ഡ്രഡ്ജിങ് കടലില്‍ വിനാശം വരുത്തിയെന്ന് പുതിയ റിപോര്‍ട്ട്

എം ബി ഫസറുദ്ദീന്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന കേസിലെ ഹരജികള്‍ ഇന്നു പരിഗണിക്കുമ്പോള്‍, വിഴിഞ്ഞം തീരപ്രദേശത്തെ ഡ്രഡ്ജിങ് കടലിന്റെ അടിത്തട്ടിലെ ആവാസവ്യവസ്ഥയ്ക്ക് കനത്ത നാശംവിതച്ചതായി പുതിയ പഠന റിപോര്‍ട്ട് പുറത്തുവന്നു. പദ്ധതിപ്രദേശത്ത് കടലില്‍ 500 മീറ്റര്‍ പരിധിയില്‍ എഫ്എംഎല്‍ (ഫ്രന്റ്‌സ് ഓഫ് മറൈന്‍ ലൈഫ്) എന്ന സ്വതന്ത്ര ഗവേഷക സംഘടന നടത്തിയ പരിശോധനയിലാണ് പാരിസ്ഥിതിക നഷ്ടത്തിന്റെ ആഘാതം പുറത്തുവന്നത്.
മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ അടുത്തിടെയുണ്ടായ മാറ്റത്തെക്കുറിച്ചു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണു പഠനം. ഒരു മാസക്കാലമായി നീളുന്ന ഡ്രഡ്ജിങ് മൂലം പാരിസ്ഥിതിക അതിലോല പ്രദേശമായ വിഴിഞ്ഞത്ത് സംരക്ഷിതവിഭാഗത്തില്‍പ്പെട്ട ജീവിവര്‍ഗങ്ങള്‍ മരണത്തോട് മല്ലടിക്കുന്നതായി കടലിന്റെ അടിത്തട്ടി ല്‍നിന്നു ലഭിച്ച ദൃശ്യങ്ങള്‍ പറയുന്നു. കടലില്‍ ഡ്രഡ്ജിങ് തുടങ്ങിയതോടെ നൂറുകണക്കിനു വരുന്ന കക്ക-ചിപ്പി വാരല്‍ തൊഴിലാളികള്‍ക്ക് കടലില്‍ പോവാന്‍ കഴിയാത്തതിനാല്‍ കടുത്ത തൊഴിലില്ലായ്മയും മറ്റും തീരദേശത്തെ ജനജീവിതത്തെ ബാധിച്ചതായി പഠനം പറയുന്നു.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും തുറമുഖക്കമ്പനിയും നല്‍കിയ ഹരജിയില്‍ തീര്‍പ്പുകല്‍പ്പിക്കും മുമ്പ് തുറമുഖത്തിന്റെ നിര്‍മാണം തുടങ്ങിയത് നിയമവിരുദ്ധമാണ്. അതിനാല്‍ നിര്‍മാണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ ആന്റോ ഏലിയാസ്, ജോസഫ് വിജയന്‍ എന്നിവര്‍ പുതിയ ഹരജി നല്‍കി. വിഴിഞ്ഞം പദ്ധതിയുടെ പാരിസ്ഥിതികാഘാത പഠന റിപോര്‍ട്ടിന്റെ പ്രശ്‌നങ്ങളും തീരദേശ പരിപാലന നിയമത്തിന്റെ ലംഘനങ്ങളും വിഴിഞ്ഞം തീരപരിസ്ഥിതിയുടെ സങ്കീര്‍ണതയും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
തുറമുഖം നിര്‍മിക്കുന്നത് പദ്ധതിയുടെ സമീപ തീരദേശങ്ങളില്‍ വസിക്കുന്ന പതിനായിരക്കണക്കിന് ആളുകളുടെ വാസസ്ഥലങ്ങളെയും തൊഴിലിനെയും ദോഷകരമായി ബാധിക്കുമെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍, ഹരജികള്‍ പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ പിന്മാറിയതിനെ തുടര്‍ന്ന് കേസ് പുതിയ ബെഞ്ച് പരിഗണിക്കുന്നത് സര്‍ക്കാരിന് തുണയാവും.
പദ്ധതിക്ക് വിരുദ്ധമായി കോടതിയില്‍നിന്ന് നടപടിയുണ്ടായാല്‍ നിര്‍മാണം നടക്കുന്ന സ്ഥലം പൂര്‍വസ്ഥിതിയിലാക്കിനല്‍കുമെന്ന് സംസ്ഥാന സര്‍ക്കാരും തുറമുഖക്കമ്പനിയും കഴിഞ്ഞ തവണ ഉറപ്പുനല്‍കിയത് വാദിഭാഗം അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ചോദ്യംചെയ്തിരുന്നു. വിഴിഞ്ഞത്തെ പരിസ്ഥിതി പൂര്‍വസ്ഥിതിയിലാക്കാമെന്ന സര്‍ക്കാരിന്റെയും കമ്പനിയുടെയും ദുര്‍ബലമായ വാദം പുതിയ ബെഞ്ച് തള്ളിയാല്‍ പദ്ധതി പ്രതിസന്ധിയിലാവും.
പരിസ്ഥിതി അനുമതിക്കെതിരായ ഹരജികള്‍ ഡല്‍ഹി ബെഞ്ചില്‍ കേള്‍ക്കാതെ ചെന്നൈ ബെഞ്ചിലേക്ക് മാറ്റണമെന്നു മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിലൂടെ സര്‍ക്കാരിനും കമ്പനിക്കും കൂടുതല്‍ സാവകാശം ലഭിക്കാനാണു സാധ്യത. അതേസമയം ആന്റോ ഏലിയാസും ജോസഫ് വിജയനും കേസില്‍ കക്ഷിയല്ലെന്നും അവരുടെ ആവശ്യം പരിഗണിക്കരുതെന്നും തുറമുഖക്കമ്പനിയും സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിക്കാന്‍ വിസമ്മതിച്ചത് ശ്രദ്ധേയമാണ്. നിയമപോരാട്ടങ്ങള്‍ക്കിടയിലും വിഴിഞ്ഞത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
Next Story

RELATED STORIES

Share it