ഡ്യൂട്ടിയില്‍ നിന്ന് കാരണമില്ലാതെ വിട്ടുനിന്നാല്‍ ദൂരേക്കു സ്ഥലംമാറ്റം

എച്ച്   സുധീര്‍

തിരുവനന്തപുരം: ജീവനക്കാരുടെ നിസ്സഹകരണം മൂലം സര്‍വീസുകള്‍ മുടങ്ങുന്ന സാഹചര്യത്തില്‍ കടുത്ത നടപടികളുമായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് രംഗത്ത്. മതിയായ കാരണങ്ങളില്ലാതെ അവധിയെടുക്കുന്നവര്‍ക്കെതിരേ ഇനി മുതല്‍ കര്‍ശന നടപടി സ്വീകരിക്കാനാണു തീരുമാനം. ജോലിക്ക് ഹാജരാവാത്തവരെ അന്നേദിവസം തന്നെ വിദൂര ജില്ലയിലേക്കു സ്ഥലംമാറ്റും. ഇതു സംബന്ധിച്ച നിര്‍ദേശങ്ങളടങ്ങിയ സിഎംഡി എ ഹേമചന്ദ്രന്റെ സര്‍ക്കുലര്‍ എല്ലാ യൂനിറ്റ്, മേഖല അധികാരികള്‍ക്കും സ്‌ക്വാഡ് യൂനിറ്റുകള്‍ക്കും ചീഫ് ഓഫിസ് മേധാവികള്‍ക്കും ഇന്നലെ കൈമാറി. കെഎസ്ആര്‍ടിസിയുടെ എല്ലാ യൂനിറ്റുകളിലും ഷെഡ്യൂള്‍ പ്രകാരമുള്ള ബസ്സുകളുടെ ഇരട്ടിയിലധികം ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും നിലവിലുണ്ടെന്നു സിഎംഡി സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലും ജീവനക്കാരുടെ കുറവു കാരണം ഏതെങ്കിലും സര്‍വീസ് നടത്താതിരിക്കുന്നതു ഗുരുതരമായി കാണണം. ചില ഉദ്യോഗസ്ഥര്‍ നിരുത്തരവാദപരമായി ഡ്യൂട്ടിയില്‍ നിന്നു വിട്ടുനില്‍ക്കുന്നതിനാല്‍ സര്‍വീസ് ഒഴിവാക്കേണ്ടി വരുന്നു. നിസ്സാര കാര്യങ്ങളുടെ പേരില്‍ എളുപ്പത്തില്‍ സംഘടിപ്പിക്കാവുന്ന മെഡിക്കല്‍ ലീവാണ് ഇത്തരക്കാരുടെ പ്രധാന ആയുധം. ഇത്തരം ദുഷ്പ്രവണതകള്‍ വച്ചുപൊറുപ്പിക്കാനാവില്ലെന്നും സിഎംഡി മുന്നറിയിപ്പു നല്‍കി. അനധികൃതമായി അവധി എടുക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍- വിജിലന്‍സ് (ഇഡിവി), എക്‌സിക്യൂട്ടീവ് ഡയറക്ടര്‍- ഓപറേഷന്‍സ് (ഇഡിഒ), എക്‌സിക്യൂട്ടീവ് ഡയറക്ടര്‍- അഡ്മിനിസ്‌ട്രേഷന്‍ (ഇഡിഎ) എന്നിവരെയും ചുമതലപ്പെടുത്തി. ഏതെങ്കിലും യൂനിറ്റില്‍ ജീവനക്കാരുടെ കുറവുകാരണം സര്‍വീസ് മുടങ്ങിയാല്‍ യൂനിറ്റ് മേധാവികള്‍ ആ വിവരങ്ങള്‍ രേഖാമൂലം അന്നേദിവസം ഉച്ചയ്ക്ക് 12നു മുമ്പ് ഇഡിഒ, ഇഡിവി എന്നിവര്‍ക്കു നല്‍കണം. പരാതിയുള്ള യൂനിറ്റില്‍ ഇഡിവി അന്നുതന്നെ അന്വേഷണം നടത്തി അനധികൃതമായും മതിയായ കാരണമില്ലാതെയും ഡ്യൂട്ടിയില്‍ നിന്നു വിട്ടുനില്‍ക്കുന്നവരെ സംബന്ധിക്കുന്ന റിപോര്‍ട്ട് ഇഡിഎക്ക് കൈമാറണം. ഇഡിഎ അത്തരം നിരുത്തരവാദികളായ ഉദ്യോഗസ്ഥരെ അന്നേ ദിവസം തന്നെ വിദൂര ജില്ലകളിലേക്കു സ്ഥലംമാറ്റി ഉത്തരവ് ഇറക്കണമെന്നുമാണു നിര്‍ദേശം. ഉത്തരവിന്റെ പകര്‍പ്പ് സിഎംഡിക്ക് നല്‍കണം. മറ്റു അച്ചടക്ക നടപടികള്‍ ആവശ്യമായുള്ളത് ഇഡിവി സ്വീകരിക്കും. ഡ്യൂട്ടി പരിഷ്‌കരണം ഉള്‍പ്പെടെയുള്ള മാനേജ്‌മെന്റിന്റെ നിലപാടുകള്‍ക്കെതിരേ തൊഴിലാളി യൂനിയനുകള്‍ അതൃപ്തിയിലാണ്. ഇതേത്തുടര്‍ന്നു മെല്ലപ്പോക്ക് സമരം ഉള്‍പ്പെടെ നടത്തിയതോടെ ദീര്‍ഘദൂര സര്‍വീസുകള്‍ വരെ മുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണു കര്‍ശന നടപടിയുമായി മാനേജ്‌മെന്റ് മുന്നോട്ടുവന്നത്.
Next Story

RELATED STORIES

Share it