Kollam Local

ഡ്രഡ്ജിങ് ഫലപ്രദമല്ല ; നീണ്ടകര ഹാര്‍ബറില്‍ വള്ളങ്ങള്‍ ചളിയില്‍ പുതയുന്നു—



ചവറ: നീണ്ടകര ഫിഷിങ് ഹാര്‍ബറില്‍ ഫലപ്രദമായി ഡ്രഡ്ജിങ് നടത്താത്തത് കാരണം വള്ളങ്ങള്‍ ചളിയില്‍ പുതയുന്നത് നിത്യ സംഭവമാകുന്നു. വേലിയിറക്ക സമയത്ത് വള്ളങ്ങള്‍ കരയിലേക്ക് അടുപ്പിക്കാനാകാത്ത സ്ഥിതിയാണന്ന് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. ഹാര്‍ബറിന്റെ കിഴക്കേ കരയിലാണ് നൂറ് കണക്കിന് വരുന്ന കാരിയര്‍, ഫൈബര്‍ വള്ളങ്ങള്‍ മല്‍സ്യബന്ധനം കഴിഞ്ഞ് അടുപ്പിക്കുന്നത്. എന്നാല്‍ മീറ്ററുകളാളം ഭാഗം ചളി രൂപപ്പെട്ട് കിടക്കുന്നതിനാല്‍ വള്ളങ്ങള്‍ക്ക് കരയിലേക്ക് എത്താനാകുന്നില്ല. മറ്റ് ഭാഗത്ത് ബോട്ടുകള്‍ അടുക്കുന്നതിനാല്‍ വള്ളങ്ങള്‍ കെട്ടിയിടാന്‍ ഇടമില്ലാത്തത് പ്രതിഷേധത്തിനിടയാക്കുയാണ്. വള്ളക്കാരും  ബോട്ടുകാരും തമ്മില്‍ ഇതുമൂലം വാക്കേറ്റവും സംഘര്‍ഷവും നിത്യ സംഭവവുമാണ്. നിരവധി തവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ പരാതികള്‍ നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലന്ന് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. കോടിക്കണക്കിന് രൂപ ചെലവഴിച്ച് എല്ലാ വര്‍ഷങ്ങളിലും ഡ്രഡ്ജിങ് നടത്താറുണ്ടെങ്കിലും ഹാര്‍ബറിലേക്ക് എത്തുന്ന ഭാഗങ്ങളില്‍ വള്ളങ്ങളും ബോട്ടുകളും പുതയുന്നത് നിത്യ സംഭവമാണ്. വേലിയറക്ക സമയത്ത് കായലിന്റെ കിഴക്കേ തീരം കര പോലെയാണ് ചളി രൂപപ്പെടുന്നത്. മണ്‍സൂണ്‍ കാല ട്രോളിങ് നിരോധന കാലത്തെങ്കിലും ഫലപ്രദമായി ഡ്രഡ്ജിങ് നടത്തണമെന്ന ആവശ്യത്തിലാണ് വള്ളങ്ങളിലെ മല്‍സ്യത്തൊഴിലാളികള്‍.
Next Story

RELATED STORIES

Share it