Flash News

ഡോ. ഹാദിയ : സര്‍ക്കാര്‍ നിസ്സംഗത വെടിയണം-എസ്‌കെഎസ്എസ്എഫ്‌



കോഴിക്കോട്: അതീവ ഗുരുതരമായ മനുഷ്യാവകാശലംഘനമാണ് ഹാദിയ അനുഭവിക്കുന്നതെന്ന് ഇപ്പോള്‍ പുറത്തുവന്ന വീഡിയോ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഭരണനേതൃത്വം നിസ്സംഗത വെടിഞ്ഞു ഹാദിയയുടെ സംരക്ഷണത്തിനു തയ്യാറാവണമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. നേരത്തേ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന വെളിപ്പെടുത്തല്‍. കോടതി നിര്‍ദേശപ്രകാരം സംരക്ഷണമേറ്റെടുത്ത പിതാവ് തന്നെ തന്റെ ജീവന് ഭീഷണിയാവുന്നുവെന്നു നിസ്സഹായതയോടെ ഒരു പെണ്‍കുട്ടി വിളിച്ചുപറഞ്ഞിട്ടും അതിനെക്കുറിച്ചു മൗനം പാലിക്കുന്നത് കേരളത്തിന് അപമാനമാണ്. മതനിരപേക്ഷ പക്ഷത്ത് ഉറച്ചുനില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന സംസ്ഥാന സര്‍ക്കാര്‍ ഹാദിയ വിഷയത്തില്‍ കാണിക്കുന്ന അലംഭാവം അപകടകരമാണ്. കോടതിവിധിയിലെ സാങ്കേതികതയുടെ മറവില്‍ ഒരു പൗരയുടെ അവകാശം നിഷേധിക്കപ്പെടുന്നത് ഇനിയും തുടര്‍ന്നുകൂടാ. മനോനില അപകടത്തിലാവുന്ന മരുന്നുപ്രയോഗം വരെ നടക്കുന്നുവെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ വിദഗ്ധ അന്വേഷണം അനിവാര്യമാണ്.ഡോ. ഹാദിയയുടെ ആരോഗ്യനില പരിശോധിക്കാനും വിദഗ്ധ ചികില്‍സ നല്‍കാനും ഭരണകൂടം സന്നദ്ധമാവണമെന്നു സെക്രട്ടേറിയറ്റ് ആവശ്യപ്പട്ടു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഫൈസി ഓണമ്പിള്ളി, കെ എന്‍ എസ് മൗലവി, സയ്യിദ് അബ്ദുല്ല തങ്ങള്‍ ആലപ്പുഴ, ബഷീര്‍ ഫൈസി ദേശമംഗലം, ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍, ഹബീബ് ഫൈസി കോട്ടോപാടം, ഇബ്രാഹീം ഫൈസി ജെഡിയാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it