ഡ്രസ് കോഡ് ഭരണഘടനാവിരുദ്ധം

അഡ്വ. കെ പി ഇബ്രാഹീം

സിബിഎസ്ഇ നിര്‍ദേശിച്ച ഡ്രസ ്‌കോഡ് സംബന്ധിച്ച് ശക്തമായ വിയോജിപ്പു പ്രകടിപ്പിച്ച് ഈയിടെ ഒരുസംഘം മുസ്‌ലിം വിദ്യാര്‍ഥിനികളുടെ പ്രതിഷേധം വിവാദമായിരുന്നു. ഈ പ്രശ്‌നം ധാര്‍മികവും നിയമപരവും ഭരണഘടനാപരവുമായ വീക്ഷണങ്ങളില്‍ ചര്‍ച്ചചെയ്യുന്നത് സന്ദര്‍ഭോചിതമായിരിക്കും.
കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പിനു കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് സിബിഎസ്ഇ. ഇന്ത്യയിലെ മെഡിക്കല്‍ കോളജുകളില്‍ അഖിലേന്ത്യാ പ്രീമെഡിക്കല്‍, പ്രീഡെന്റല്‍ എന്‍ട്രന്‍സ് പരീക്ഷ(എഐപിഎംടി)യുടെ നടത്തിപ്പിന് ചുമതലപ്പെടുത്തിയ സിബിഎസ്ഇ 2016ല്‍ ഈ പരീക്ഷ എഴുതാനാഗ്രഹിക്കുന്ന എല്ലാ പരീക്ഷാര്‍ഥികള്‍ക്കുമായി ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയിട്ടുണ്ട്. ഈ ബുള്ളറ്റിനാണ് വിവാദത്തിനു കാരണം. ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ ചാപ്റ്റര്‍ പതിനൊന്നില്‍ നിര്‍ദേശിക്കുന്ന ഡ്രസ് കോഡ് വലിയ ബ്രാച്ച് (സാരിപിന്‍)/ബട്ടണ്‍, ബാഡ്ജുകള്‍, പുഷ്പങ്ങള്‍ തുടങ്ങിയവ ഇല്ലാത്ത ഹാഫ്സ്ലീവ് ഇളം വര്‍ണ സാല്‍വാര്‍, പാന്റ്‌സ് എന്നിവയാണ്. തലയില്‍ സ്‌കാര്‍ഫ് ധരിക്കുന്നതിനു വിലക്കുണ്ട്. ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ മക്കള്‍ കൃത്യമായി പാലിച്ചെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്തപക്ഷം പരീക്ഷയ്ക്കിരിക്കാന്‍ അവരെ അനുവദിക്കില്ലെന്നും മാതാപിതാക്കളെയും രക്ഷിതാക്കളെയും ചാപ്റ്റര്‍ പത്തില്‍ ഉണര്‍ത്തുന്നു.
അഖിലേന്ത്യാ പ്രവേശനപ്പരീക്ഷയ്ക്ക് ഇതേ ഡ്രസ് കോഡ് സിബിഎസ്ഇ നിര്‍ദേശിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷവും ഇത്തരമൊരു വിവാദം ഉയര്‍ന്നിരുന്നുവെന്നത് സ്മരണീയമാണ്. കേരള ഹൈക്കോടതിക്കു മുമ്പില്‍ ഒരു റിട്ട് ഹരജിയായി ഈ കാര്യം ഉന്നയിക്കപ്പെട്ടു. ഹൈക്കോടതി നിരീക്ഷിച്ചത്, വ്യത്യസ്തവും വൈവിധ്യവുമുള്ള മതങ്ങളും ആചാരങ്ങളുമുള്ള നമ്മുടെ രാജ്യത്ത് ഒരു വിദ്യാര്‍ഥി പരീക്ഷയെഴുതുന്നതില്‍നിന്നു തടയുംവിധം പ്രത്യേക ഡ്രസ് കോഡ് നിര്‍ബന്ധിക്കാനാവില്ല എന്നായിരുന്നു.
