുടെ നിലപാട്. ഇതുകാരണം പുതുതായി കരാര്‍ഏറ്റെടുത്ത വാഹന ഉടമകള്‍ക്ക് ഉല്‍പന്നങ്ങള്‍ കൊണ്ടുപോവാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ഒരു ടണ്‍ കപ്പാസിറ്റിയുളള ചെറുവാഹന ഉടമകള്‍ മുതല്‍ 16 ടണ്‍ കപ്പാസിറ്റിയുളള ടാങ്കര്‍ ഉടമകള്‍ വരെ പ്രതിസന്ധിയിലായിരിക്കുകയാണ്. തൊഴിലാളി സംഘടനയുടെ നിലപാട് കാരണം പലരും ടെന്‍ഡര്‍ ഒഴിവാക്കി പോയി. ഇത് മില്‍മയ്ക്ക് ഏറെ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കി. മില്‍മയുടെ മറ്റ് മേഖലാ യൂനിയനുകളായ കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലൊന്നും ഈ പ്രശ്‌നമില്ല. റീജ്യനല്‍ ജോയിന്റ് ലേബര്‍ കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍  നിരവധി തവണ  വാഹന തൊഴിലാളി സംഘടനാ നേതാക്കളുമായും വാഹന ഉടമകളുമായും ചര്‍ച്ച നടത്തിയെങ്കിലും പരിഹരിക്കാനായിട്ടില്ല. കഴിഞ്ഞ 27ന് റീജ്യനല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ പാലക്കാട് ഡയറിയിലെ വാഹന കരാര്‍ തൊഴില്‍ തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് തീര്‍പ്പാക്കുകയും എല്ലാവരും അത് അംഗീകരിക്കുകയും ചെയ്തിരുന്നെങ്കിലും പിന്നീട് ഒരു വിഭാഗം വാഹന കരാര്‍ ജീവനക്കാര്‍ തീരുമാനം അംഗീകരിക്കാതെ ഡയറിയുടെ മുന്‍പില്‍ അനിശ്ചിതകാല രാപ്പകല്‍ സമരം തുടരുകയാണെന്നും മില്‍മ അധികൃതര്‍ പറയുന്നു.
Next Story

RELATED STORIES

Share it