ഡ്രൈവര്‍ക്ക് ഇനിയെല്ലാം വിരല്‍ത്തുമ്പില്‍; നൂതനാശയത്തിന് കോടികളുടെ ഓര്‍ഡര്‍

കൊച്ചി: കാറോടിക്കുമ്പോള്‍ ഡ്രൈവിങ് തടസ്സപ്പെടാതെ പാട്ടുകേള്‍ക്കാനും ജി.പി.എസും മൊബൈലും ഉപയോഗിക്കാനും സഹായിക്കുന്ന ഹാന്‍ഡ്ഫ്രീ ഉപകരണം വികസിപ്പിച്ച മലയാളി യുവസംരംഭകര്‍ 40 ദിവസത്തിനുള്ളില്‍ അഞ്ചുലക്ഷം ഡോളറിന്റെ പ്രീഓര്‍ഡര്‍ നേടി റെക്കോര്‍ഡിട്ടു.50 രാജ്യങ്ങളില്‍ നിന്ന് 1800 ഓര്‍ഡറുകള്‍ നേടി സ്റ്റാര്‍ട്ട്അപ് വില്ലേജിലെ എക്‌സ്‌പ്ലൊറൈഡാണ്  ഇന്ത്യന്‍ യുവസംരംഭകര്‍ക്കിടയിലെ പുതിയ റെക്കോഡ് സ്വന്തമാക്കിയത്.

പൂര്‍ണമായും ഡ്രൈവിങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുതന്നെ ഡിജിറ്റല്‍ ഭൂപടങ്ങള്‍ നോക്കാനും സന്ദേശങ്ങളയക്കാനും പാട്ടുകേള്‍ക്കാനും കൈയുടെ ചെറുചലനങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന “എക്‌സ്‌പ്ലൊറൈഡ് ഹെഡ്‌സ് അപ് ഡിസ്‌പ്ലേ’ സഹായിക്കുമെന്ന് എക്‌സ്‌പ്ലൊറൈഡ് സി.ഇ.ഒ. സുനില്‍ വല്ലത്തു പറഞ്ഞു. രാജ്യാന്തര വിപണിയില്‍ അവതരിപ്പിച്ച് 40 ദിവസത്തിനുള്ളില്‍ ഉപകരണം 5,12,718 ഡോളറിന്റെ വ്യാപാരമുറപ്പിച്ചു. ഇന്ത്യയിലെ ഒരു സ്റ്റാര്‍ട്ട്അപ് സംരംഭവും ഇത്തരമൊരു നേട്ടം സ്വന്തമാക്കിയിട്ടില്ല. കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ വയ്ക്കാവുന്ന സുതാര്യമായ ചെറിയ സ്‌ക്രീനാണ് എക്‌സ്പ്ലാറൈഡ് ഹെഡ്‌സ്അപ് ഡിസ്‌പ്ലേ.

കാറിലെ എഫ്.എം, മീഡിയ പ്ലേയര്‍ തുടങ്ങിയ വിനോദോപാധികള്‍, സ്പീഡോമീറ്ററും ഡിജിറ്റല്‍ റീഡ്ഔട്ടും അടങ്ങുന്ന ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, നാവിഗേഷന്‍ സിസ്റ്റം, ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ എന്നിവയെല്ലാം ഒറ്റ സ്‌ക്രീനിലേക്കു കൊണ്ടുവരുന്നതിലൂടെ റോഡില്‍ നിന്നു കണ്ണെടുക്കാതെ ഡ്രൈവ്‌ചെയ്യാന്‍ ഇതു സഹായിക്കുമെന്നും സുനില്‍ വല്ലത്ത് പറഞ്ഞു. ജി.പി.എസിനു പുറമെ 3ജിയെക്കാള്‍ വേഗമുള്ള 4ജി എല്‍.ടി.ഇ. മൊബൈല്‍ കമ്മ്യൂണിക്കേഷന്‍, ഗൂഗ്ള്‍ മാപ്പ് തുടങ്ങിയ സംവിധാനങ്ങളുള്ള എക്‌സ്‌പ്ലൊറൈഡ് കാറിനുള്ളില്‍ സ്മാര്‍ട്ട് ഫോണിനു പകരമാവും. ഡ്രൈവിങിന്റെ ഓരോഘട്ടത്തിലും ശരിയായ ദിശ പറഞ്ഞുകൊടുക്കുന്ന വോയ്‌സ് ആക്ടിവേറ്റഡ് നാവിഗേഷന്‍ സിസ്റ്റവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സഞ്ചാരവഴി എക്‌സ്‌പ്ലോറൈഡിലെ ഡാഷ് കാമറ റെക്കോഡ് ചെയ്യുന്നതിനാല്‍ ഇന്‍ഷുറന്‍സ് പോലുള്ള ആവശ്യങ്ങള്‍ക്കും ഇതു സഹായിക്കും. കൈയുടെ ചെറുചലനത്തിലൂടെ, വാഹനമോടിക്കുമ്പോള്‍തന്നെ ഫോണ്‍ എടുക്കുകയോ കട്ട് ചെയ്യുകയോ ചെയ്യാനും ശബ്ദം നിയന്ത്രിക്കാനും എക്‌സ്‌പ്ലോറൈഡ് സഹായിക്കും. സ്പീഡ്, ടയര്‍ പ്രഷര്‍, ഇന്ധനത്തിന്റെ അളവ് തുടങ്ങിയ വിവരങ്ങളും സ്‌ക്രീനില്‍ കാണാം. കാലാവസ്ഥാ പ്രവചനത്തോടൊപ്പം ആപ്പിള്‍ മ്യൂസിക്, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സംവിധാനങ്ങളോടെയാണ് ഉപകരണം വിപണിയിലെത്തുന്നത്. ഡ്രൈവിങിനിടെ അപകടം നേരിട്ടറിഞ്ഞതില്‍ നിന്നാണ് എക്‌സ്‌പ്ലൊറൈഡ് എന്ന ആശയം സുനിലിന്റെ മനസ്സില്‍ ഉരുത്തിരിഞ്ഞത്.

പ്രാദേശിക കൂട്ടായ്മകളില്‍ നിന്ന് ആഗോളനിലവാരമുള്ള ആശയങ്ങള്‍ രൂപപ്പെടുന്നതിന് ഉദാഹരണമാണ് ഇതിന്റെ വിജയമെന്ന് സ്റ്റാര്‍ട്ട്അപ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. അഹ്മദാബാദ് ഐ.ഐ.എമ്മിലെ പാഠ്യപദ്ധതിയുടെ ഭാഗമായ സ്റ്റാര്‍ട്ട്അപ് വില്ലേജില്‍ നിന്നുള്ള നാലാമത്തെ രാജ്യാന്തര ക്രൗഡ് ഫണ്ടിങ് സംരംഭമാണ് എക്‌സ്‌പ്ലൊറൈഡ്.
Next Story

RELATED STORIES

Share it