ഒരു പ്രത്യേക ഡ്രസ് കോഡ് പാലിച്ചില്ലെങ്കില്‍ ഒരു വിദ്യാര്‍ഥിയെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്നു നിര്‍ബന്ധിക്കാന്‍ പാടില്ലാത്തതാണ്. തങ്ങളുടെ മതവിശ്വാസവും ആചാരവും അനുസരിച്ചുള്ള വസ്ത്രം ധരിക്കുന്നതു കാരണം പരീക്ഷയെഴുതുന്നതില്‍നിന്നു തടയുമെന്ന ധാരണയില്‍ രണ്ടു വിദ്യാര്‍ഥിനികള്‍ മാത്രമാണ് ഹൈക്കോടതിയെ സമീപിച്ചത്. പരീക്ഷാകേന്ദ്രത്തില്‍ മേല്‍നോട്ടം വഹിക്കുന്നവരോട് പരീക്ഷയ്ക്ക് അരമണിക്കൂര്‍ മുമ്പ് ഹാജരാവാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കോപ്പിയടിക്കുന്നതിനായി എന്തെങ്കിലും കൈവശമുണ്ടോ എന്ന സംശയം തീര്‍ക്കുന്നതിനായി പരിശോധകന് സ്വീകാര്യമായ എതെങ്കിലും വ്യക്തിപരമായ പരിശോധനയ്ക്കായി ഹരജിക്കാരോടും പരീക്ഷയുടെ അരമണിക്കൂര്‍ മുമ്പ് ഹാജരാവാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. അച്ചടക്കത്തില്‍ വീഴ്ചയില്ലാതിരിക്കുന്നതിനും അതേസമയം, മതവികാരങ്ങള്‍ വ്രണപ്പെടാതിരിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുമായി സിബിഎസ്ഇ പരീക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുന്നവര്‍ക്ക് പൊതുനിര്‍ദേശങ്ങള്‍ നല്‍കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
ഈ വര്‍ഷവും സിബിഎസ്ഇ അതേ ഡ്രസ് കോഡ് നിര്‍ദേശിച്ചത് പൊതുസമൂഹത്തില്‍ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുന്നു. പരീക്ഷയില്‍ കോപ്പിയടി തടയുന്നതിനുള്ള ഒരു നടപടിയായി സിബിഎസ്ഇ ഡ്രസ് കോഡിനെ ന്യായീകരിക്കുന്നു. പ്രവേശനപ്പരീക്ഷ വീഡിയോയില്‍ പകര്‍ത്തുന്നുണ്ട്. പരീക്ഷാര്‍ഥികളെ തിരിച്ചറിയുന്നതിനായി വീഡിയോ പകര്‍ത്തുമ്പോള്‍ നിവര്‍ന്നിരിക്കാനും കാമറയെ അഭിമുഖീകരിക്കാനും നിര്‍ദേശിക്കുന്നുണ്ട്. മറ്റ് ഉപായങ്ങളിലൂടെയുള്ള കോപ്പിയടി തടയുന്നതിനായി ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ അനുവദിക്കില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷ ശരിയായി നടത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് സിബിഎസ്ഇ ആധുനിക സാങ്കേതികവിദ്യകളുടെ സഹായം ഉപയോഗപ്പെടുത്തുന്നുണ്ട്. സിബിഎസ്ഇ നിര്‍ദേശിച്ച ഡ്രസ് കോഡ് ഭരണഘടനാപരമായി നിലനില്‍ക്കുന്നതാണോ എന്ന പ്രശ്‌നം എന്നന്നേക്കുമായി പരിഹരിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ ഭരണഘടനയില്‍ വിഭാവനംചെയ്യുന്ന, ഉള്‍ക്കൊള്ളുന്ന മതസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന സ്വഭാവം മുന്‍നിര്‍ത്തിയാണ് ഈ പ്രശ്‌നം പരിശോധിക്കപ്പെടേണ്ടത്.
മതം എന്നത് കേവലം അഭിപ്രായമോ സിദ്ധാന്തമോ വിശ്വാസമോ മാത്രമല്ല, അതിന് കര്‍മങ്ങളില്‍ പ്രകടമാവുന്ന ഒരു ബാഹ്യപ്രകാശനംകൂടിയുണ്ട്. മതത്തിലുള്ള വിശ്വാസം മാത്രമല്ല, മതത്തിന്റെ ഭാഗമായി മതവിശ്വാസങ്ങള്‍ അനുധാവനം ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലുള്ള കര്‍മങ്ങള്‍കൂടി ഭരണഘടന സംരക്ഷിക്കുന്നതായി രാതിലാല്‍ പനാചന്ദ് ഗാന്ധി വേഴ്‌സസ് ദി സ്റ്റേറ്റ് ഓഫ് ബോംബെയും മറ്റുള്ളവരും എന്ന കേസില്‍ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.
ഭരണഘടന ഖണ്ഡിക 19(1) (എ) എല്ലാ പൗരന്മാര്‍ക്കും സംസാരത്തിനും ആശയപ്രകാശനത്തിനുമുള്ള സ്വാതന്ത്ര്യം നല്‍കുന്നു. മതപരമായ നിര്‍ദേശത്തിനനുസൃതമായി വസ്ത്രധാരണമെന്നത് ഒരു വ്യക്തിയുടെ ആ മതത്തിലുള്ള വിശ്വാസത്തിന്റെ ഭാഗവും അതിനാല്‍ 19(1) (എ) മുഖേന സംരക്ഷിതവുമാണ്. ഇന്ത്യയുടെ അഖണ്ഡത, പരമാധികാരം, രാജ്യത്തിന്റെ സുരക്ഷ, വിദേശനാടുകളുമായുള്ള സൗഹൃദബന്ധങ്ങള്‍, പൊതുവ്യവസ്ഥ, ധാര്‍മികത, സഭ്യത എന്നിവയുമായോ അതല്ലെങ്കില്‍ കോടതിയലക്ഷ്യം, അപകീര്‍ത്തിപ്പെടുത്തല്‍, കുറ്റകൃത്യത്തിനുള്ള പ്രേരണ എന്നിവയുടെയോ താല്‍പര്യത്തിനനുസൃതമായി നിയമപരമായി നിയന്ത്രിക്കാം. അതുപോലെത്തന്നെ സ്വതന്ത്രമായി മതം പ്രചരിപ്പിക്കാനും പ്രബോധനം ചെയ്യാനും അനുഷ്ഠിക്കാനുമുള്ള അവകാശവും ഭരണഘടനയുടെ ഖണ്ഡിക 25 പ്രകാരം സംരക്ഷിതമാണ്. അവയിലും പൊതുവ്യവസ്ഥയും ആരോഗ്യവും ധാര്‍മികതയും നിലനിര്‍ത്തുന്നതിനുവേണ്ടി നിയമപരമായി ഇടപെടാം.
ഹിജാബ് എന്നത് മതത്തിന്റെ അവിഭാജ്യഘടകമാണ്. ആരാധനയ്ക്ക് അര്‍ഹനായി അല്ലാഹുവല്ലാതെ മറ്റു ദൈവമില്ലെന്നും പ്രവാചകന്‍ മുഹമ്മദ് ദൈവദൂതനാണെന്നും അംഗീകരിക്കുമ്പോഴാണ് ഒരു വ്യക്തി മുസ്‌ലിം ആവുന്നത്. വിശ്വാസികളുടെ സ്വഭാവം അനുശാസിക്കുന്ന ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ വസ്ത്രധാരണത്തെക്കുറിച്ച് ഓരോ വിശ്വാസിയോടും കല്‍പിക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആന്‍ 33:59, 7:27 സൂക്തങ്ങളില്‍ ഇക്കാര്യം ഖണ്ഡിതമായി ഉണര്‍ത്തുന്നുണ്ട്.
ഒരു മുസ്‌ലിമിനെ മുസ്‌ലിമല്ലാത്ത വ്യക്തിയില്‍നിന്നു വ്യത്യസ്തമാക്കുന്ന ഘടകം ദിവസം അഞ്ചുസമയത്തെ പ്രാര്‍ഥനകള്‍ എന്ന നിര്‍ബന്ധ ആരാധനാകര്‍മമാണ്. പ്രാര്‍ഥനാവേളയില്‍ ഒരു മുസ്‌ലിം പ്രപഞ്ചനാഥനായ അല്ലാഹുവിനെ അഭിമുഖീകരിക്കുന്നു. ഔറത്ത്(നിര്‍ബന്ധമായും മറച്ചിരിക്കേണ്ട ശരീരഭാഗങ്ങള്‍) മറച്ചുകൊണ്ടു മാത്രമേ ഈ പ്രാര്‍ഥനകള്‍ നിര്‍വഹിക്കാനാവൂ. പ്രായപൂര്‍ത്തിയെത്തിയ ഒരു വനിത ശിരോവസ്ത്രം ധരിക്കാതെ നമസ്‌കരിച്ചാല്‍ അത് അല്ലാഹു സ്വീകരിക്കുകയില്ല എന്ന് പ്രവാചകന്‍ അരുളുന്നു. അതിനാല്‍ ഇസ്‌ലാമികമായ രീതിയില്‍ ദേഹം മറയ്ക്കുകയെന്നത് ഒരു വ്യക്തിയുടെ വിശ്വാസത്തിന്റെ അനിവാര്യതയാണ്.
മതപരമായ നിബന്ധനയനുസരിച്ച് വസ്ത്രം ധരിക്കുകയെന്നത് ഒരു വ്യക്തിയുടെ മതവിശ്വാസത്തിന്റെ പ്രകാശനമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ഖണ്ഡിക 19(1) (എ), ഖണ്ഡിക 25 എന്നീ വകുപ്പുകള്‍പ്രകാരം സംരക്ഷിതവുമാണ്. ഭരണഘടനയുടെ പാര്‍ട്ട് 3ല്‍ മൗലികാവകാശങ്ങളെക്കുറിച്ച അധ്യായം ആരംഭിക്കുന്നത് ഖണ്ഡിക 12ല്‍ സ്റ്റേറ്റ് എന്നതിന് നിര്‍വചനം നല്‍കിയാണ്. സ്റ്റേറ്റ് എന്നത് കേന്ദ്രസര്‍ക്കാരിനു കീഴില്‍ ഇന്ത്യന്‍ ഭൂപ്രദേശത്തിനകത്ത് പ്രാദേശികവും മറ്റുമായ എല്ലാ അധികാരകേന്ദ്രങ്ങളും ഉള്‍പ്പെടുന്നതാണ്. പാര്‍ട്ട് 3, ഖണ്ഡിക 13(2)ലൂടെ നല്‍കുന്ന അവകാശങ്ങള്‍ ചുരുക്കുകയോ എടുത്തുകളയുകയോ ചെയ്യുന്ന ഏതൊരു നിയമവും നിര്‍മിക്കുന്നതില്‍നിന്നു ഖണ്ഡിക 13 (2) എല്ലാ അധികൃതര്‍ക്കും പരിധി നിര്‍ണയിക്കുന്നു. ഈ വ്യവസ്ഥയ്ക്കു വിരുദ്ധമായി തയ്യാറാക്കുന്ന ഏതൊരു നിയമവും അത്തരമൊരു ലംഘനം നിലനില്‍ക്കുവോളം സാധുവല്ല എന്നുകൂടി ഖണ്ഡിക 13 (2) പ്രഖ്യാപിക്കുന്നു.
പാര്‍ട്ട് 3ന് കീഴില്‍ ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ നിര്‍വഹണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് രൂപപ്പെടുത്തുന്ന നിയമം എന്നത് കേവലം വകുപ്പുതലത്തിലോ എക്‌സിക്യൂട്ടീവോ ആയ ഒരു നിര്‍ദേശം മാത്രമല്ല, നിര്‍ബന്ധമായും നിയമപ്രാബല്യമുള്ളതായിരിക്കണമെന്ന് ഖരഗ് സിങ് വേഴ്‌സസ് സ്റ്റേറ്റ് ഓഫ് യുപി കേസില്‍ സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇരുകേസുകളിലും സുപ്രിംകോടതി വിധിച്ചത് അത്തരം പരിധികള്‍ കേവലം എക്‌സിക്യൂട്ടീവ് അല്ലെങ്കില്‍ വകുപ്പുതല നിര്‍ദേശം പോരാ, മറിച്ച് ഒരു 'സ്റ്റാറ്റിയൂട്ടിന്റെ പിന്‍ബലമുള്ള നിയമം' ആയിരിക്കണമെന്നാണ്. അഥവാ ഭരണഘടനയുടെ പാര്‍ട്ട് 3ല്‍ ഉള്‍ക്കൊള്ളുന്ന അവകാശങ്ങളുടെ കാര്യങ്ങളില്‍ നിയമം എന്നതിനു നല്‍കിയ നിര്‍വചനം വ്യക്തമായ, നിയമപരമായ പ്രാബല്യമുള്ളതായിരിക്കണം, കേവലം എക്‌സിക്യൂട്ടീവ് ഉത്തരവോ വകുപ്പുതല നിര്‍ദേശമോ പോരാ എന്നതാണ്.
ഭരണഘടന പാര്‍ട്ട് 3ല്‍ സംരക്ഷിച്ച അവകാശങ്ങളുടെ താല്‍പര്യാര്‍ഥം നിയമത്തിനു നല്‍കിയ നിര്‍വചനത്തില്‍ സിബിഎസ്ഇ പുറത്തിറക്കിയ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ വരുന്നില്ല. പ്രവേശനപ്പരീക്ഷ എഴുതുന്നതിന് താല്‍പര്യമുള്ള കുട്ടികള്‍ക്ക് നല്‍കിയ ഒരു നിര്‍ദേശം മാത്രമാണത്. ശിരോവസ്ത്രം തടയുന്ന നിര്‍ദേശം യഥാര്‍ഥത്തില്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍പോലുമല്ല.

(കേരള ഹൈക്കോടതിയില്‍ അഭിഭാഷകനാണ് ലേഖകന്‍.)
Next Story

RELATED STORIES

Share it